Obituary | കാല്‍നടയാത്ര നടത്തവെ ഹൃദയാഘാതം; പ്രശസ്ത യോഗഗുരു ശരത് ജോയിസ് അന്തരിച്ചു
● 50 ഓളം വിദ്യാര്‍ത്ഥികളുമായി കാല്‍നടയാത്ര നടത്തുകയായിരുന്നു.
● യോഗ ഇതിഹാസം കൃഷ്ണ പട്ടാഭി ജോയിസിന്റെ ചെറുമകന്‍.
● ഭൗതിക ശരീരം മൈസൂരിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ തുടങ്ങി.
ന്യൂയോര്‍ക്ക്: (KVARTHA) പ്രശസ്ത യോഗ പരിശീലകന്‍ ശരത് ജോയിസ് (Sharath Jois - 53) അന്തരിച്ചു. തിങ്കളാഴ്ച യുഎസിലെ വിര്‍ജീനിയയില്‍വെച്ചാണ് മരണം. ഷാര്‍ലറ്റ്സ്വില്ലെയിലെ വിര്‍ജീനിയ സര്‍വകലാശാലയ്ക്ക് സമീപം നടക്കുമ്പോള്‍ അസ്വസ്ഥത അനുഭവപ്പെട്ട ശരത് ജോയിസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
വിര്‍ജീനിയ സര്‍വകലാശാലയില്‍ സെമിനാറില്‍ പങ്കെടുക്കാനാണ് ശരത് എത്തിയത്. 50 ഓളം വിദ്യാര്‍ത്ഥികളുമായി അദ്ദേഹം കാല്‍നടയാത്ര നടത്തവെയാണ് ഹൃദയാഘാതമുണ്ടാത്. ശരത് അന്തരിച്ചതായി സഹോദരി ശര്‍മിള മഹേഷ് സ്ഥിരീകരിച്ചു. ജോയിസിന്റെ യോഗാ കേന്ദ്രമായ ശരത് യോഗ സെന്ററും അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത സ്ഥിരീകരിച്ചു. യോഗ ഇതിഹാസം കൃഷ്ണ പട്ടാഭി ജോയിസിന്റെ ചെറുമകനുമാണ് ശരത് ജോയിസ്.
നവംബറില്‍ ടെക്‌സാസിലെ സാന്‍ അന്റോണിയോയില്‍ യോഗ ക്ലാസുകള്‍ നടത്താന്‍ ഷെഡ്യൂള്‍ ചെയ്തിരുന്നു. ആയിരക്കണക്കിന് ശിഷ്യന്മാരുള്ള ഗുരുവാണ് ശരത്. ഭൗതിക ശരീരം ജന്മനാടായ മൈസൂരിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ തുടങ്ങി.
1971 സെപ്തംബര്‍ 29 ന് മൈസൂരിലാണ് രംഗസ്വാമി ശരത് ജോയിസ് ജനിച്ചത്. അമ്മ: സരസ്വതി ജോയിസ്. അച്ഛന്‍: രംഗസ്വാമി. ഭാര്യ: ശ്രുതി ജോയിസ്. മക്കള്‍: സംഭവ് ജോയിസ്, ശ്രദ്ധ ജോയിസ്. യോഗ മാസ്റ്ററായ മുത്തച്ഛന്‍ കൃഷ്ണ പട്ടാഭി ജോയിസില്‍ നിന്നാണ് ജോയിസ് യോഗ പഠിച്ചത്.
#sharathjois #yoga #yogaguru #ashtangayoga #rip