മിനിയേച്ചർ ലൈറ്റിൽ നിന്ന് ഷോക്കേറ്റു; അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം


● മട്ടന്നൂർ കോളാരി സ്വദേശി മുഹിയുദ്ദീൻ ആണ് മരിച്ചത്.
● വീട്ടു വരാന്തയിലെ ഗ്രില്ലിൽ നിന്നാണ് ഷോക്കേറ്റത്.
● ലൈറ്റിന്റെ വയറിൽനിന്ന് ഷോക്കേറ്റതാകാമെന്ന് നിഗമനം.
കണ്ണൂർ: (KVARTHA) മട്ടന്നൂർ കോളാരിയിൽ വീടിന്റെ വരാന്തയിലെ ഗ്രില്ലിൽനിന്ന് ഷോക്കേറ്റ് അഞ്ചു വയസ്സുകാരൻ മരിച്ചു. കോളാരി സ്വദേശി ഉസ്മാന്റെ മകൻ മുഹിയുദ്ദീനാണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

വ്യാഴാഴ്ച വൈകുന്നേരം ആറരയോടെയാണ് അപകടം സംഭവിച്ചത്. മുഹിയുദ്ദീൻ വരാന്തയിലെ ഗ്രില്ലിന് മുകളിലേക്ക് പിടിച്ചുകയറുന്നതിനിടെ, ഗ്രില്ലിൽ ഘടിപ്പിച്ചിരുന്ന മിനിയേച്ചർ ലൈറ്റിന്റെ വയറിൽനിന്ന് ഷോക്കേറ്റതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഉടൻ തന്നെ കുട്ടിയെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. പിന്നീട് കൂത്തുപറമ്പ് ഗവ. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ വീടുകളിൽ എന്തെല്ലാം മുൻകരുതലുകൾ എടുക്കണം? നിങ്ങളുടെ അഭിപ്രായം പങ്കുവയ്ക്കുക.
Article Summary: 5-year-old dies from electric shock in Kannur, Kerala.
#Kannur #ElectricShock #ChildSafety #Kerala #Accident #Tragedy