Found Dead | തിരുവനന്തപുരത്ത് അമ്മയെയും മകളെയും വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് ജീവനൊടുക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍


തിരുവനന്തപുരം: (KVARTHA) പാലോട് പേരയം ചെല്ലഞ്ചിയില്‍ അമ്മയും മകളും മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്ന് ബന്ധുക്കള്‍. ചെല്ലഞ്ചി ഗീതാലയത്തില്‍ സുപ്രഭ (88), ഇവരുടെ മകള്‍ ഗീത (59) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് ദിവസം മുന്‍പ് 12 സെന്റ് വസ്തുവുമായി ബന്ധപ്പെട്ടുള്ള കേസില്‍ ഇവര്‍ക്ക് പ്രതികൂലമായിട്ടായിരുന്നു വിധി. ഇത് ഇരുവരെയും മാനസികമായി തളര്‍ത്തിയിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പാലോട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അമിതമായി ഗുളിക കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവം നടക്കുമ്പോള്‍ ഗീതയുടെ ഭര്‍ത്താവ് വത്സലന്‍ വീട്ടില്‍ ഉണ്ടായിരുന്നു. ശനിയാഴ്ച (06.07.2024) രാവിലെ എട്ടരയോടെയാണ് ഗീതയുടെ മൃതദേഹം വീടിന്റെ ഹാളിലും സുപ്രഭയുടെ മൃതദേഹം മുറിക്ക് ഉള്ളിലുമായി കണ്ടെത്തിയത്. പാലോട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)