തിരുവല്ലയിൽ കാർ കുളത്തിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു; ഒരാളുടെ നില ഗുരുതരം

 
Car Plunges into Pond in Thiruvalla; One Dead, One Critical
Car Plunges into Pond in Thiruvalla; One Dead, One Critical

Photo Credit: Facebook/Nammude Gramam Peringara

● കാരയ്ക്കൽ സ്വദേശി ജയകൃഷ്ണനാണ് മരിച്ചത്.
● മുത്തൂർ-കാവുംഭാഗം റോഡിലാണ് അപകടം.
● അഗ്നിശമനസേന രക്ഷാപ്രവർത്തനം നടത്തി.

പത്തനംതിട്ട: (KVARTHA) തിരുവല്ല മന്നംകരച്ചിറയിൽ കാർ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. തിരുവല്ല കാരയ്ക്കൽ ശ്രീവിലാസത്തിൽ അനിൽകുമാറിൻ്റെ മകന്‍ ജയകൃഷ്ണൻ (22) ആണ് മരിച്ചത്. ഒരാളെ അതിഗുരുതരാവസ്ഥയിൽ തിരുവല്ലമെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാമത്തെ ആൾ നിസാര പരിക്കുകളോടെ രക്ഷപെട്ടു. മുത്തൂർ, ചാലക്കുഴി ഇലഞ്ഞിമൂട്ടിൽ രഞ്ചിയുടെ മകൻ ഐബി പി രഞ്ചി (20) യാണ് അതിഗുരുതരാവസ്ഥയിലുള്ളത്. 

വ്യാഴാഴ്ച (24.07.2025) രാത്രി 11.30ഓടെയായിരുന്നു അപകടം സംഭവിച്ചത്. തിരുവല്ലയിൽനിന്ന് മടങ്ങുകയായിരുന്ന ജയകൃഷ്ണനും സുഹൃത്തുക്കളും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.

അപകടം സംഭവിച്ച രീതിയും രക്ഷാപ്രവർത്തനവും

കാവുംഭാഗത്തുനിന്ന് മൂത്തൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ പാലത്തിലൂടെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് അപ്രോച്ച് റോഡിന് സമീപം നിന്നിരുന്ന മരത്തിലും വൈദ്യുതി പോസ്റ്റിൻ്റെ കോൺക്രീറ്റ് തൂണിലും ഇടിച്ച് രണ്ടാൾ താഴ്ചയുള്ള കുളത്തിലേക്ക് വീഴുകയായിരുന്നു. അപകടത്തെ തുടർന്ന് വൈദ്യുതിബന്ധവും നിലച്ചു. ഇരുട്ടിൽ ശബ്ദവും നിലവിളിയും കേട്ട് ഓടിയെത്തിയ നാട്ടുകാർ കയർ കെട്ടി വലിച്ച് കാർ കരയ്ക്കടുപ്പിച്ചാണ് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്. വിവരമറിഞ്ഞ് ഇതിനിടയിൽ അഗ്നിശമനസേന ഉദ്യോഗസ്ഥരും എത്തി രക്ഷാപ്രവർത്തനം നടത്തി.

അപകടത്തിൽപ്പെട്ട മറ്റുള്ളവർ

ജയകൃഷ്ണനെയും ഐബിയെയും കൂടാതെ മുത്തൂർ പന്നിക്കുഴി സ്വദേശി അനന്തുവും കാറിലുണ്ടായിരുന്നു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഐബിയുടെ നില ഗുരുതരമായി തുടരുകയാണ്. താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ള അനന്തു നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ജയകൃഷ്ണന്റെ മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അമ്മ: സുഭദ്ര. ഏക സഹോദരി : ജയശ്രീ.

ഇത്തരം റോഡപകടങ്ങൾ ഒഴിവാക്കാൻ എന്ത് മുൻകരുതലുകൾ സ്വീകരിക്കാം? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.

Article Summary: One dead, one critical after car plunges into pond in Thiruvalla.

#Thiruvalla #CarAccident #KeralaNews #RoadSafety #Tragedy #Pathanamthitta

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia