Obituary | കണ്ണൂരിലെ സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ കവിയൂര്‍ രാഘവന്‍ വിടവാങ്ങി


മദ്യനിരോധനസമിതിയുടെ മുന്നണി പോരാളിയായിരുന്നു.
നിരവധി കവിതാ സമാഹാരങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അക്ഷര ഗുരുവെന്ന് അറിയപ്പെട്ടിരുന്നു.
അരനൂറ്റാണ്ടിലേറെക്കാലം കണ്ണൂരിലെ കലാസാഹിത്യ മേഖലയില്‍ സജീവ സാന്നിധ്യമായിരുന്നു.
കണ്ണൂര്‍: (KVARTHA) നാടിനെ ദുഃഖത്തിലാഴ്ത്തി അക്ഷര ഗുരു കവിയൂര്‍ രാഘവന്റെ (80) വിയോഗം. വാര്‍ധക്യത്തിന്റെ അവശതയിലും കണ്ണൂരിലെ സാംസ്‌കാരിക, സാമൂഹ്യ മേഖലയില്‍ സജീവമായിരുന്നു അക്ഷര ഗുരുവെന്ന് അറിയപ്പെട്ടിരുന്ന കവിയൂര്‍ രാഘവന്‍. ഉത്തര കേരള കവിതാ സാഹിത്യവേദിയുടെ അമരക്കാരനായി നീണ്ട 53 വര്‍ഷക്കാലം അദ്ദേഹം നഗരത്തില്‍ പ്രതിമാസ സാഹിത്യ പരിപാടികള്‍ നടത്തിയിരുന്നു.
വെള്ളിയാഴ്ച (31.05.2024) ഉച്ചയ്ക്ക് പതിവുപോലെ കണ്ണൂര്‍ സംഗീത കലാക്ഷേത്രത്തില്‍ പോകാന്‍ ഒരുങ്ങുമ്പോഴാണ് അന്ത്യം സംഭവിച്ചത്. ഭാര്യയും നാടക നടിയുമായ എവി സരസ്വതിയും മകള്‍ സംഗീതയും സരസ്വതിയുടെ ചികിത്സാര്‍ഥം മംഗ്‌ളൂറിലേക്ക് പോയപ്പോഴായിരുന്നു അന്ത്യം.
ഉത്തര കേരള കവിതാ സാഹിത്യവേദിയുടെ ഒരു പരിപാടിയില്‍ അധ്യക്ഷത വഹിക്കേണ്ടിയിരുന്ന രാഘവന്‍ എത്താത്തതിനെ തുടര്‍ന്ന് സംഘാടകര്‍ വിളിച്ചെങ്കിലും ഫോണെടുത്തിരുന്നില്ല. ഇതേ തുടര്‍ന്ന് പള്ളിക്കുന്നിലെ വീട്ടില്‍ എത്തിയപ്പോഴാണ് അവശനിലയില്‍ കണ്ടെത്തിയത്. പരിപാടിക്ക് വരുന്നതിനായി മിനുട്‌സ് ബുകും കുടയും ബാഗും വീട്ടുവരാന്തയില്‍വെച്ചിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മുംബൈ മെഡികല്‍ കംപനിയില്‍ ജോലി ചെയ്തിരുന്ന രാഘവന്‍ ഉദ്യോഗം രാജിവെച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇക്കാലത്താണ് നാടക നടിയായ സരസ്വതിയെ പരിചയപ്പെടുകയും വിവാഹിതനാവുകയും ചെയ്യുന്നത്. മക്കളായ കവിത, സംഗീത എന്നിവരും കലാമേഖലയില്‍ തന്നെ പ്രവര്‍ത്തിക്കുന്നവരാണ്.
ചൊക്‌ളിയിലെ കവിയൂരില്‍ ജനിച്ച് വളര്‍ന്ന കവിയൂര്‍ രാഘവന്‍ അരനൂറ്റാണ്ടിലേറെക്കാലം കണ്ണൂരിലെ കലാസാഹിത്യ മേഖലയില്‍ സജീവ സാന്നിധ്യമായിരുന്നു. കവി എഴുത്തുകാരന്‍, പൊതുപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശോഭിച്ച അദ്ദേഹം പുതു തലമുറയിലെ എഴുത്തുകാര്‍ക്ക് പ്രചോദനവും മാര്‍ഗദര്‍ശിയുമായിരുന്നു. നിരവധി കവിതാ സമാഹാരങ്ങളും ലേഖനങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മദ്യനിരോധനസമിതിയുടെ മുന്നണി പോരാളി കൂടിയായിരുന്നു കവിയൂര്‍ രാഘവന്‍.