ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കെ കെ കൃഷ്ണൻ ചികിത്സയിലിരിക്കെ മരിച്ചു


● സിപിഎം ഒഞ്ചിയം മുൻ ഏരിയാ കമ്മിറ്റി അംഗമായിരുന്നു.
● ടി.പി. വധക്കേസിലെ പത്താം പ്രതിയായിരുന്നു.
● ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചുവരികയായിരുന്നു.
● സിപിഎം നേതാക്കളും പ്രവർത്തകരും അന്തിമോപചാരമർപ്പിച്ചു.
പരിയാരം: (KVARTHA) ഒഞ്ചിയത്തെ ആർ.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയും സി.പി.എം. പ്രാദേശിക നേതാവുമായിരുന്ന വടകര ഏറാമല പഞ്ചായത്തിലെ തട്ടോളിക്കരയിലെ കെ.കെ. കൃഷ്ണൻ (65) നിര്യാതനായി.
ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഏറെ നാളായി ചികിത്സയിലായിരുന്നു.
സി.പി.എം. ഒഞ്ചിയം മുൻ ഏരിയാ കമ്മിറ്റി അംഗവും വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും കെ.കെ. കൃഷ്ണൻ പ്രവർത്തിച്ചിട്ടുണ്ട്. ടി.പി. വധക്കേസിലെ പത്താം പ്രതിയായ കെ.കെ. കൃഷ്ണൻ ജീവപര്യന്തം തടവിന് കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചുവരികയായിരുന്നു.
ഇതിനിടെ ന്യുമോണിയ ബാധിച്ചതിനെത്തുടർന്ന് ജയിലിൽനിന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ അതിതീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ഭാര്യ: യശോദ. മക്കൾ: സുസ്മിത (സഹകരണ വകുപ്പ് എ.ആർ. ഓഫീസ്, വടകര), സുമേഷ് (അസി. മാനേജർ, കെ.എസ്.എഫ്.ഇ., വടകര), സുജീഷ് (സോഫ്റ്റ്‌വെയർ എൻജിനീയർ). മരുമക്കൾ: പി.പി. മനോജൻ (കേരള ബാങ്ക്, നാദാപുരം), രനിഷ, പ്രിയ. സഹോദരങ്ങൾ: മാത. പരേതരായ കുഞ്ഞിക്കണ്ണൻ, ചാത്തു, ഗോപാലൻ, കണാരൻ. സംസ്കാരം പിന്നീട് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
കെ.കെ. കൃഷ്ണന്റെ വിയോഗവാർത്തയറിഞ്ഞ് സി.പി.എം. നേതാക്കളും പ്രവർത്തകരും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അന്തിമോപചാരമർപ്പിക്കാനെത്തിയിരുന്നു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: Former Vadakara Block Panchayat President K.K. Krishnan passed away.
#KeralaPolitics #Obituary #CPIM #TPChandrasekharanCase #Vadakara #Kannur