Accidental Death | കൊച്ചിയില്‍ ബസ് മറിഞ്ഞ് ഇരുചക്ര വാഹന യാത്രികന് ദാരുണാന്ത്യം; നിരവധി യാത്രകാര്‍ക്ക് പരുക്ക്


12 പേരാണ് ചികില്‍സയിലുള്ളത്.
ബസ് നല്ല വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍.
മരടിനടുത്ത് മാടവനയില്‍ ട്രാഫിക് സിഗ്‌നലിലാണ് കല്ലട ബസ് അപകടം നടന്നത്.
കൊച്ചി: (KVARTHA) ഇടപ്പള്ളി - അരൂര്‍ ദേശീയ പാതയില്‍ സ്വകാര്യ ബസ് മറിഞ്ഞ് ഇരുചക്ര വാഹന യാത്രികന് ദാരുണാന്ത്യം. ഇടുക്കി വാഗമണ്‍ സ്വദേശി ജിജോ സെബാസ്റ്റ്യന്‍ (33) ആണ് മരിച്ചത്. ബസില്‍ ഉണ്ടായിരുന്ന നിരവധി യാത്രകാര്‍ക്ക് പരുക്കേറ്റു. കൊച്ചി മരടിനടുത്ത് മാടവനയില്‍ ട്രാഫിക് സിഗ്‌നലിലാണ് അപകടം നടന്നത്.
നിയന്ത്രണംവിട്ട ബസ് ബൈകിന് മുകളിലേക്ക് മറിഞ്ഞാണ് യുവാവ് മരിച്ചത്. ബസ് നല്ല വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ചുവപ്പ് സിഗ്‌നല്‍ വന്നതോടെ നിര്‍ത്താനുള്ള ശ്രമത്തില്‍ ബസ് സഡന്‍ ബ്രേകിട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. ഇതോടെ നിയന്ത്രണം നഷ്ടമായ ബസ് സമീപം നിര്‍ത്തിയിട്ട ബൈകിന് മുകളിലേക്ക് മറിയുകയായിരുന്നു.
ബെംഗ്‌ളൂറില്‍നിന്ന് വര്‍ക്കലയിലേക്ക് പോവുകയായിരുന്ന എന്‍എല്‍ 01 ജി 2864 രജിസ്‌ട്രേഷനുള്ള കല്ലട ബസാണ് അപകടത്തില്‍പെട്ടത്. അതീവ ഗുരുതരാവസ്ഥയിലാണ് ബൈക് യാത്രികനെ ആശുപത്രിയില്‍ എത്തിച്ചത്. 12 പേരാണ് ചികില്‍സയിലുള്ളതെന്നും ആരുടെയും പരുക്ക് സാരമുള്ളതല്ലെന്നുമാണ് പുറത്തുവരുന്ന റിപോര്‍ട്.