Preparations | പാലക്കാട് ഉപതിരഞ്ഞെടുപ്പ്: ഒരുക്കങ്ങൾ പുരോഗമിക്കുന്നു വിലയിരുത്തി കലക്ടർ


● 1,94,706 വോട്ടർമാർ
● പോളിംഗ് ഉദ്യോഗസ്ഥർക്ക് പരിശീലനം ഒക്ടോബർ 29, 30ന്
● വോട്ടെണ്ണൽ പാലക്കാട് വിക്ടോറിയ കോളേജിൽ
പാലക്കാട്: (KVARTHA) നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വിവിധ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. പോളിംഗ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് മുന്നോടിയായുള്ള ഒന്നാമത്തെ റാൻഡമൈസേഷൻ പൂർത്തിയാക്കി. ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഒക്ടോബർ 29, 30 തീയതികളിലായി പാലക്കാട് വിക്ടോറിയ കോളേജിൽ നടക്കും .
പോളിംഗ് സാമഗ്രികളുടെ വിതരണത്തിനായുള്ള ഒരുക്കങ്ങൾ, വിവിധ പോളിംഗ് ബൂത്തുകളിലെ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ജില്ലാ ഇലക്ഷൻ വിഭാഗം ഉദ്യോഗസ്ഥരോടൊപ്പം ജില്ലാ കലക്ടർ വിലയിരുത്തി. പാലക്കാട് വിക്ടോറിയ കോളേജിലാണ് വോട്ടെണ്ണലും നടക്കുന്നത്.
ഉപതിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. ആകെ 1,94,706 വോട്ടർമാരാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 1,00,290 പേർ സ്ത്രീകളാണ്. 94,412 പേർ പുരുഷന്മാരുമാണ്. 780 പേർ ഭിന്നശേഷിക്കാരും നാലുപേർ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവരുമാണ്.
യുഡിഎഫ് സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിൽ, എൽഡിഎഫ് സ്വതന്ത്രനായി പി സരിൻ, എൻഡിഎക്ക് വേണ്ടി സി കൃഷ്ണകുമാർ എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖർ. നവംബർ 13നാണ് വോട്ടെടുപ്പ് നടക്കുക. നവംബർ 23ന് ഫലമറിയാം.
#PalakkadByElection #KeralaElections #Voting #Democracy #LocalPolitics