Outbreak | ബന്‍ജാര ഹില്‍സ് മേഖലയിലെ വിവിധ തട്ടുകടകളില്‍ നിന്ന് മൊമോസ് കഴിച്ചതിന് പിന്നാലെ 31 കാരിക്ക് ദാരുണാന്ത്യം; 60 ലേറെ പേര്‍ അവശനിലയില്‍


● യുവതി മരിച്ചത് ആശുപത്രിയില്‍ ചികിത്സ തുടരുന്നതിനിടെ.
● ദേഹാസ്വസ്ഥ്യം നേരിട്ടത് വിനോദയാത്രയ്ക്കായി എത്തിയവര്‍ക്ക്.
● ഗ്രേറ്റര്‍ ഹൈദരബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അന്വേഷണം ആരംഭിച്ചു.
ഹൈദരാബാദ്: (KVARTHA) ബന്‍ജാര ഹില്‍സ് മേഖലയിലെ വിവിധ തട്ടുകടകളില്‍ നിന്ന് മൊമോസ് കഴിച്ചതിന് പിന്നാലെ അവശനിലയിലായ 31 കാരിക്ക് ദാരുണാന്ത്യം. 60 ലേറെ പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാത്രി 10 മണിയോടെ രേഷ്മ എന്ന 31 വയസുകാരിയാണ് ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് മരിച്ചത്. മൊമോസ് കഴിച്ചിരുന്നതായാണ് ഇവര്‍ ആശുപത്രി അധികൃതരോട് വിശദമാക്കിയത്.
ബന്‍ജാര ഹില്‍സ് സന്ദര്‍ശിക്കാനായെത്തിയ വിനോദയാത്ര സംഘത്തിലുള്ളവര്‍ക്കാണ് മൊമോസ് കഴിച്ചതിന് പിന്നാലെ ദേഹാസ്വസ്ഥ്യം നേരിട്ടത്. ഗൗരി ശങ്കര്‍നഗര്‍, നന്ദിനഗര്‍, സിംഗരകൊണ്ട എന്നിവിടങ്ങളിലെ തട്ടുകടയില്‍ നിന്നാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവര്‍ മൊമോസ് കഴിച്ചിട്ടുള്ളത്. ഒഴിച്ചില്‍, ഛര്‍ദ്ദില്‍, തലകറക്കം അടക്കമുള്ള ലക്ഷണങ്ങളുമായാണ് മിക്കവരും ചികിത്സ തേടിയിട്ടുള്ളത്.
ഹൈദരാബാദില്‍ സഞ്ചാരികള്‍ എത്തുന്ന പ്രധാന ഇടങ്ങളിലൊന്നാണ് ബന്‍ജാര ഹില്‍സ്. ഒരേ സ്ഥാപനത്തില്‍ നിന്ന് വിതരണം ചെയ്ത മൊമോസാണ് വിവിധ തട്ടുകടകളില്‍ വില്‍പനയ്ക്കായി വെച്ചിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ വെള്ളിയാഴ്ച ബന്‍ജാര ഹില്‍സ് സന്ദര്‍ശിക്കാന്‍ എത്തിയവരാണ് ചികിത്സ തേടിയിട്ടുള്ളത്.
ചികിത്സ തേടിയ 60ഓളം പേരും കഴിച്ചത് മൊമോസ് തന്നെയാണെന്ന് വ്യക്തമായിട്ടുണ്ട്. വിവിധ തട്ടുകടകളില്‍ നിന്നാണ് കഴിച്ചതെങ്കിലും ഇവയിലെല്ലാം തന്നെ മൊമോസ് വിതരണം ചെയ്തത് ഓരേയാള്‍ തന്നെയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സംഭവത്തില്‍ ഗ്രേറ്റര്‍ ഹൈദരബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തട്ടുകടകളില്‍ നിന്ന് സാംപിളുകള്‍ ശേഖരിച്ച ഭക്ഷ്യ സുരക്ഷാ വകുപ്പ് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന കടകള്‍ അടച്ചിടുകയും ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
#foodpoisoning #Hyderabad #India #foodsafety #health #streetfood