NCP | അജിത് പവാറിൻ്റെ എൻസിപിക്ക് കാബിനറ്റ് മന്ത്രിസ്ഥാനമില്ല, തിരിച്ചടി; സഹമന്ത്രിസ്ഥാനം വേണ്ടെന്ന് പാർട്ടി


അടുത്ത മന്ത്രിസഭാ വിപുലീകരണം വരെ കാത്തിരിക്കാൻ തയ്യാറാണെന്ന് എൻസിപി അറിയിച്ചതായാണ് റിപ്പോർട്ട്.
ന്യൂഡെൽഹി: (KVARTHA) അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിക്ക് (NCP) പുതിയ നരേന്ദ്ര മോദി സർക്കാരിൽ കാബിനറ്റ് പദവി ലഭിക്കില്ലെന്ന് റിപ്പോർട്ട്. എൻസിപിക്ക് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും കാബിനറ്റ് പദവിയിൽ താൽപ്പര്യമുള്ളതിനാൽ പാർട്ടി അത് സ്വീകരിച്ചില്ലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
അതേസമയം നരേന്ദ്ര മോദി മന്ത്രിസഭയിൽ എൻസിപിക്ക് കാബിനറ്റ് മന്ത്രി സ്ഥാനം നൽകേണ്ടതായിരുന്നുവെന്ന് അജിത് പവാർ പ്രതികരിച്ചു. 'പ്രഫുൽ പട്ടേൽ മുമ്പ് കാബിനറ്റ് മന്ത്രിയായിരുന്നു. കേന്ദ്ര സർക്കാരിൽ സഹമന്ത്രി (സ്വതന്ത്ര ചുമതല) സ്ഥാനം ഏറ്റെടുക്കുന്നത് ശരിയല്ലെന്ന് ഞങ്ങൾക്ക് തോന്നി. ഞങ്ങൾ കാത്തിരിക്കാൻ തയ്യാറാണെന്ന് ബിജെപിയോട് പറഞ്ഞു', അജിത് പവാറിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്‌തു.
പാർട്ടിക്ക് ലോക്‌സഭയിൽ ഒരു എംപിയുണ്ട്. രാജ്യസഭയിലും ഒരു എംപിയുണ്ട്. അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളിൽ ഞങ്ങൾക്ക് മൂന്ന് എംപിമാർ രാജ്യസഭയിൽ ഉണ്ടാകും. അങ്ങനെ പാർലമെൻ്റിൽ നാല് എംപിമാരാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത മന്ത്രിസഭാ വിപുലീകരണം വരെ കാത്തിരിക്കാൻ തയ്യാറാണെന്ന് അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപി അറിയിച്ചതായാണ് റിപ്പോർട്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻസിപി ആകെ മത്സരിച്ച നാലിൽ ഒരു സീറ്റ് മാത്രമാണ് നേടിയത്. മഹാരാഷ്ട്രയിലെ 48 ലോക്‌സഭാ സീറ്റുകളിൽ 17 സീറ്റുകളിൽ മാത്രമാണ് എൻഡിഎ സഖ്യത്തിന് വിജയിക്കാനായത്. കോൺഗ്രസ്, മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന, ശരദ് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപി (എസ്പി) എന്നിവരടങ്ങുന്ന പ്രതിപക്ഷമായ മഹാ വികാസ് അഘാഡി 30 സീറ്റുകൾ നേടി കരുത്ത് തെളിയിച്ചു.