പണ്ഡിത കുലപതിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റുമായ കെ പി അബൂബക്കർ ഹസ്രത്ത് വിടവാങ്ങി; ഖബറടക്കം വൈകിട്ട് നാലിന് മുട്ടയ്ക്കാവിൽ

 
Prominent Islamic Scholar KP Aboobacker Hazrath Passes Away
Watermark

Photo Credit: Facebook/Dakshina Kerala Jamiyyathul Ulama Followers

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● കൊല്ലം മീയണ്ണൂർ അസീസിയ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
● ആറ് പതിറ്റാണ്ടിലേറെയായി മതധ്യാപന രംഗത്ത് നിറസാന്നിധ്യമായിരുന്നു.
● പട്ടിക്കാട് ജാമിയ നൂരിയ്യയിലെ ആദ്യ ബാച്ച് വിദ്യാർത്ഥിയായിരുന്നു.
● വർക്കല ജാമിയ മന്നാനിയ്യ ഇസ്ലാമിക് യൂണിവേഴ്സിറ്റി പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
● മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉൾപ്പെടെയുള്ളവർ അനുശോചിച്ചു.

കൊല്ലം: (KVARTHA) കേരളത്തിലെ മുതിർന്ന ഇസ്ലാമിക പണ്ഡിതനും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റുമായ നൂറുൽ ഉലമ കെ.പി. അബൂബക്കർ ഹസ്രത്ത് (85) വിടവാങ്ങി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊല്ലം മീയണ്ണൂർ അസീസിയ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെ ഞായറാഴ്ച (2026 ജനുവരി 4) പുലർച്ചെ സുബ്ഹി നമസ്കാര സമയത്തോടെയായിരുന്നു അന്ത്യം.
ആറ പതിറ്റാണ്ടിലേറെക്കാലം മതധ്യാപന രംഗത്ത് നിറസാന്നിധ്യമായിരുന്ന അദ്ദേഹം, ആയിരക്കണക്കിന് പണ്ഡിതന്മാരുടെ ഗുരുവര്യനായിരുന്നു. മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടിലെത്തിച്ചു. ഖബറടക്കം വൈകിട്ട് നാല് മണിക്ക് കൊല്ലം മുട്ടയ്ക്കാവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Aster mims 04/11/2022

ചരിത്രമായ ജീവിതം 

എറണാകുളം ജില്ലയിലെ കാക്കനാട് പടമുകൾ മുസ്ലിം ജമാഅത്തിൽ ജനിച്ച അദ്ദേഹം, പ്രാഥമിക പഠനം അവിടെത്തന്നെ കോക്കൂർ കുഞ്ഞഹമ്മദ് മുസ്ലിയാരുടെ കീഴിൽ പൂർത്തിയാക്കി. തുടർന്ന് പരപ്പനങ്ങാടി പനയത്തിൽ പള്ളിയിൽ വെച്ച് 'ഉസ്താദുൽ അസാതീദ്' കോട്ടുമല അബൂബക്കർ മുസ്ലിയാരുടെ കീഴിൽ ഉപരിപഠനം നടത്തി.


പട്ടിക്കാട് ജാമിയ നൂരിയ്യ അറബിക് കോളേജ് സ്ഥാപിതമായപ്പോൾ, കോട്ടുമല ഉസ്താദ് അവിടെ പ്രധാന അധ്യാപകനായി ചുമതലയേറ്റു. ഗുരുവിനൊപ്പം ജാമിയ നൂരിയ്യയിലെത്തിയ കെ.പി. അബൂബക്കർ ഹസ്രത്ത്, സ്ഥാപനത്തിലെ ആദ്യ ബാച്ച് വിദ്യാർത്ഥിയായി മാറി. ജാമിയ നൂരിയ്യയിൽ നിന്ന് പുറത്തിറങ്ങിയ ആദ്യത്തെ ഫൈസി ബിരുദധാരികളിൽ ഒരാളും, വിടവാങ്ങുമ്പോൾ ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും സീനിയറായ ഫൈസിയുമായിരുന്നു അദ്ദേഹം. പഠനകാലത്ത് ശംസുൽ ഉലമ ഇ.കെ. അബൂബക്കർ മുസ്ലിയാരുടെ ശിഷ്യത്വം സ്വീകരിക്കാനും അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു.

നേതൃപദവിയിൽ 

ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ രൂപീകരണ കാലം മുതൽ സംഘടനയിൽ സജീവമായിരുന്നു. ദീർഘകാലം സീനിയർ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു. 2022-ൽ ചേലക്കുളം അബുൽ ബുഷ്‌റ മുഹമ്മദ്‌ മൗലവിയുടെ വിയോഗത്തെത്തുടർന്നാണ് അദ്ദേഹം ദക്ഷിണയുടെ പ്രസിഡന്റ് പദവി ഏറ്റെടുത്തത്. ഒ.ബി. തഖ്‌യുദ്ധീൻ ഫാരീദുദ്ധീൻ മുസ്ലിയാർ, റഈസുൽ ഉലമ ഷിഹാബുദ്ദീൻ മുസ്ലിയാർ, നൂഹ് മൗലാന, വടുതല വി.എം. മൂസാ മൗലവി തുടങ്ങിയ മുൻകാല നേതാക്കളുമായി അദ്ദേഹം അടുത്ത ബന്ധം പുലർത്തിയിരുന്നു.

അറിവിന്റെ വെളിച്ചം പകർന്ന് 

കൊല്ലം തേവലക്കര, മുട്ടയ്ക്കാവ് മുസ്ലിം ജമാഅത്തുകൾ, കൊല്ലൂർവിള മഅദനുൽ ഉലൂം അറബിക് കോളേജ്, അൻവർശ്ശേരി എന്നിവിടങ്ങളിൽ ദീർഘകാലം മുദരിസായി സേവനമനുഷ്ഠിച്ചു. നിലവിൽ വർക്കല ജാമിയ മന്നാനിയ്യ ഇസ്ലാമിക് യൂണിവേഴ്സിറ്റി പ്രിൻസിപ്പലായിരുന്നു. അറുപത് വർഷത്തോളം നീണ്ട അധ്യാപന ജീവിതത്തിൽ ദക്ഷിണ കേരളത്തിലെ ഭൂരിഭാഗം പണ്ഡിതന്മാരും അദ്ദേഹത്തിന്റെ ശിഷ്യരോ, ശിഷ്യരുടെ ശിഷ്യരോ ആണ്.
കെ.എം.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ശംസുദ്ദീൻ മന്നാനി, ഷറഫുദ്ദീൻ ബാഖവി ചുങ്കപ്പാറ, സഈദ് ഫൈസി തടിക്കാട്, നവാസ് മന്നാനി പനവൂർ, അബ്ദുൽ നാസർ മഅദനി, ഏരൂർ ശംസുദ്ദീൻ മദനി തുടങ്ങിയവർ അദ്ദേഹത്തിന്റെ പ്രമുഖ ശിഷ്യന്മാരാണ്. കക്കിടിപ്പുറം അബൂബക്കർ മുസ്ലിയാർ, അതിരാമ്പട്ടണം കെ.ടി. മുഹമ്മദ് കുട്ടി ഹസ്രത്ത് എന്നിവരിൽ നിന്ന് ആത്മീയ സ്ഥാനങ്ങൾ (ഇജാസത്ത്/ഖലീഫ പദവി) അദ്ദേഹം കരസ്ഥമാക്കിയിരുന്നു.

സർവ്വസ്വീകാര്യൻ 

സംഘടനാ ഭേദമന്യേ എല്ലാവർക്കും സ്വീകാര്യനായിരുന്നു കെ.പി. അബൂബക്കർ ഹസ്രത്ത്. അസുഖബാധിതനായി കിടപ്പിലായപ്പോൾ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ മകൻ ഡോ. എ.പി. അബ്ദുൽ ഹക്കീം അസ്ഹരി തുടങ്ങി വിവിധ സംഘടനാ നേതാക്കൾ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.

കുടുംബം 


ഭാര്യ: ഹന്ന ബീവി. മക്കൾ: മുജീബ്, സാദിഖ്, അമീറ. മരുമക്കൾ: അമാനുല്ല, ഷിമിയ, ഷീബ.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, വിവിധ മത-രാഷ്ട്രീയ നേതാക്കൾ എന്നിവർ നിര്യാണത്തിൽ അനുശോചിച്ചു.

പണ്ഡിത കുലപതിക്ക് വിട; സുന്നി കൈരളിക്ക് തീരാനഷ്ടമായ ഈ വിയോഗത്തിൽ പ്രാർത്ഥനയോടെ പങ്കുചേരാം.

Article Summary: Senior Islamic scholar and Dakshina Kerala Jamiyyathul Ulama President KP Aboobacker Hazrath passed away at 85. Funeral to be held at Muttakkavu.

#KPAboobackerHazrath #DakshinaKeralaJamiyyathulUlama #IslamicScholar #KeralaNews #Obituary #Kollam

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia