Obituary | പയ്യന്നൂരിലെ നാടക പ്രവര്‍ത്തകന്‍ ഇ എ ഗംഗാധരന്‍ നിര്യാതനായി
ഇഎജി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നു.
കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി.
ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മഹാദേവഗ്രാമം വാര്‍ഡ് പ്രസിഡന്റായിരുന്നു.
കണ്ണൂര്‍: (KVARTHA) പയ്യന്നൂരിന്റെ കലാ സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ നിറഞ്ഞ് നിന്നിരുന്ന സജീവ സാംസ്‌കാരികപ്രവര്‍ത്തകനും പ്രശസ്തനായ നാടക നടനുമായ ഇഎജി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മഹാദേവഗ്രാമത്തിലെ ഇ എ ഗംഗാധരന്‍ (72) നിര്യാതനായി.
പയ്യന്നൂര്‍ ടെമ്പിള്‍ ബ്രദേഴ്‌സ് പ്രസിഡന്റ്, സ്‌കന്ദദാസ സമാജം മുന്‍ പ്രസിഡന്റ്, ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മഹാദേവഗ്രാമം വാര്‍ഡ് പ്രസിഡന്റ്, പയ്യന്നൂര്‍ ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രം ആരാധനാ- നവരാത്രി ഉത്സവ കമിറ്റികളിലെ സ്ഥിരം സജീവ സാന്നിധ്യം എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ തിളങ്ങിയ വ്യക്തിത്വമാണ് ഇഎ ഗംഗാധരന്‍. കൗമാര പ്രായത്തില്‍ പയ്യന്നൂര്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി അരങ്ങെത്തിച്ച നാടകങ്ങളിലൂടെ രംഗത്ത് വന്ന്, ടെമ്പിള്‍ ബ്രദേഴ്‌സ്, ഡ്രമാറ്റിക തുടങ്ങിയ സംഘടനകള്‍ അവതരിപ്പിച്ച ഒരുപാട് പ്രശസ്തമായ നാടകങ്ങളില്‍ അഭിനയ മികവ് കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് ഇഎജി.
ടെമ്പിള്‍ ബ്രദേഴ്‌സിന്റെ ആദ്യ നാടകമായ അഗ്‌നിരേഖയിലെ വിലന്‍ കഥാപാത്രം, ടി പി ഭാസ്‌ക്കരപൊതുവാള്‍ രചനയും സംവിധാനവും നിര്‍വഹിച്ച് രംഗത്ത് അവതരിപ്പിച്ച ഉദയ സംക്രാന്തിയിലെ അധികാരി, ഡ്രമാറ്റിക അവതരിപ്പിച്ച നാടകമായ രാഗം ശുഭപന്തുവരാളിയിലെ ആനക്കാരന്‍, ഒരു ഇന്‍ഡ്യന്‍ യുവാവിന്റെ ഭ്രമാത്മക ചിന്തകളിലെ മധ്യവയസ്‌കന്‍ എന്നീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റുകയുണ്ടായി.
എം ടി അന്നൂര്‍ സംവിധാനം ചെയ്ത അനേകം നാടകങ്ങളില്‍ ഇഎജി ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ചന്ദ്രശേഖര്‍ ആസാദായി വേഷമിട്ട നാടകം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. നെന്മണികള്‍, ബറാബസ്, താളവട്ടം, വിശ്വരൂപം തുടങ്ങി ഒട്ടേറെ നാടകങ്ങളില്‍ മികവുറ്റ അഭിനയം കാഴ്ചവെച്ച് പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച അഭിനയ പ്രതിഭ.
പരേതരായ ഉത്തമന്തില്‍ ചിണ്ടന്‍ വൈദ്യരുടേയും ഇ എ ചിരി അമ്മയുടേയും മകനാണ്. ഭാര്യ: കാമ്പ്രത്ത് ഭാര്‍ഗവി. മക്കള്‍: സരിത കെ, സൗമ്യ, സജിത്ത്. മരുമക്കള്‍: ദിനേശ് കുമാര്‍, വി എം സുശാന്ത്. സഹോദരങ്ങള്‍: ഇ എ കൃഷ്ണന്‍, ഇ എ മാധവന്‍, ഇ എ ബാലചന്ദ്രന്‍.