Student Drowned | കണ്ണൂര്‍ പുഴയില്‍ ഒഴുക്കില്‍പെട്ട രണ്ടാമത്തെ വിദ്യാര്‍ഥിനിയുടെ മൃതദേഹവും കണ്ടെത്തി


കണ്ണൂര്‍: (KVARTHA) ഇരിക്കൂര്‍ പടിയൂര്‍ പൂവം പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്‍ഥിനിയുടെ മൃതദേഹവും കണ്ടെത്തി. ഇരിക്കൂറിലെ സിഗ്ബാ കോളജിലെ സൈകോളജി അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ ചക്കരക്കല്‍ നാലാം പീടിക സ്വദേശി സൂര്യ (21) ആണ് മരിച്ചത്.
ഇവരോടൊപ്പം കാണാതായ കൂട്ടുകാരി ശഹര്‍ബാന(20)യുടെ മൃതദേഹം വ്യാഴാഴ്ച (04.07.2024) രാവിലെ കിട്ടിയിരുന്നു. ഇവര്‍ മുങ്ങി താഴ്ന്ന സ്ഥലത്തുനിന്നും ഏതാനും അകലെ നിന്നും ഉച്ചക്ക് 12.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.
കണ്ണൂര്‍ പുഴയില്‍ ഒഴുക്കില്‍പെട്ട് മരിച്ച വിദ്യാര്‍ഥിനികളുടെ മൃതദേഹങ്ങള്‍ ലഭിച്ചു pic.twitter.com/DPI9tv5acM
— kvartha.com (@kvartha) July 4, 2024
ഇരിട്ടി, മട്ടന്നൂര്‍ അഗ്നിരക്ഷാ സേനകള്‍ നടത്തിയ തിരച്ചില്‍ വിഫലമായതിനെ തുടര്‍ന്ന് ബുധനാഴ്ച (03.07.2024) സന്ധ്യയോടെ എത്തിയ 30 അംഗ എന്‍ഡിആര്‍എഫ് സംഘം വ്യാഴാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
പഴശ്ശി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശമായ പടിയൂര്‍ പൂവം കടവില്‍ വച്ചാണ് രണ്ട് വിദ്യാര്‍ഥികളും ഒഴുക്കില്‍പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച (02.07.2024) വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്. കണ്ണൂര്‍ സര്‍വകലാശാല നടത്തിയ സെമസ്റ്റര്‍ പരീക്ഷ എഴുതിയതിനെ തുടര്‍ന്ന് വൈകുന്നേരം അഞ്ചു മണിയോടെ സഹപാഠിനിയുടെ വീട്ടിലെത്തിയതായിരുന്നു ഇവര്‍. ഇതിനിടെയില്‍ പുഴയോരത്തുനിന്നും സെല്‍ഫിയെടുക്കുന്നതിനിടെയാണ് ഒഴുക്കില്‍പെട്ടത്.
ഇരിക്കൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയതിനുശേഷം മൃതദേഹം പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടവിവരമറിഞ്ഞ് നേരത്തെ കെ സുധാകരന്‍ എം പി, സജീവ് ജോസഫ് എം എല്‍ എ, പി കെ ശ്രീമതി, എം വി ജയരാജന്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു.