Jail Release | പെരിയ ഇരട്ടക്കൊലപാതക കേസിലെ 4 പ്രതികൾ ജയിൽ മോചിതരായി; രക്തഹാരമണിയിച്ച് കണ്ണൂരിലെ നേതാക്കൾ

 
Four accused released from jail in Periya case, CPM leaders welcoming them
Four accused released from jail in Periya case, CPM leaders welcoming them

Photo: Arranged

● തടിച്ചു കൂടിയ പ്രവർത്തകർ ആവേശകരമായ മുദ്രാവാക്യം വിളികളോടെയാണ് ജയിൽ മോചിതരെ സ്വീകരിച്ചു പുറത്തേക്ക്   ആനയിച്ചത്. 
● വലതുപക്ഷ മാധ്യങ്ങള്‍ ഗൂഢാലോചനയില്‍ പങ്കാളികളായെന്ന് പി ജയരാജനും കൂട്ടിച്ചേര്‍ത്തു.
● അപ്പീല്‍ ഫയലില്‍ സ്വീകരിച്ച കോടതി സിബിഐക്ക് നോട്ടീസയച്ചു.

കണ്ണൂർ: (KVARTHA) പെരിയ ഇരട്ട കൊലപാതക കേസിലെ നാല് പ്രതികളുടെ ശിക്ഷാവിധി ഹൈകോടതി സ്‌റ്റേ ചെയ്തതിന് പിന്നാലെ  സിപിഎം നേതാക്കള്‍ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വ്യാഴാഴ്ച രാവിലെ 9.10 ന്  മോചിതരായി. മുൻ എംഎൽഎ കെ വി കുഞ്ഞിരാമന്‍, കെ മണികണ്ഠന്‍, രാഘവന്‍ വെളുത്തോളി, കെ വി ഭാസ്‌കരന്‍ വെളുത്തോളി എന്നിവരാണ് ജയിൽ മോചിതരായത്. 

സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ, കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ തുടങ്ങിയ നേതാക്കൾ ജയിൽമോചിതരെ രക്തഹാരമണിയിച്ചു സ്വീകരിച്ചു. തടിച്ചു കൂടിയ പ്രവർത്തകർ ആവേശകരമായ മുദ്രാവാക്യം വിളികളോടെയാണ് ജയിൽ മോചിതരെ സ്വീകരിച്ചു പുറത്തേക്ക്   ആനയിച്ചത്. പെരിയ ഇരട്ടക്കൊലപാതകകേസിന്റെ വസ്തുതകള്‍ കോടതിയെ ബോധ്യപ്പെടുത്താനായെന്ന്  എം വി ജയരാജന്‍ പറഞ്ഞു. വലതുപക്ഷ മാധ്യങ്ങള്‍ ഗൂഢാലോചനയില്‍ പങ്കാളികളായെന്ന് പി ജയരാജനും കൂട്ടിച്ചേര്‍ത്തു.

സിപിഎമ്മിനെതിരായ ഗൂഢാലോചനയാണ് കേസില്‍ പ്രതികളാകാന്‍ കാരണമെന്ന് പുറത്തിറങ്ങിയ കെ വി കുഞ്ഞിരാമന്‍ പറഞ്ഞു. പൊളിഞ്ഞത് സിബിഐ തയ്യാറാക്കിയ കെട്ടുകഥകളാണെന്നും നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം വര്‍ധിച്ചുവെന്നും കെ വി കുഞ്ഞിരാമന്‍ പറഞ്ഞു. കെ വി കുഞ്ഞിരാമന്‍, കെ മണികണ്ഠന്‍, രാഘവന്‍ വെളുത്തോളി, കെ വി ഭാസ്‌കരന്‍ എന്നിവര്‍ക്ക് സി ബി ഐ കോടതി അഞ്ച് വര്‍ഷം വീതം തടവ് ശിക്ഷ വിധിച്ചിരുന്നു. ഈ വിധിയാണ് ഹൈകോടതി സ്റ്റേ ചെയ്തു നാല് പേര്‍ക്കും ഉടന്‍ ജാമ്യം അനുവദിക്കാന്‍ ഉത്തരവിട്ടത്.

അപ്പീല്‍ ഫയലില്‍ സ്വീകരിച്ച കോടതി സിബിഐക്ക് നോട്ടീസയച്ചു. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാര്‍, ജോബിന്‍ സെബാസ്‌റ്യന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. കുറ്റകൃത്യത്തിലോ ഗുഡാലോചനയിലും ഒരു തരത്തിലും തങ്ങള്‍ പങ്കെടുത്തിട്ടില്ലെന്നും നാല് പേരും അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഐ പി സി 225 പ്രകാരം പ്രതികളെ സഹായിച്ചു എന്നതായിരുന്നു നാല്  പേര്‍ക്കും എത്തിരെയുള്ള കുറ്റാരോപണം. ഇതിന് മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ സി ബി ഐക്ക് കഴിഞ്ഞില്ലെങ്കിലും നാല് പേരെയും വിചാരണ കോടതി ശിക്ഷിക്കുകയായിരുന്നു. ഇതാണ് ഇവർ ഹൈകോടതിയില്‍ ചോദ്യം ചെയ്തത്.

 #PeriyaCase #JailRelease #CPM #KannurNews #CourtStay #PoliticalReactions

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia