Tragedy | ഓടിക്കൊണ്ടിരിക്കുമ്പോള്‍ മരം വീണു; ഇരിട്ടിയില്‍ നിയന്ത്രണം വിട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
● അപകടം തൃശൂരില്‍ പരീക്ഷ കഴിഞ്ഞ് തിരിച്ച് നാട്ടിലേക്ക് വരുമ്പോള്‍
● മരക്കൊമ്പ് വീഴുന്നത് കണ്ട് കാര്‍ വെട്ടിയ്ക്കുകയായിരുന്നു.
● ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
കണ്ണൂര്‍: (KVARTHA) ജില്ലയിലെ മലയോര പ്രദേശമായ ഇരിട്ടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണ് നിയന്ത്രണം വിട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. അങ്ങാടിക്കടവിലെ കുറിച്ചിക്കുന്നേല്‍ ബെന്നി ജോസഫിന്റെ മകന്‍ ഇമ്മാനുവേല്‍ (24) ആണ് മരിച്ചത്.
അങ്ങാടിക്കടവ് ഡോണ്‍ ബോസ്‌കോ കോളജിന് സമീപം ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട കാര്‍ കുളത്തിലേക്ക് മറിയുകയായിരുന്നു. കുളത്തിലേക്ക് കുത്തനെ മറിഞ്ഞ കാറില്‍ നിന്ന് യുവാവിനെ ഓടാകൂടിയ പ്രദേശവാസികള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തൃശൂരില്‍ വിദ്യാര്‍ഥിയായ ഇമ്മാനുവല്‍ പരീക്ഷ കഴിഞ്ഞ് തിരിച്ച് അങ്ങാടിക്കടവിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരിട്ടി മേഖലയില്‍ രാവിലെ മഴ പെയ്യുന്നുണ്ടായിരുന്നു. റോഡിലൂടെ പോകുന്നതിനിടെ മരക്കൊമ്പ് വീഴുന്നത് കണ്ട് കാര്‍ വെട്ടിയ്ക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം തെറ്റിയ കാര്‍ സമീപത്തെ തെങ്ങില്‍ ഇടിച്ചുകയറി. ശേഷം സമീപത്തുള്ള ചെറിയ കുളത്തിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. ഇരിട്ടി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
#KeralaAccident #TreeFall #CarCrash #Tragedy #Iritty #RIP