Satire | രാമദാസ് വൈദ്യര്‍ വിട പറഞ്ഞിട്ട് 26 വര്‍ഷം; ചിരി കൊണ്ട് ചികിത്സിച്ച സാമൂഹ്യ വിമര്‍ശകന്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കേരളത്തില്‍ ആദ്യമായി ഒരു തെങ്ങുകയറ്റ കോളജ് സ്ഥാപിച്ചു.
● ടെംപിള്‍ അറ്റാച്ഡ് ലോഡ്ജ് ഉണ്ടാക്കി.
● കോഴിക്കോട് ടൗണ്‍ഹാളില്‍വെച്ച് വിരൂപമത്സരം നടത്തി.
● സ്വന്തം പത്‌നിക്ക് ആജീവനാന്തപെന്‍ഷന്‍ നല്കി.
കണ്ണൂര്‍: (KVARTHA) കുറിക്ക് കൊള്ളുന്ന ആക്ഷേപഹാസ്യത്തിലൂടെ മലയാളികളെ ചിരിപ്പിച്ച കോഴിക്കോടിന്റെ ചിരിവൈദ്യനാണ് രാംദാസ് വൈദ്യര്‍ (Ramdas Vaidyar). ആയുര്‍വേദ പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച പാരമ്പര്യ ആയുര്‍വേദ വൈദ്യന്‍ ആയിരുന്നു.
ഒറ്റനോട്ടത്തില്‍ ആക്ഷേപഹാസ്യകാരന്‍, ആയുര്‍വേദ ഡോക്ടര്‍, നീലഗിരി ലോഡ്ജ് ഉടമ എന്നിങ്ങനെയാണ് വിശേഷിപ്പിക്കുകയെങ്കിലും അടുത്തകാലത്ത് സാഹിത്യ നഗര പദവി ലഭിച്ച കോഴിക്കോടിന്റെ ചരിത്രത്തില്‍ സാഹിത്യകാരന്മാരുടെ കൂട്ടായ്മയുടെ വേദിയായിരുന്നു നീലഗിരി ലോഡ്ജ് എന്ന ചരിത്രം പലര്‍ക്കും അറിയില്ല.
വി കെ എന്‍, കാക്കനാടന്‍, സക്കറിയ, മലയാറ്റൂര്‍, ലളിതാംബിക അന്തര്‍ജനം, വൈക്കം ചന്ദ്രശേഖരന്‍ നായര്‍ തുടങ്ങിയ സമുന്നത സാഹിത്യ നായകന്മാരുടെ സംഗമവേദിയായിരുന്നു നീലഗിരി ലോഡ്ജ്. നിരവധി സാഹിത്യ ചര്‍ച്ചകള്‍ക്ക് വൈദ്യര്‍ കര്‍മസാക്ഷിയായി എന്നത് മാത്രമല്ല 'പണിതീരാത്ത വീട്' എന്ന ചിത്രത്തില്‍ ജയചന്ദ്രന് അവാര്‍ഡ് കിട്ടിയ വയലാറിന്റെ പ്രശസ്ത ഗാനം 'നീലഗിരിയുടെ സഖികളെ' പിറന്നുവീണതും ഈ നീലഗിരി ലോഡ്ജില്‍ നിന്നാണെന്ന് പറയുന്നു.
പ്രശസ്ത സിനിമ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ കോഴിക്കോട് ഇപ്പോള്‍ ചെല്ലുമ്പോള്‍ വൈദ്യരുടെ അസാന്നിധ്യം അനുഭവപ്പെടുന്നുവെന്ന് പറയുന്നത് തന്നെ എത്ര ആഴത്തില്‍ ആയിരുന്നു അവര്‍ തമ്മിലുള്ള അടുപ്പം എന്നതിന്റെ സൂചകമാണ്.
എന്നിരുന്നാലും വൈദ്യര്‍, കേരള സമൂഹത്തില്‍ എന്നെന്നും ഓര്‍മിക്കപ്പെടുന്നത് തന്റേതായ രീതിയില്‍ സമൂഹത്തിലെ പുഴുക്കുത്തുകളെ വെല്ലുവിളിച്ച് കൊണ്ടാണ്. സമൂഹത്തിലെ കൊള്ളരുതായ്മകളെ, ആഡംബര ജീവിതങ്ങളെ, മനുഷ്യത്വമില്ലായ്മയെ, എല്ലാം വൈദ്യര്‍ തന്റേതായ രീതിയില്‍ തുറന്നുകാട്ടി.
കേരളത്തില്‍ ആദ്യമായി ഒരു തെങ്ങുകയറ്റ കോളജ് സ്ഥാപിച്ചു. ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് അന്നത്തെ ജില്ലാ കളക്ടര്‍ യു കെ എസ് ചൗഹാന്‍ തെങ്ങില്‍ കയറിക്കൊണ്ട് ആയിരുന്നു. ഉയരത്തില്‍ കയറിയ കളക്ടറെ ഭാര്യയാണ് നിര്‍ബന്ധിച്ച് താഴെ ഇറക്കിയതെന്ന് പറയുന്നു.
ബാര്‍ അറ്റാച്ഡ് ഹോടെലുകള്‍ക്ക് പകരമായി ടെംപിള്‍ അറ്റാച്ഡ് ലോഡ്ജ് ഉണ്ടാക്കി. രാവിലെ അലക്കുകാരുടെ മര്‍ദനവും വൈകിട്ട് രാഷ്ട്രീയക്കാരുടെ പ്രസംഗങ്ങളും ക്ഷമയോടെ സഹിച്ചതിന് മുതലക്കുളത്തെ അലക്കുകല്ലുകളെ പൊന്നാടയണിയിച്ച് ആദരിച്ചു.
ബെംഗ്‌ളൂറില്‍ ലോക സൗന്ദര്യമത്സരം നടന്നപ്പോള്‍ രാംദാസ് വൈദ്യര്‍ കേരള സാംസ്‌കാരിക വേദി രൂപവത്കരിച്ച് അതിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ടൗണ്‍ഹാളില്‍വെച്ച് വിരൂപമത്സരം നടത്തി, വിരൂപറാണിയെയും വിരൂപരാജനെയും തിരഞ്ഞെടുക്കുകയുണ്ടായി. ഇത് വോയ്‌സ് ഓഫ് അമേരികയിലും ബിബിസി വേള്‍ഡിലും ചര്‍ച്ചാവിഷയമായിരുന്നു.
ഭാര്യയുടെ സേവനം ശ്രേഷ്ഠമായി കണ്ട് അവര്‍ക്ക് പെന്‍ഷന്‍ നല്കാന്‍ ഭര്‍ത്താക്കന്മാര്‍ ബാധ്യസ്ഥരാണെന്ന് അദ്ദേഹം പ്രസ്താവിക്കുകയും സ്വന്തം പത്‌നിക്ക് ആജീവനാന്തപെന്‍ഷന്‍ നല്കിക്കൊണ്ട് മാതൃക കാണിക്കുക പോലും ചെയ്തു.
കോഴിക്കോട് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന സമൂഹത്തിലെ മാന്യരെ ബ്ലാക് മെയില്‍ ചെയ്തുകൊണ്ട് പണം ഉണ്ടാക്കുന്ന ഒരു മഞ്ഞ പത്രത്തെ സൂചികൊണ്ട് സൂചിയെ എടുത്ത് വൈദ്യര്‍ ഞെട്ടിച്ച കഥയും നിലവിലുണ്ട്. ലോക ചരിത്രത്തില്‍ ഇതുവരെ എവിടെയും കേട്ടിട്ടില്ലാത്ത ഒറിജിനല്‍ വെല്ലുന്ന വ്യാജ പത്രം ഇറക്കി. ഓഡിയം എന്ന മാഗസിന്‍ നിലവിട്ട് കാര്യങ്ങള്‍ ചെയ്യുന്ന സമയം. ഒരുലക്കത്തില്‍ പത്രാധിപര്‍ സ്വന്തം പേര് വെച്ച് ഒന്നാം പേജില്‍ എഴുതുന്നു. ഇതുവരെ എഴുതിയതും ഇനി എഴുതാന്‍ പോകുന്നതും ഒന്നും കളവല്ല. സ്വന്തം കുടുംബത്തെ പറ്റി ആരും കളവു പറയില്ലല്ലോ? അത് ഉറപ്പിക്കാന്‍ എന്റെ കുടുംബത്തിന്റെ കഥ തന്നെ ലക്കങ്ങളായി അവതരിപ്പിക്കുന്നുവെന്ന് പറഞ്ഞു. സ്വന്തം പിതൃത്വത്തെ സംശയിച്ച് അമ്മയെ സംശയത്തിലാക്കിയും സ്വന്തം മക്കളുടെ പിതൃത്വം സംശയകരമാക്കിവെച്ച് ഭാര്യയെ പോലും വെറുതെ വിടാത്ത രൂപത്തില്‍ എഴുതിയ ലേഖനം വായനക്കാരെ അത്ഭുതപ്പെടുത്തി. എന്നാല്‍ പത്രാധിപര്‍ ഞെട്ടി.
സ്വപ്നത്തില്‍ പോലും അറിയാത്ത രൂപത്തില്‍ ഒരു ലക്കം ഇറങ്ങിയിരിക്കുന്നു. മാഗസിന്‍ ഇറങ്ങിയ ഉടന്‍തന്നെ സംഭവം പൊതുജനങ്ങള്‍ അറിഞ്ഞുവെന്ന് മനസിലാക്കി ന്യൂ സ്റ്റാന്‍ഡുകളില്‍ ഓടിനടന്ന് ബാക്കിയുള്ള മുഴുവന്‍ പ്രതികളും തിരിച്ചു വാങ്ങി. പ്രസില്‍ പോയി ഉടമയെ രണ്ടു പൊട്ടിച്ചപ്പോള്‍ ഉടമ സത്യം പറഞ്ഞു. ഒരാള്‍ വന്ന് എന്നോട് ചോദിച്ചു ഒരു ലക്കം ഇറക്കിയാല്‍ എത്ര കിട്ടും എന്ന്? ഞാന്‍ പറഞ്ഞു 500. ഉടന്‍ 2000 രൂപ കയ്യില്‍ വച്ചുതന്ന് ഇന്ന രൂപത്തില്‍ എഴുതണം എന്ന് പറഞ്ഞു. പറഞ്ഞതുപോലെ എഴുതി പ്രസിദ്ധീകരിച്ചതാണ് എന്ന് പറഞ്ഞപ്പോള്‍, പത്രാധിപര്‍ തലകറങ്ങി ഇരുന്നു. അപ്പോള്‍ പത്രാധിവരെ ഞെട്ടിച്ച ഒരാള്‍ പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു, സൂചിയെ സൂചി കൊണ്ട് എടുത്ത രാംദാസ് വൈദ്യര്‍.
ആ രാമദാസ് വൈദ്യരുടെ 26-ാം ചരമവാര്‍ഷികമാണ് ഇന്ന്. രാംദാസ് വൈദ്യര്‍ അനുസ്മരണസമിതി കോഴിക്കോട് വെച്ച് വര്‍ഷംതോറും അനുസ്മരണസമ്മേളനങ്ങളും പരദൂഷണം പറച്ചില്‍ മത്സരം പോലുള്ള പരിപാടികളും ഇപ്പോഴും നടത്താറുണ്ട്.
#RamdasVaidyar #Kerala #MalayalamLiterature #Satire #Ayurveda #SocialCommentary #NeelagiriLodge #Obituary #Remembering
