Controversy | പൊലീസ് പിണറായിക്ക് പണികൊടുത്തത് എങ്ങനെയെന്നറിയാമോ?

 
Allegations of Police Misconduct Shake Kerala Politics

Photo Credit: Facebook/ Pinarayi Vijayan

* സ്വർണക്കടത്ത്, കൊലപാതകം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ ഒരു ഉദ്യോഗസ്ഥന് പങ്കുണ്ടെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്.
* ഈ വിഷയം സിപിഎം നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു

അർണവ് അനിത 
 

(KVARTHA) സാധാരണ ഇടതുപക്ഷം അധികാരത്തിലേറുമ്പോള്‍ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളായിരിക്കും അവിടങ്ങളിലെ പൊലീസ് സ്റ്റേഷനുകള്‍ ഭരിക്കുകയെന്നാണ് ആരോപണം. അതിനെതിരെ വ്യാപകമായ ആക്ഷേപങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. ഇ.കെ നായനാരുടെ കാലത്തൊക്കെ അത് വലിയ വിവാദമായിരുന്നു. വി.എസിന്റെ കാലത്ത് എം.വി ജയരാജന്‍ സ്റ്റേഷനില്‍ കയറി പൊലീസിനെ വിരട്ടിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. പൊതുസമൂഹവും പ്രതിപക്ഷവും ഇതിനെ ശക്തമായി എതിര്‍ത്തിരുന്നു. സിപിഎമ്മുകാര്‍ക്ക് മാത്രം നീതി ലഭിക്കുന്നു എന്നതായിരുന്നു അതിന് കാരണം. 

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും സമാനമായ കാര്യങ്ങളുണ്ടായി. അതുകൊണ്ടാണ് രണ്ടാം പിണറായി സര്‍ക്കാര്‍ പൊലീസിനെ പ്രൊഫഷണലാക്കാന്‍ തീരുമാനിച്ചത്. നേതാക്കള്‍ പൊലീസ് സ്റ്റേഷന്‍ ഭരിക്കേണ്ടെന്നായിരുന്നു തീരുമാനം. മറ്റൊരു സംസ്ഥാനത്തും നടപ്പാക്കാത്ത കാര്യമായിരുന്നു. പാര്‍ട്ടിക്കാര്‍ക്ക് മുറുമുറുപ്പുണ്ടായിരുന്നെങ്കിലും നേതൃത്വം പറഞ്ഞതിന് അവര്‍ വഴങ്ങി. 

എന്നാല്‍ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രി എഡിജിപി എംആര്‍ അജിത് കുമാറിന്റെ സഹായം തേടിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നതാണ്. ഇതുമായി ബന്ധപ്പെട്ട്, അന്ന് വിജിലന്‍സ് മേധാവിയായിരുന്ന അജിത് കുമാര്‍ 17 തവണയാണ് കിരണ്‍ ദാസ് എന്ന വ്യക്തിയെ വിളിച്ചത്. ഈ ആരോപണം ശക്തമായതോടെ അജിത് കുമാറിന്റെ തൊപ്പി സര്‍ക്കാര്‍ തെറിപ്പിച്ചിരുന്നു. നാല് മാസത്തിന് ശേഷം ക്രമസമാധാന ചുമതലയുള്ള എഡിജിപിയായാണ് അജിത് കുമാര്‍ തിരികെയെത്തിയത്. 

എഡിജിപിയും മറ്റ് ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വര്‍ണക്കടത്ത്, സ്വര്‍ണം പൊട്ടിക്കല്‍, കൊലപാതകം, പൂരംകലക്കല്‍, കസ്റ്റഡി മരണം, വ്യവസായിയുടെ തിരോധാനം എന്നിവ നടത്തിയെന്ന വിവരമാണ് പിവി അന്‍വര്‍ എം.എല്‍എ പുറത്തുവിട്ടത്, അതും ഭരണകക്ഷിയിലെ സ്വതന്ത്രന്‍. അതിനെതിരെ പാര്‍ട്ടിയില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ ഒരപശബ്ദവും ഉണ്ടായില്ല എന്നത് ശ്രദ്ധേയമാണ്. മാത്രമല്ല മുഖ്യമന്ത്രി പൊതുവേദിയില്‍ അന്വേഷണം പ്രഖ്യാപിക്കുകയും പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെ പാര്‍ട്ടി അന്വേഷണം നടത്തുകയും ചെയ്യുന്നു.

പിവി അന്‍വറിന് സിപിഎമ്മിലെ പ്രബല വിഭാഗത്തിന്റെ ശക്തമായ പിന്തുണയുണ്ട്, അവരാരും പരസ്യമായി രംഗത്ത് വരുന്നില്ലെന്ന് മാത്രം. ഇന്ത്യയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരെ ഇതിന് മുമ്പ് ഇത്തരം കാര്യങ്ങള്‍ ആരും ഉന്നയിച്ചിട്ടില്ല, സര്‍വീസില്‍ നിന്ന് പിരിച്ചുവിടുക മാത്രമല്ല, തടവ് ശിക്ഷ ലഭിക്കേണ്ട കുറ്റങ്ങളാണ്  എഡിജിപി ചെയ്തതെന്നാണ് അന്‍വര്‍ പറയുന്നത്. അതുകൊണ്ട് ഈ അന്വേഷണം ഡിജിപിയുടെ നേതൃത്വത്തില്‍, എഡിജിപി അജിത്കുമാറിന് താഴെ റാങ്കിലുള്ള ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷിപ്പിച്ചിട്ട് യാതൊരു കാര്യവുമില്ല. കാരണം ക്രമസമാധാന ചുമതലയുള്ള എഡിജിപി നടത്തിയെന്ന് പറയുന്ന കുറ്റകൃത്യങ്ങള്‍ക്ക് അത്രയ്ക്ക് ഗൗരവമുണ്ട്.  

മലയാളിയുടെ വ്യക്തി ജീവിതത്തിനും സ്വാതന്ത്ര്യത്തിനും വസ്തുക്കള്‍ക്കും കിടപ്പാടത്തിനും സുരക്ഷ ഉറപ്പാക്കേണ്ട ഒരു ഉന്നത ഉദ്യോഗസ്ഥനാണ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. ഈ സംഭവം പെട്ടെന്നൊരു ദിവസം ഉണ്ടായതല്ല, പൊലീസിനെതിരെയുള്ള പരാതികള്‍ പാര്‍ട്ടിക്കാര്‍ നിരന്തരം പി ശശിയെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. മലപ്പുറത്ത് പൊലീസിന്റെ ഉപദ്രവം സഹിക്കാതെ കല്ല് വെട്ട് തൊഴിലാളികള്‍ പാര്‍ട്ടിയേയും പിവി അന്‍വര്‍ എംഎല്‍എയെയും അറിയിച്ചിരുന്നു. അന്ന് സുജിത് ദാസ് ആയിരുന്നു മലപ്പുറം എസ്പി. 

എന്നാല്‍ എംഎല്‍എയ്ക്കും പാര്‍ട്ടിക്കാര്‍ക്കും പുല്ലുവിലയാണ് എസ്പി നല്‍കിയത്. സുജിത് ദാസിന് പകരം വന്ന എസ്പി ശശിധരനും ഇതേ നിലപാടാണ് എടുത്തത്. അങ്ങനെയാണ് ശശിധരനെ പൊതുവേദിയില്‍ ഇരുത്തിക്കൊണ്ട് എംഎല്‍എ ആദ്യത്തെ വെടിപൊട്ടിച്ചത്. അതിന് ശേഷമാണ് എസ്പിയുടെ ക്യാമ്പ് ഓഫീസിനെ മരംമുറിച്ച് കടത്തിയത് സുജിത് ദാസ് ആണെന്ന് ബോധ്യപ്പെട്ടതും അയാളെ സംരക്ഷിക്കുന്നത് എഡിജിപി എംആര്‍ അജിത് കുമാറാണെന്ന് അറിയുന്നതും. അങ്ങനെ അന്‍വര്‍ ഇവരെ പറ്റി അന്വേഷിച്ചപ്പോള്‍ ലഭിച്ച വിവരങ്ങളാണ് ഇപ്പോള്‍ പുറത്തായത്.

സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയത് പൂരം കലക്കിയതും അടുത്തിടെ പാലക്കാട് നടന്ന, ആര്‍എസ്എസ് സമന്വയ ബൈഠക് വേദിയില്‍ എഡിജിപി എംആര്‍അജിത് കുമാര്‍ ചെന്നെന്നും അഭിവാദ്യം അര്‍പ്പിച്ചെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞതുമാണ്. അത് അന്വേഷിച്ചേ മതിയാവൂ. എന്തുകൊണ്ടാണ് ഈ ഉദ്യോഗസ്ഥന് ഇങ്ങിനെയൊക്കെ ചെയ്യാന്‍ കഴിയുന്നത്, ആരാണ് ഇയാള്‍ക്ക് സംരക്ഷണം ഒരുക്കുന്നത്. ഇയാളുടെ കീഴിലുള്ള ഒരുപറ്റം ഉദ്യോഗസ്ഥര്‍ പൊലീസിനും സര്‍ക്കാരിനും വലിയ നാണക്കേട് ഉണ്ടാക്കിയെന്ന് മാത്രമല്ല, ജനങ്ങളെ പാര്‍ട്ടിയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും അകറ്റുകയും സാധാരണക്കാര്‍ക്ക് ആശ്രയിക്കാന്‍ കഴിയാത്തവിധത്തില്‍ പൊലീസ് സംവിധാനത്തെ മാറ്റുകയും ചെയ്തു. 

ഇതെല്ലാം കാര്യക്ഷമമായി നടത്തേണ്ട പൊളിറ്റിക്കല്‍ സെക്രട്ടറിയാകട്ടെ വലിയ പരാജയമായി മാറിയിരിക്കുന്നു. അത് മുഖ്യമന്ത്രിയുടെ പ്രതിച്ഛായയെ കാര്യമായി ബാധിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വലിയ പരാജയത്തിന് പോലും കാരണമായി എന്ന് രാഷ്ട്രീയ ആയുധം കൂടിയാണ് ഉയര്‍ന്നിരിക്കുന്നത്. അതുകൊണ്ട് ഇത് ഒരു ദിവസം പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ട വിപ്ലവമല്ല, വളരെ ആസൂത്രണത്തോടെ ചെയ്യുന്ന കാര്യമാണെന്ന് വ്യക്തമാണ്. സിപിഎം സമ്മേളനങ്ങള്‍ ആരംഭിച്ച് കഴിഞ്ഞതിനാല്‍ ഈ വിഷയം ഇനിയും ചര്‍ച്ച ചെയ്യപ്പെടും. 

പൊളിറ്റിക്കല്‍ സെക്രട്ടറി എത്ര താഴ്ചയില്‍ വീണാലും ഉയര്‍ന്നുവരാന്‍ കെല്‍പ്പുള്ളയാളാണ്. സമ്മേളനത്തോടെ അദ്ദേഹം കൂടുതല്‍ കരുത്തനാകുന്നത് തടയേണ്ടത് പലരുടെയും ആവശ്യമാണ്. അതിനൊപ്പം പൊലീസിലെ വഴിവിട്ട കാര്യങ്ങള്‍ക്ക് തടയിടുകയും വേണം. ഇതില്‍ ഏതെങ്കിലും ഒന്ന് സാധ്യമാക്കിയാല്‍ എം.വി ഗോവിന്ദന്‍ മാസ്റ്റര്‍  പാര്‍ട്ടിയില്‍ ശക്തനാകും. ഇ.പി ജയരാജന്‍ ഏതാണ്ട് പുറത്തായ സാഹചര്യത്തില്‍ ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് എതിരാളിയായി ആരുമില്ല. അതുകൊണ്ട് അന്‍വറിന്റെ വെടിപൊട്ടിക്കല്‍ ഒരു ബ്രഹ്‌മാസ്ത്രമായി മാറാനാണ് സാധ്യത.

#KeralaPolitics #PoliceCorruption #PinarayiVijayan #India

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia