Keralite Died | ഡെല്‍ഹിയില്‍ ഐഎഎസ് പരിശീലന കേന്ദ്രത്തില്‍ വെള്ളം കയറി മരിച്ചവരില്‍ ഒരു മലയാളിയും


നവീന്‍ ഡെല്‍വിന്‍ (28) ആണ് മരിച്ച മലയാളി.
ശ്രേയ (25), ടാനിയ (25) എന്നിവരാണ് മരിച്ച മറ്റു രണ്ടുപേര്‍.
ന്യൂഡെല്‍ഹി: (KVARTHA) ഐഎഎസ് പരിശീലന കേന്ദ്രത്തിന്റെ ( IAS Coaching Centre) ബേസ്മെന്റില്‍ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ (Flood) മരിച്ച മൂന്നു വിദ്യാര്‍ഥികളില്‍ മലയാളിയും. കേരളത്തില്‍ നിന്നുള്ള നവീന്‍ ഡെല്‍വിന്‍ (28) ആണ് മരിച്ച ഒരാളെന്ന് ഡെല്‍ഹി പൊലീസ് (Delhi Police) അറിയിച്ചു.
ഡെല്‍ഹിയിലെ രാജേനന്ദ്രനഗറിലുള്ള റാവൂസ് എന്ന സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ ശനിയാഴ്ച (27.07.2024) വൈകിട്ടായിരുന്നു അപകടം. ശ്രേയ (25), ടാനിയ (25) എന്നിവരാണ് മരിച്ച മറ്റു രണ്ടുപേര്‍.
കനത്ത മഴയില്‍ തറനിരപ്പിലേക്ക് പൊടുന്നനെ വെള്ളം ഇരച്ചെത്തുകയായിരുന്നു. വിദ്യാര്‍ഥികള്‍ നാല് മണിക്കൂറിലധികം തറനിരപ്പില്‍ കുടുങ്ങിക്കിടക്കുകയും വെള്ളത്തില്‍ മുങ്ങി ജീവന്‍ നഷ്ടപ്പെടുകയുമായിരുന്നു. രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും മൂവരെയും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
രക്ഷാപ്രവര്‍ത്തനം ആരംഭിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് രണ്ട് വിദ്യാര്‍ഥിനികളുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ആദ്യ മൃതദേഹം ശനിയാഴ്ച (27.07.2024) രാത്രി 10.40നും രണ്ടാമത്തെ മൃതദേഹം രാത്രി 11.18നും മൂന്നാമത്തെ മൃതദേഹം ഞായറാഴ്ച (28.07.2024) പുലര്‍ചെ 1.05നുമാണ് കണ്ടെത്തിയത്. ഏകദേശം എട്ട് മണിക്കൂര്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനം രാവിലെ വൈകിയാണ് പൂര്‍ത്തിയായത്.
ഡെല്‍ഹി സര്‍കാര്‍ ഈ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ റിപോര്‍ട് സമര്‍പിക്കാന്‍ റവന്യൂ മന്ത്രി അതിഷി ചീഫ് സെക്രടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായാണ് വിവരം.
അതേസമയം, കാലാവസ്ഥാ വ്യതിയാനം മൂലം ഡെല്‍ഹിയില്‍ കനത്ത മഴയുടെ സാധ്യത വര്‍ധിച്ചിട്ടുണ്ട്. ശക്തമായ മഴയാണ് ഈ ദുരന്തത്തിന് പ്രധാന കാരണം. കൂടാതെ, ഓടകള്‍ വൃത്തിയാക്കല്‍, കോചിങ് സെന്ററിന്റെ നിര്‍മാണം തുടങ്ങിയവ സംബന്ധിച്ച് നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
ഡെല്‍ഹിയിലെ അമിതമായ നഗരവല്‍ക്കരണവും അനധികൃതമായി കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതും മൂലം വെള്ളം ഒഴുകിമാറാനുള്ള സ്ഥലം കുറഞ്ഞിരിക്കുന്നു. ഇത് വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും കാരണമാകുന്നു. നഗരത്തിലെ ഓടകളും തോടുകളും ശരിയായി പരിപാലിക്കാത്തത് മൂലം വെള്ളം ഒഴുകിമാറാന്‍ വഴിയില്ലാത്തതിനാല്‍ വെള്ളപ്പൊക്കം ഉണ്ടാകുകയും ചെയ്യുന്നു. നഗരത്തിലെ തോടുകള്‍ ശുചിയാക്കുകയും വികസിപ്പിക്കുകയും ചെയ്താല്‍ മഴവെള്ളം കെട്ടിക്കിടക്കുന്നതിനൊരു പരിഹാരമാകും.