K Sudhakaran | കോൺഗ്രസിൻ്റെ വോട്ട് ഈട് വെച്ചാണ് പിണറായി തൃശൂർ ബിജെപിക്ക് കൊടുത്തതെന്ന് സുധാകരൻ പറയാഞ്ഞത് ഭാഗ്യം
ഇക്കുറി കോൺഗ്രസിന് തൃശൂരിൽ ഒരു ലക്ഷത്തോളം വോട്ട് കുറഞ്ഞപ്പോൾ എൽ.ഡി.എഫിന് അവിടെ കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കൂടുകയാണ് ചെയ്തത്
ആരോൺ മാത്യു
(KVARTHA) ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ ഫലം വന്നതിന് ശേഷം തൃശൂരിൽ ബി.ജെ.പി ജയിച്ചതിന് കാരണം സി.പി.എമ്മും മുഖ്യമന്ത്രി പിണറായി വിജയനുമാണെന്ന് കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരൻ്റെ പ്രസ്താവനയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിലെങ്ങും ചർച്ചയാകുന്നത്. ശരിക്കും കെ.പി.സി.സി പ്രസിഡൻ്റിന് സ്വബോധം നഷ്ടമായോ എന്ന് ചിന്തിക്കുന്നവരും ഇപ്പോൾ ഏറെയാണ്. തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ വിജയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കെ സുധാകരന്‍ കടന്നാക്രമിച്ചിരിക്കുകയാണ്.
ലാവ്‌ലിനും മാസപ്പടിയും കരുവന്നൂരും ഒതുക്കാനുള്ള രാഷ്ട്രീയക്കച്ചവടത്തില്‍ പിണറായി വിജയന്‍ തൃശ്ശൂരിനെ സംഘപരിവാറിന് അടിയറവ് വെച്ചുവെന്നാണ് കെ സുധാകരന്‍ ആരോപിക്കുന്നത്. ഇത് എന്ത് കണ്ടിട്ടാണെന്നാണ് മനസിലാകാത്തത്. പോയത് എല്ലാം കോൺഗ്രസിന്റെ വോട്ടാണ് എന്ന് ആർക്കാണ് അറിയാത്തത്. തൃശൂർ ബി.ജെ.പി എടുത്തതല്ല. കോൺഗ്രസ് കൊണ്ടുപോയി കൊടുത്തതാണ്. തൃശൂരിൽ കഴിഞ്ഞ ലോക്സഭാ ഇലക്ഷനിൽ എൽ.ഡി.എഫ് വോട്ട് 321456, ഇപ്രാവശ്യം - 327405, കോൺഗ്രസ് കഴിഞ്ഞ ഇലക്ഷനിൽ 415089 ഇപ്രാവശ്യം 319380. ഒരു ലക്ഷം വോട്ട് ബിജെപിക്ക് നൽകി ബിജെപിയെ ജയിപ്പിച്ചു കോൺഗ്രസുകാർ മാതൃകയായി എന്ന് വേണം പറയാൻ.
ഇക്കുറി കോൺഗ്രസിന് തൃശൂരിൽ ഒരു ലക്ഷത്തോളം വോട്ട് കുറഞ്ഞപ്പോൾ എൽ.ഡി.എഫിന് അവിടെ കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കൂടുകയാണ് ചെയ്തത്. കഴിഞ്ഞ തവണ യു.ഡി.എഫ് ഒന്നാമത് എത്തിയ ലോക്സഭാ മണ്ഡലമായിരുന്നു തൃശൂർ എന്നോർക്കണം. അവിടെയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്ത് പോയത്. മുരളി വിജയിക്കുകയും സുനില്‍ കുമാര്‍ മൂന്നാം സ്ഥാനത്താവുകയും ചെയ്തിരുന്നു എങ്കില്‍ ഈ പറയുന്നതില്‍ കാര്യമുണ്ടായിരുന്നു. മുരളി രണ്ടാം സ്ഥാനത്ത് ആയാല്‍ പോലും ന്യായം ഉണ്ടായിരുന്നു. എന്തിനാ കോൺഗ്രസ് സുരേഷ്‌ഗോപിക്ക് ഒരു ലക്ഷം വോട്ട് നൽകി ലീഡറുടെ തട്ടകത്തിൽ മുരളീധരനെ തോല്പിച്ചത് എന്നാണ് കെ.പി.സി.സി പ്രസിഡൻ്റ് വ്യക്തമാക്കേണ്ടത്.
പിണറായി പറഞ്ഞാൽ കേൾക്കുന്നവരാണോ തൃശൂരിലെ കോൺഗ്രസ്സുകാർ. അങ്ങനെയെങ്കിൽ മുഖ്യമന്ത്രി വലിയ കേമൻ ആണല്ലോ. ഇപ്പോൾ സംശയിക്കേണ്ടത് മുഖ്യമന്ത്രിയെ അല്ല കോൺഗ്രസിലെ ചില നേതാക്കളെയാണ്. മറ്റ് ലോക് സഭാ മണ്ഡലങ്ങളിൽ വിജയിക്കുവാൻ തൃശൂരിൽ കെ മുരളീധരനെ കുരുതി കൊടുക്കുവായിരുന്നോ എന്ന് സംശയിക്കുന്നവരും ഏറെയാണ്. കണ്ണൂർ പോലെയുള്ള ലോക് സഭാ മണ്ഡലത്തിൽ കെ സുധാകരൻ തോൽക്കാൻ സാധ്യതയെന്നായിരുന്നു ആദ്യ ട്രെൻ്റ്. പിന്നീട് ബി.ജെ.പി വോട്ടുകൾ സുധാകരൻ്റെ പാളയത്തിൽ എത്തുമെന്നും കേട്ടു.
ഇങ്ങനെയൊക്കെ ചേർത്തുവായിക്കുമ്പോൾ ബി.ജെ.പി യുമായി ഡീൽ നടത്തിയത് സി.പി.എം അല്ല കോൺഗ്രസുകാർ ആയിരുന്നെന്ന് സംശയിക്കേണ്ടി വരും. കാരണം, ഇനി കോൺഗ്രസ് ദേശീയ തലത്തിൽ അധികാരത്തിൽ എത്തില്ലെന്ന് കരുതി ബി.ജെ.പി യിലേയ്ക്ക് ചാടാൻ കാത്തിരുന്ന വലിയൊരു കൂട്ടം കോൺഗ്രസ് നേതാക്കളുടെ വാസസ്ഥലമാണ് കേരളം. അത് ഒളിഞ്ഞും തെളിഞ്ഞുമായി പലരുടെയും പ്രസ്താവനകളിലൂടെ പുറത്തുവരികയും ചെയ്തിരുന്നു. എന്തായാലും കോൺഗ്രസിൻ്റെ ഒരു ലക്ഷത്തിന് മേലെ ഉള്ള വോട്ട് ഈട് വെച്ചാണ് പിണറായി തൃശ്ശൂർ സംഘികൾക്ക് കൊണ്ടുപോയി കൊടുത്തത് എന്ന് കെ സുധാകരൻ പറയാതിരുന്നത് ഭാഗ്യം.