Youths Died | കൊടൈക്കനാലിൽ ദാരുണ അപകടം; ‘കല്‍ക്കരി അടുപ്പില്‍ നിന്നുള്ള പുക ശ്വസിച്ച് 2 യുവാക്കള്‍ മരിച്ചു’
ചെന്നൈ: (KVARTHA) കൊടൈക്കനാലിലെ ഒരു റിസോര്‍ട്ടില്‍ ദാരുണ അപകടം. കല്‍ക്കരി അടുപ്പില്‍ (Charcoal Grill) നിന്നുള്ള പുക ശ്വസിച്ച് 2 യുവാക്കള്‍ മരിച്ചു. തിരുച്ചിറപ്പള്ളി സ്വദേശികളായ ആനന്ദ ബാബുവും ജയകണ്ണനും ബാർബിക്യൂ ഉണ്ടാക്കിയശേഷം ഉറങ്ങിപ്പോയതാണ് ദുരന്തത്തിലേക്ക് നയിച്ചത്.
കൽക്കരി അടുപ്പ് കെടുത്താതെ വിട്ടതിനാൽ ഉണ്ടായ കാർബൺ മോണോക്സൈഡ് (ണarbon ശonoxide) വിഷവാതകം (Poisonous Gas) ശ്വസിച്ചതാണ് ഇവരുടെ മരണകാരണമെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തിനു ശേഷം പറഞ്ഞു. ഇവർക്കൊപ്പമുണ്ടായിരുന്ന സഹോദരൻമാരായ ശിവശങ്കറും ശിവരാജും മറ്റൊരു മുറിയിൽ ഉറങ്ങിയതിനാലാണ് രക്ഷപ്പെട്ടത്.
വെള്ളിയാഴ്ചയാണ് യുവാക്കള്‍ റിസോര്‍ട്ടില്‍ എത്തിയത്. ലിവിങ് റൂമില്‍ ബാര്‍ബിക്യൂ ചിക്കന്‍ പാകം ചെയ്ത ശേഷം അടുപ്പിലെ തീ കെടുത്താതെയാണു സംഘം ഉറങ്ങാന്‍ പോയത്. രാവിലെ യുവാക്കള്‍ ഉണരാതിരുന്നതിനെ തുടര്‍ന്ന് മെഡിക്കല്‍ സംഘമെത്തി നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. അടുപ്പ് കെടുത്താതിരുന്നതിനാല്‍ വിഷാംശമുള്ള വാതകങ്ങള്‍ രൂപപ്പെടുകയും അതുമൂലം യുവാക്കള്‍ക്ക് ശ്വാസംമുട്ടുകയുമായിരുന്നു.
കാർബൺ മോണോക്സൈഡ് എന്ന നിറമില്ലാത്തതും ഗന്ധമില്ലാത്തതുമായ വിഷവാതകം ശ്വസിക്കുന്നത് തലവേദന, തലകറക്കം, ഓക്കാനം, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങൾക്ക് കാരണമാകും. അത്യധികം അളവിൽ ശ്വസിച്ചാൽ മരണത്തിന് കാരണമാകും. അതിനാല്‍ അടച്ചിട്ട സ്ഥലത്ത് കൽക്കരി അടുപ്പ് ഉപയോഗിക്കുന്നത് വളരെ അപകടകരമാണ്.
ഈ ദുരന്തം, അശ്രദ്ധമായ ബാർബിക്യൂ അടുപ്പിന്‍റെ ഉപയോഗത്തിന്റെ അപകടത്തെക്കുറിച്ച് ഒരു മുന്നറിയിപ്പാണ് നല്‍കുന്നത്.അതിനാല്‍, കൽക്കരി അടുപ്പ് എപ്പോഴും തുറന്ന സ്ഥലത്തു മാത്രം ഉപയോഗിക്കുക. അടുപ്പ് ഉപയോഗിച്ച ശേഷം കൽക്കരി പൂർണമായും കെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കുക. അടുപ്പ് ഉള്ള മുറിയിൽ വായു സഞ്ചാരം ഉറപ്പാക്കുക.