Vailithara | ഇസ്ലാമിക പ്രഭാഷണ വേദികളിൽ ജ്വലിച്ച് നിന്ന പ്രമുഖ പണ്ഡിതൻ വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി അന്തരിച്ചു
ആലപ്പുഴ: (www.kvartha.com) ഇസ്ലാമിക പ്രഭാഷണ വേദികളിൽ ജ്വലിച്ച് നിന്നിരുന്ന പ്രമുഖ പണ്ഡിതൻ വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി (94) അന്തരിച്ചു. വാർധക്യസഹചമായ അസുഖങ്ങളെ തുടർന്ന് ചൊവ്വാഴ്ച രാവിലെ ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ പാനൂരിലെ വൈലിത്തറ വീട്ടിലായിരുന്നു അന്ത്യം. ഖബറടക്കം വൈകുന്നേരം ആറിന് പാനൂർ വരവ്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
പ്രഭാഷണ വേദികളിലെ നിറസാന്നിധ്യമായിരുന്ന വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി 'അമീറുൽ ഖുത്വബാ' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. മതപ്രഭാഷണ പരമ്പരകളിൽ ആയിരങ്ങളാണ് അദ്ദേഹത്തെ കേൾക്കാനായി എത്തിയിരുന്നത്. ആറര പതിറ്റാണ്ട് കാലം നീണ്ട പ്രഭാഷണജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.
1930 ലാണ് വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവിയുടെ ജനനം. വൈലിത്തറ മുഹമ്മദ് മുസലിയാരാണ് പിതാവ്. കളത്തിപ്പറമ്പില്‍ മൊയ്തീന് കുഞ്ഞ് മുസ്ലിയാർ, ഹൈദ്രോസ് മുസ്ലിയാർ, ആലി മുസ്ലിയാർ, വടുതല കുഞ്ഞുവാവ മുസ്ലിയാർ എന്നിവർ ആദ്യകാല ഗുരുനാഥന്മാരാണ്. 14 വയസായപ്പോള്‍ പിതാവിന്റെ ആദ്യകാല ഗുരുവും സൂഫിവര്യനുമായ വാഴക്കാടന്‍ മുഹമ്മദ് മുസലിയാരുടെ ദർസില് ചേര്‍ന്നു. 18-ാമത്തെ വയസിലായിരുന്നു ആദ്യ പ്രഭാഷണം. ഭാര്യ പരേതയായ ഖദീജ. മക്കൾ: അഡ്വ. മുജീബ്, ജാസ്മിന്, സുഹൈല്‍, സഹല്‍, തസ്നി.
Keywords: Alappuzha, News, Kerala, Death, Obituary, Vailithara Muhammed Kunju Moulavi passed away.