കേരളത്തിൽ മഴക്കെടുതി രൂക്ഷം: തൊഴിലുറപ്പ് തൊഴിലാളിയടക്കം മൂന്ന് മരണം; വ്യാപക നാശം


● തൊഴിലുറപ്പ് തൊഴിലാളി അന്നക്കുട്ടി മരിച്ചു.
● ആലപ്പുഴയിൽ ഒരാൾ വെള്ളക്കെട്ടിൽ വീണ് മരിച്ചു.
● വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു.
● മലപ്പുറത്തും എറണാകുളത്തും രണ്ട് പേരെ കാണാതായി.
● നൂറിലേറെ വീടുകൾ തകർന്നു.
● റെയിൽ, റോഡ് ഗതാഗതം തടസ്സപ്പെട്ടു.
● വൈദ്യുതി വകുപ്പിന് കോടികളുടെ നഷ്ടം.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് ശക്തമായ കാറ്റിലും മഴയിലും മരം വീണ് തൊഴിലുറപ്പ് തൊഴിലാളിയായ വയോധികയ്ക്ക് ദാരുണാന്ത്യം. തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന തിരുമാറാടി വില്ലേജ് കരവട്ടേ അമ്മാം കുളത്തിൽ അന്നക്കുട്ടി (85) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. വീട്ടിലേക്ക് പോകുന്ന വഴിയിലെ പറമ്പിൽ നിന്നിരുന്ന റബ്ബർ മരവും വട്ടമരവും കടപുഴകി അന്നക്കുട്ടിയുടെ ദേഹത്ത് പതിക്കുകയായിരുന്നു. മൃതദേഹം കൂത്താട്ടുകുളം ദേവമാതാ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇത് കൂടാതെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ രണ്ട് മരണം കൂടി നടന്നു. ആലപ്പുഴ പുന്നപ്രയില്‍ മീന്‍പിടിക്കാന്‍പോയ ആള്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ചു. വിഴിഞ്ഞത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. വള്ളം മറിഞ്ഞ് കാണാതായ രണ്ടുപേരില്‍ ഒരാളുടെ മൃതദേഹമാണ് കിട്ടിയത്. മത്സ്യത്തൊഴിലാളിയായ പുല്ലുവിള സ്വദേശി തഥയൂസ് ആണ് മരിച്ചത്. പൂവാറില്‍ നിന്നാണ് മൃതദേഹം കിട്ടിയത്. കാണാതായ സ്റ്റെല്ലസിനായി തെരച്ചില്‍ നടത്തുകയാണ്. മത്സ്യബന്ധനത്തിന് പോയി മടങ്ങിയ അഞ്ചംഗ സംഘം സഞ്ചരിച്ച വള്ളം വിഴിഞ്ഞം വാര്‍ഫിന് സമീപത്തുവെച്ചാണ് മറിഞ്ഞത്. മൂന്നുപേര്‍ നീന്തി രക്ഷപ്പെട്ടു.
ആലപ്പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ ആള്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ചു. പറവൂര്‍ സ്വദേശി കെജെ ജെയിംസ് (65) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പറവൂര്‍ കിഴക്ക് ഇളയിടതുരുത്ത് പഠശേഖരത്തില്‍ ആണ് മരിച്ച നിലയില്‍ കണ്ടത്. കാല്‍ വഴുതി വീണതാകാമെന്ന് പ്രാഥമിക നിഗമനം.
മലപ്പുറം കാളികാവിലും എറണാകുളം ചെറായിയിലും ശക്തമായ ഒഴുക്കില്‍പ്പെട്ട് രണ്ട് പേരെ കാണാതായി. കനത്ത മഴയില്‍ മരം വീണ് വ്യാപകനാശമാണ് വിവിധ ജില്ലകളിലുണ്ടായത്. നിരവധി വീടുകള്‍ തകര്‍ന്നു. നദികളില്‍ ജലനിരപ്പുയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ജനശതാബ്ദിയടക്കം ട്രെയിനുകള്‍ വെള്ളിയാഴ്ച വൈകിയോടുകയാണ്.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു
ബംഗാൾ തീരത്തിന് സമീപം അതിതീവ്ര ന്യൂനമർദം രൂപപ്പെട്ടതോടെ കേരളത്തിൽ കനത്ത മഴ തുടരുകയാണ്. വെള്ളിയാഴ്ച മുതൽ അഞ്ച് ദിവസം മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. കഴിഞ്ഞ രാത്രി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കനത്ത മഴ പെയ്തു. നൂറിലേറെ വീടുകൾ ഭാഗികമായി തകരുകയും, പലയിടത്തും റെയിൽവേ ട്രാക്കിൽ മരം വീണത് കാരണം റെയിൽ ഗതാഗതം താറുമാറാവുകയും ചെയ്തു. വാഹനങ്ങൾക്ക് മുകളിൽ മരം വീണുണ്ടായ വിവിധ അപകടങ്ങളിൽ 10 പേർക്ക് പരിക്കേറ്റു. മഴയിൽ മരം വീണ് തലസ്ഥാനത്തടക്കം വൈദ്യുതി ബന്ധം തകരാറിലാണ്. വൈദ്യുതി വകുപ്പിന് കോടികളുടെ നഷ്ടമാണ് കണക്കാക്കുന്നത്. രണ്ടായിരം ഹൈടെൻഷൻ പോസ്റ്റുകളും, പതിനാറായിരം ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു, അൻപതിനായിരത്തോളം സ്ഥലങ്ങളിൽ വൈദ്യുതി ലൈനുകൾ പൊട്ടിവീണു.
കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായതോടെ കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം നിറഞ്ഞു. പാടശേഖരങ്ങള്‍ കരകവിഞ്ഞ് വീടുകളിലേക്ക് വെള്ളം കയറിത്തുടങ്ങി. കോട്ടയത്തെ പടിഞ്ഞാറന്‍ മേഖലയിലും വെള്ളക്കെട്ട്. മണിമല, മീനച്ചില്‍, മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. പമ്പയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പത്തനംതിട്ടയിലെ കോസ്‌വേകള്‍ മുങ്ങി. പത്തനംതിട്ടയില്‍ മണിമലയാര്‍ കരകവിഞ്ഞ് തിരുവല്ലയ്ക്കടുത്ത് തിരുമൂലപുരം, മംഗലശ്ശേരി, ആറ്റുമാലി പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി. പ്രദേശവാസികളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി
കണ്ണൂരില്‍ മലയോരമേഖലകളില്‍ മഴ ശക്തം പെരുമഴയില്‍ റോഡ് ഗതാഗതവും അവതാളത്തിലായി. ദേശീയപാതയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ചട്ടഞ്ചാലിലും ചെര്‍ക്കളയ്ക്കും ഇടയില്‍ മഴവെള്ളപ്പാച്ചിലുണ്ടായി. പലയിടത്തും മണ്ണിടിഞ്ഞു. നാദാപുരം തലശ്ശേരി സംസ്ഥാന പാതയില്‍ പെരിങ്ങത്തൂര്‍ പാലത്തിന് സമീപം വന്‍ തണല്‍ മരം കടപുഴകി വീണു.കാസര്‍കോട് മലയോര ഹൈവേയില്‍ നന്ദാരപ്പദവ് ചേവാര്‍ റൂട്ടില്‍ മണ്ണിടിച്ചിലുണ്ടായി. ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.
കേരളത്തിലെ മഴക്കെടുതിയെക്കുറിച്ച് നിങ്ങൾക്കുള്ള ആശങ്കകൾ എന്തൊക്കെയാണ്? വാർത്ത സുഹൃത്തുക്കളുമായി പങ്കുവെക്കൂ.
Article Summary: Heavy rains in Kerala cause 3 deaths, 2 missing, widespread destruction, and power outages.
#KeralaRains #MonsoonDisaster #KeralaFloods #WeatherAlert #RainDamage #DisasterManagement