Tragedy | നഴ്‌സിങ് വിദ്യാര്‍ഥിനി ആന്‍മരിയ ജീവനൊടുക്കിയത് പരീക്ഷാ പരാജയം കാരണമെന്ന് പൊലീസ്
● ഹോസ്റ്റല്‍ ശുചിമുറിയിലാണ് തൂങ്ങി മരിച്ചത്.
● സപ്ലിമെന്ററി പരീക്ഷ എഴുതേണ്ടി വന്നിരുന്നു.
● മൃതദേഹം പോസ്റ്റുമോര്‍ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.
തളിപ്പറമ്പ്: (KVARTHA) ഫിസിയോതെറാപി വിദ്യാര്‍ഥിനി ആന്‍മരിയ(22)യുടെ മരണത്തില്‍ പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപോര്‍ട് പുറത്തുവന്നു. ആന്‍മരിയ ജീവനൊടുക്കിയത് പരീക്ഷാ പരാജയ കാരണത്താലാണെന്നാണ് പൊലീസിന്റെ അന്വേഷണ റിപോര്‍ട്.
പൊലീസ് പറയുന്നത്: വെളളിയാഴ്ച വൈകുന്നേരം തളിപ്പറമ്പ് ലൂര്‍ദ് ഫിസിയോതെറാപി കോളജിലെ വിദ്യാര്‍ഥിനി ആന്‍മരിയ തൂങ്ങിമരിക്കാന്‍ കാരണം പരീക്ഷ സംബന്ധിച്ച് അമ്മ ഫോണില്‍ വിളിച്ച് വഴക്ക് പറഞ്ഞതിനാണെന്ന് സഹപാഠിനി മൊഴി നല്‍കിയിട്ടുണ്ട്.
എറണാകുളം തോപ്പുംപടി കൊച്ചുപള്ളി റോഡില്‍ കോനോത്ത് വീട്ടില്‍ ടെന്‍സന്റെ മകള്‍ കെ ആന്‍മരിയ വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിക്കും 4.15 നും ഇടയിലാണ് പട്ടുവം റോഡിലെ ലൂര്‍ദ് ലേഡീസ് ഹോസ്റ്റല്‍ മുറിയിലെ ശുചിമുറിയിലെ ഹുക്കില്‍ ചുരിദാര്‍ ഷാളില്‍ തൂങ്ങി മരിച്ചത്.
ഫിസിയോതെറാപി അവസാനവര്‍ഷ വിദ്യാര്‍ഥിനിയാണ്. ഒരു വിഷയം ഒഴികെ മറ്റ് വിഷയങ്ങളില്‍ വിജയിക്കാതെ വന്നതിനാല്‍ സപ്ലിമെന്ററി പരീക്ഷ എഴുതേണ്ടി വന്നിരുന്നു. ഇതില്‍ കഴിഞ്ഞ ദിവസം ആന്‍മരിയയുടെ അമ്മ ഫോണില്‍ വിളിച്ച് വഴക്ക് പറഞ്ഞിരുന്നു. ഇതിന്റെ മനോവിഷമം കാരണം വെള്ളിയാഴ്ച ക്ലാസില്‍ പോകാതെ മുറിയില്‍ കഴിഞ്ഞ ആന്‍മരിയ തൂങ്ങി മരിക്കുകയായിരുന്നു.
ഒന്നിച്ച് മുറിയില്‍ താമസിക്കുന്ന സോന സെബാസ്റ്റിയ എന്ന വിദ്യാര്‍ഥിനി ക്ലാസ് കഴിഞ്ഞ് മുറിയിലെത്തിയപ്പോഴാണ് ആന്‍മരിയയെ മരിച്ച നിലയില്‍ കണ്ടത്. പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡികല്‍ കോളജ് ആശുപത്രിയിലെ മോര്‍ചറിയില്‍ സൂക്ഷിച്ച മൃതദേഹം ബന്ധുക്കള്‍ ശനിയാഴ്ച രാവിലെ പോസ്റ്റുമോര്‍ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.
(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
#nursingsudent #examstress #mentalhealth #Kannur #Kerala #death #hostel