Movie | 'ശത്രു ആരായിരുന്നാലും അവർക്കെതിരെ നിങ്ങൾക്കൊരു പിൻഗാമിയുണ്ട്', ഓർമ്മയുണ്ടോ ഈ സിനിമയെ?

 
Pingami


* പിൻഗാമിക്ക് ശേഷം ഒരു വ്യാഴവട്ടക്കാലം കഴിഞ്ഞാണ് സത്യൻ അന്തിക്കാട് - മോഹൻലാൽ കോംബോയിൽ നിന്ന് മറ്റൊരു ചിത്രം ഉണ്ടാകുന്നത്

/ ഡോണൽ മുവാറ്റുപുഴ 

(KVARTHA) രഘുനാഥ് പാലേരിയുടെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പിൻഗാമി റിലീസായിട്ട് 30 വർഷം തികയുന്നു. മോഹൻലാൽ എന്ന നടനെ ഓർക്കുമ്പോൾ പലരുടെയും മനസ്സിൽ ഓടിയെത്തുന്ന ഒരു സിനിമ കൂടിയാണ് പിൻഗാമി. 'ശത്രു ആരായിരുന്നാലും അവർക്കെതിരെ നിങ്ങൾക്കൊരു  പിൻഗാമിയുണ്ട്', ഈ പരസ്യവാചകം പഴയകാലത്ത് ഏറെ ശ്രദ്ധനേടിയ ഒന്നാണ്. പഴയ തലമുറയുടെ മനസ്സിൽ ഈ പരസ്യവാചകം ഒരു പക്ഷേ ഇന്നും നിഴലിച്ചു തന്നെയുണ്ടാകും. രഘുനാഥ് പാലേരിയുടെ 'കുമാരേട്ടൻ പറയാത്ത കഥ' എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയ പിൻഗാമി  ആക്ഷൻ ത്രില്ലറാണ്. 

മോഹൻലാലിൻ്റെ ഹോം പ്രൊഡക്ഷനായ പ്രണവം ആർട്‌സിൻ്റെ ബാനറിൽ നിർമ്മിച്ച പിൻഗാമി  പ്രണവത്തിൻ്റെ ബാനറിലെ ആദ്യത്തെ ആക്ഷൻ ത്രില്ലറാണെന്ന പ്രത്യേകതയുമുണ്ട്. കുടുംബകഥകളുടെ സംവിധായകൻ എന്നറിയപ്പെടുന്ന സത്യൻ അന്തിക്കാട്, 1989ൽ വേണു നാഗവള്ളിയുടെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ അർത്ഥം എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി വഴി മാറി സഞ്ചരിക്കുന്നത്. സൂപ്പർ ഹിറ്റ് വിജയം നേടിയ അർത്ഥത്തിന് ശേഷം നർമ്മത്തിൽ പൊതിഞ്ഞ ത്രില്ലർ ചിത്രമായ കളിക്കളത്തിലൂടെ സത്യൻ അന്തിക്കാട് തൻ്റെ വിജയം ആവർത്തിച്ചു. എന്നാൽ തൻ്റെ സ്ഥിരം നായകനായ മോഹൻലാലിനെ നായകനാക്കി ഒരേ ഒരു ആക്ഷൻ ചിത്രമേ സത്യൻ അന്തിക്കാട് സംവിധാനം ചെയ്തിട്ടുള്ളൂ. അതായിരുന്നു പിൻഗാമി. 

ആക്ഷനും കോമഡിക്കും എല്ലാം വളരെ പ്രധാന്യം നൽകിയായിരുന്നു അദ്ദേഹം പിൻഗാമി ഒരുക്കിയത്. ഇതിലെ ഇന്നസെൻ്റിൻ്റെ പ്രകടനം എടുത്തു പറയേണ്ടത് തന്നെയായിരുന്നു. ജോൺസൺ സംഗീതം നൽകിയ പിൻഗാമി റിലീസ് കാലയളവിൽ ബോക്‌സ് ഓഫീസ് പ്രകടനത്തിൽ ശരാശരിയിൽ ഒതുങ്ങി പോയെങ്കിലും കാലക്രമേണ കൾട്ടായി മാറി. പിൻഗാമിക്ക് ശേഷം ഒരു വ്യാഴവട്ടക്കാലം കഴിഞ്ഞാണ് സത്യൻ അന്തിക്കാട് - മോഹൻലാൽ കോംബോയിൽ നിന്ന് മറ്റൊരു ചിത്രം ഉണ്ടാകുന്നത്, 2006ൽ രസതന്ത്രം. പിൻഗാമിയിൽ മോഹൻലാലിനെക്കൂടാതെ പുനീത് ഇസ്സാർ, ജഗതി ശ്രീകുമാർ, തിലകൻ, സുകുമാരൻ, ഇന്നസെൻ്റ, കനക, ശാന്തി കൃഷ്ണ, ജനാർദനൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നിവരായിരുന്നു മറ്റ് കഥാപാത്രങ്ങൾക്ക് ജീവനേകിയത്. 

എല്ലാവരുടെയും പ്രകടനം ഈ സിനിമയിൽ ഒന്നിനൊന്ന് മികച്ചു നിന്നു എന്ന് വേണം പറയാൻ. ഇന്ന് ഇറങ്ങുന്ന പല സിനിമകളെയും അതിലെ കഥാപാത്രങ്ങളെയും പലരും മറക്കുമെങ്കിൽ പിൻഗാമി പോലുള്ള സിനിമ ചലച്ചിത്ര പ്രേമികളുടെ മനസ്സിൽ ഇന്നും ജീവിക്കുന്നുവെന്ന് വേണം പറയാൻ. അത്രമാത്രം ജീവനുറ്റതായിരുന്നു ഈ സിനിമ. കാണികളെ ഇന്നും പിടിച്ചിരുത്താൻ ഈ സിനിമയ്ക്ക് കഴിയും. പുതു തലമുറയെപ്പോലും രസിപ്പിക്കും എന്ന് വേണമെങ്കിൽ പറയാം. ഹാസ്യമായാലും ആക്ഷൻ ആയാലും എങ്ങനെ വേണമെന്ന് പുതുതലമുറയ്ക്ക് പിൻഗാമി വേണമെങ്കിൽ ഒരു പഠന വിധേയമാക്കാൻ പറ്റും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia