Accident | ശുചീകരണ തൊഴിലാളി മാലിന്യ സംസ്‌കരണ പ്ലാന്റിനടുത്തെ കുഴിയില്‍ മരിച്ചനിലയില്‍


● മുടിയൂക്കര ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്.
● വൈദ്യുതാഘാതമേറ്റതായാണ് സംശയം.
● ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കുഴഞ്ഞുവീണതാകാമെന്നും സംശയം.
● 13 വര്‍ഷമായി ക്ലീനിങ് ജോലികള്‍ ചെയ്തുവരുന്നു.
കോട്ടയം: (KVARTHA) ശുചീകരണ തൊഴിലാളിയെ മാലിന്യ സംസ്‌കരണ പ്ലാന്റിനടുത്തെ കുഴിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അയ്മനം പെരുമന കോളനിയില്‍ സുബ്രഹ്‌മണ്യന്‍ (Subramanyan-44 ) ആണ് മരിച്ചത്. മുടിയൂക്കര ഭാഗത്ത് മാലിന്യം സംഭരിക്കുന്ന പ്ലാന്റിന് സമീപത്തെ കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്.
വൈദ്യുതാഘാതമേറ്റതായാണ് സംശയം. വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിനായി ഒരു സബ് മോട്ടര്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ ഏതെങ്കിലും വിധത്തിലുള്ള അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിനിടയില്‍ വൈദ്യുതാഘാതമേറ്റതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കുഴഞ്ഞുവീണതുമാകാം എന്ന സംശയവും പൊലീസിനുണ്ട്.
13 വര്‍ഷമായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ക്ലീനിങ് ജോലികള്‍ ചെയ്തുവരുന്ന ആളാണ് സുബ്രഹ്‌മണ്യന്‍. പതിവ് പോലെ ബുധനാഴ്ചയും ജോലി ചെയ്യുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം. സഹപ്രവര്‍ത്തകരായ സനീഷ് എന്നയാളും ഒപ്പമുണ്ടായിരുന്നു. വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ സമീപത്തേക്ക് പോയ സുബ്രഹ്‌മണ്യനെ ഏറെ സമയം കഴിഞ്ഞിട്ടും കാണാതെ വന്നതിനെ തുടര്‍ന്ന് സനീഷ് അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
നടപടികള്‍ക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ ഗാന്ധിനഗര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
#sanitationworker #accident #death #wastetreatmentplant #kottayam #kerala