Remembrance | സൈമണ്‍ ബ്രിട്ടോ വിടപറഞ്ഞിട്ട് 6 വര്‍ഷം; സമര പോരാട്ടങ്ങളുടെ രക്ത നക്ഷത്രം

 
Simon Britto, Kerala politician, communist leader
Simon Britto, Kerala politician, communist leader

Image Credit: Facebook/SFI Kerala

● സൈമണ്‍ ബ്രിട്ടോ, അരക്കുതാഴെ തളർന്നിട്ടും തന്റെ പോരാട്ടം തുടർന്നു.
● കേരളത്തിലെ പന്ത്രണ്ടാം നിയമസഭയിൽ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായിരുന്നു.
● ഗ്രന്ഥരചനയിലൂടെയും സമൂഹത്തിൽ സജീവമായിരുന്നു.

(KVARTHA) 1983 ഒക്ടോബര്‍ 14നു തന്റെ ഇരുപത്തിയൊമ്പതാമത് വയസില്‍ രാഷ്ട്രീയ എതിരാളികളുടെ കുത്തേറ്റ് അരക്കുതാഴെ തളര്‍ന്നുവെങ്കിലും തളരാത്ത മനസ്സും ഒടുങ്ങാത്ത പോരാട്ടവീര്യവുമായി കേരളത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലത്തില്‍ തന്റെ ചക്ര കസേരയില്‍ ജീവിച്ച അടങ്ങാത്ത കമ്മ്യൂണിസ്റ്റ് വിപ്ലവ  വീര്യത്തിന്റെ പ്രതീകമായിരുന്നു സൈമണ്‍ ബ്രിട്ടോ. പ്രതിസന്ധികളെ മനക്കരുത്തുകൊണ്ടു നേരിട്ട് പുഷ്പ സമാനമാക്കിയ സൈമണ്‍ ബ്രിട്ടോ വിടവാങ്ങിയിട്ട് ഡിസംബര്‍ 31ന് ആറു വര്‍ഷം. 

എറണാകുളം ലോക് കോളജില്‍ പഠിക്കവേ തെരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി മഹാരാജാസില്‍ സജീവമായിരുന്നു ബ്രിട്ടോ. കോളജ് യൂണിയന്‍ ഇലക്ഷനോട് അനുബന്ധിച്ച് ഉണ്ടായ തര്‍ക്കത്തിന്റെ ഭാഗമായിട്ടായിരുന്നു എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്ന ബ്രിട്ടോയെ  എറണാകുളം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിക്ക് സമീപത്ത് വെച്ച്  രാഷ്ട്രീയ എതിരാളികള്‍ ഗുരുതരമായി കുത്തി പരിക്കേല്‍പ്പിച്ചത്. 

മനക്കരുത്തിന്റെ 35 വര്‍ഷങ്ങള്‍ പിന്നിട്ട്  ബ്രിട്ടോ അരങ്ങൊഴിയുമ്പോള്‍ അടങ്ങാത്ത പോരാട്ടവീര്യം കൈരളിക്ക്  സമര്‍പ്പിച്ചത് നിരവധി പഠന ഗ്രന്ഥങ്ങള്‍ കൂടിയാണ്. ചക്ര കസേരയില്‍ ഇരുന്നു മനംമടുക്കാതെ  ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചു. തന്റെ ജീവന്റെ ജീവനായി കരുതുന്ന പ്രസ്ഥാനത്തിന് വേണ്ടി ചക്ര കസേരയില്‍ ഇരുന്നുകൊണ്ടു ആവേശം പകര്‍ന്ന അത്ഭുതപ്രതിഭ കൂടിയാണ് ബ്രിട്ടോ. 

കേരളത്തിലെ പന്ത്രണ്ടാം നിയമസഭയില്‍ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി നാമ നിര്‍ദേശം ചെയ്യപ്പെട്ട അംഗമായിരുന്നു. സൈമണ്‍ ബ്രിട്ടോ റോഡ്രിഗ്‌സ് എന്നാണു പൂര്‍ണനാമം. നാടിന്റെയും ജനങ്ങളുടെയും ശബ്ദം ഉയര്‍ത്തുന്നതിന് നിയമസഭാ വേദിയെ സവിശേഷമായി പ്രയോജനപ്പെടുത്തുവാന്‍ തന്റെ അഞ്ചുവര്‍ഷക്കാലത്തെ നിയമസഭാ പ്രവര്‍ത്തനം കൊണ്ട് ബ്രിട്ടോക്ക് സാധിച്ചു. നല്ല നിയമസഭാ സാമാജികന്‍  എന്ന ബഹുമതിക്ക് കൂടി അര്‍ഹനായി. 

1954 മാര്‍ച്ച് 27-ന് എറണാകുളത്തിനടുത്ത് പോഞ്ഞിക്കരയില്‍ ആംഗ്ലോ ഇന്ത്യന്‍ കുടുംബത്തില്‍ ജനിച്ച ബ്രിട്ടോ എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാന പ്രതിനിധി, കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്റ് കൗണ്‍സില്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പൊതുജീവിതത്തില്‍ നിറസാന്നിദ്ധ്യമായിരുന്നു അദ്ദേഹം ഇക്കാലത്ത്  ഗ്രന്ഥരചനയും ആരംഭിച്ചു. 'അഗ്രഗാമി' എന്ന നോവലിലൂടെയാണ് ഗ്രന്ഥരചന തുടങ്ങിയത്. 

ആയിടെയുണ്ടായ ഒരു യാത്രയെക്കുറിച്ച് പുസ്തകം രചിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന് ഹൃദയാഘാതം അനുഭവപ്പെട്ടത്. എറണാകുളം മഹാരാജാസ് കോളജിലെ രക്തസാക്ഷിയായ അഭിമന്യു ബ്രിട്ടോയുടെ കൂടെ  സന്തതസഹചാരിയായിരുന്നു. ബ്രിട്ടോയുടെ യാത്രാനുഭവങ്ങള്‍ പുസ്തകങ്ങള്‍ ആയപ്പോള്‍ അത് മുഴുവന്‍ പകര്‍ത്തിയെഴുതിയത് അഭിമന്യു ആയിരുന്നു.   

സൈമണ്‍ ബ്രിട്ടോയുടെ ജീവിതത്തിലെ പ്രതിസന്ധി കാലഘട്ടത്തില്‍ തന്റെ ശരീരവും മനസ്സും സമര്‍പ്പിച്ച് ബ്രിട്ടോയുടെ മനസ്സിന് കാരിരുമ്പിന്റെ കരുത്ത് പകര്‍ന്ന കമ്മ്യൂണിസ്റ്റ് സഹപ്രവര്‍ത്തക സീന ഭാസ്‌കറാണ് ഭാര്യ. ഇവര്‍ക്ക് കയനിലാ എന്നൊരു മകളുണ്ട്. ബ്രിട്ടോക്ക് ഇനി അധികകാലം ഇല്ല എന്ന് വിധി എഴുതിയവരുടെ മുഖത്ത് നോക്കി പുഞ്ചിരിച്ചു തലയുയര്‍ത്തി കൊണ്ടാണ് ചക്ര കസേരയില്‍ ഇരുന്നുകൊണ്ടു 35 വര്‍ഷം വിപ്ലവ സംഘടന പ്രവര്‍ത്തനങ്ങളില്‍  ബ്രിട്ടോ വ്യാപൃതനായത്. 

മാര്‍ക്‌സിയന്‍ തത്വശാസ്ത്രത്തില്‍ നല്ല ഗ്രാഹ്യമുണ്ടായിരുന്ന ബ്രിട്ടോ കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ എന്നും ജാഗരൂകനായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് 2018 ഡിസംബര്‍ 31-ന് തൃശൂരിലെ ദയാ ആശുപത്രിയില്‍ വച്ച് തന്റെ 64-ാമത് വയസ്സില്‍ ഇതുവരെ നടത്തിയ പോരാട്ട വീര്യങ്ങള്‍ക്ക് അവസാനം കുറിച്ച് അദ്ദേഹം അവസാന യാത്രയ്ക്ക് പോയി. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിന് വൈദ്യ പരിശോധനയ്ക്ക് വേണ്ടി കൈമാറി ഭൗതികവാദത്തിന്റെ നേര്‍ തെളിവായി അവസാന യാത്രയിലും ബ്രിട്ടോ ജ്വലിച്ചു നിന്നു.

#SimonBritto #Kerala #politics #communism #disability #activism #inspiration #leader #KeralaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia