Tribute | എം ടി മുതൽ എം ടി വരെ; മഹാ കാലം മൗനമായി മടങ്ങുന്നു

 
From MT to MT: A Silent Departure of a Literary Giant
From MT to MT: A Silent Departure of a Literary Giant

Photo Credit: X/Akhila Menon

● മലയാള സാഹിത്യത്തിന് എക്കാലത്തും അനശ്വരമായ സംഭാവനകൾ നൽകിയ എഴുത്തുകാരന്‍.
● തന്റെ കഥാപാത്രങ്ങളിലൂടെ മലയാളിയുടെ ആത്മാവിനെ തൊട്ട എം.ടി.
● മലയാള സാഹിത്യത്തിന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ചു.

നവോദിത്ത് ബാബു 

(KVARTHA) എം ടി എഴുതിയ വാക്കുകളുടെ അർത്ഥതലങ്ങൾക്കപ്പുറമാണ് അദ്ദേഹം അക്ഷരങ്ങളിലൂടെ ധ്വനിപ്പിച്ച അർത്ഥതലങ്ങൾ. ചലച്ചിത്ര വ്യാഖ്യാനങ്ങളായി അതു മാറിയപ്പോൾ പലയിടങ്ങളിലും അതു കൈവിട്ടുപോയിട്ടുണ്ട്. ഒരുപക്ഷെ തൻ്റെ തിരക്കഥകൾ താൻ തന്നെ സംവിധാനം ചെയ്യാനിറങ്ങിയതും എഴുത്തുകാരൻ്റെ ഈ ആശങ്കകൊണ്ടാവാം. നിർമാല്യവും മഞ്ഞുമൊക്കെ, എം.ടി യെന്ന ചലച്ചിത്രകാരനെ അടയാളപ്പെടുത്തിയത് അദ്ദേഹം സാഹിത്യത്തിൽ നിറച്ചു വെച്ച കഥാപാത്രങ്ങളുടെ ഊർജ്ജം അഭ്രപാളികളിലും അനുഭവിപ്പിക്കാൻ കഴിഞ്ഞതുകൊണ്ടാണ്. ചലച്ചിത്രത്തിന് സാഹിത്യ ഭംഗിയുള്ള തിരക്കഥ വേണോയെന്ന കാലങ്ങളായുള്ള ചോദ്യത്തിന് രണ്ടക്ഷരമായിരുന്നു മറുപടി. 

ലോക സിനിമയിലെ വ്യഖ്യാത ചലച്ചിത്രകാരൻമാർ പണ്ടും ഇപ്പോഴും ഈയൊരു ചോദ്യം ഉന്നയിച്ചു കൊണ്ടിരിക്കുന്നു. സാഹിത്യ രൂപം ചലച്ചിത്രമാക്കുമ്പോൾ മനുഷ്യരുടെ ഭാഷയാണ് എം.ടിയുടെ കഥാപാത്രങ്ങൾ സംസാരിച്ചിരുന്നത്. എഴുപതുകളിൽ കേരളീയ രാഷ്ട്രീയത്തിലുണ്ടായ മാറ്റങ്ങൾ സ്വാംശീകരിക്കുമ്പോഴും പ്രത്യക്ഷമായ നിലപാടുകൾ അവർ പറഞ്ഞിരുന്നില്ല. എം.ടിയുടെ നോവലുകളിലും കഥയിലും ചലച്ചിതങ്ങളിലും മധ്യവർഗ കുടുംബങ്ങളിലെ ആന്തരികസംഘർഷം കൂടുതലായി പറയുമ്പോഴും പച്ച മണ്ണിൽ ജീവിക്കുന്ന സാധാരണ മനുഷ്യരും അതി ഇഴ ചേർന്നു. 

ഒറ്റപ്പെട്ടവൻ്റെയും നിസഹായവരുടെയും ജീവിത പ്രതിസന്ധികളും വേട്ട നായ്ക്കളെ അവർക്ക് മേൽ യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ ചാടി വീഴുന്ന കൂർത്ത നഖങ്ങളുള്ള സമൂഹത്തിൻ്റെ ക്രൗര്യവും അദ്ദേഹത്തിൻ്റെ പ്രമേ മയങ്ങളായിരുന്നു. വിശക്കുന്നവരായിരുന്നു എം.ടിയുടെ കഥാപാത്രങ്ങൾ. അന്നത്തിനോട് മാത്രമല്ല സ്നേഹത്തിനോടും കാമത്തിനോടും പദവിയോടും ആസക്തി കാണിച്ചവരായിരുന്നു സേതുവും ഗോവിന്ദൻകുട്ടിയും.

തിരസ്കാരങ്ങളിൽ ക്ഷോഭിക്കുകയും തെറ്റിദ്ധരിക്കലുകളിൽ ഒറ്റപ്പെടുകയും മുറിവേൽക്കുകയും ചെയ്തവരായിരുന്നു വടക്കൻ വീരഗാഥയിലെ ചന്തുവും വൈശാലിയും പെരുന്തച്ഛനുമെല്ലാം. കേരളീയ ജീവിത പരിണാമത്തെ പതിറ്റാണ്ടുകള്‍ നീണ്ട എഴുത്തിലൂടെ അടയാളപ്പെടുത്തിയ അക്ഷരപര്‍വമായിരുന്നു എംടി വാസുദേവന്‍ നായര്‍. പലപ്പോഴും കഥാപാത്രങ്ങൾ അദ്ദേഹം എഴുതി നിർത്തിയിടത്ത് നിന്ന് മനുഷ്യ മനസുകളിലേക്ക് സഞ്ചരിക്കുകയും അവരുടെ ഇടം കണ്ടെത്തുകയും ചെയ്തു.

സാഹിത്യത്തിന്‍റെ വിവിധശാഖകളിലും ചലച്ചിത്രങ്ങളിലും കയ്യൊപ്പ് പതിച്ച എംടി, എഴുത്തിന്‍റെ മലയാള മുറ്റത്തെ മഹാവൃക്ഷമായിരുന്നു. മഹാമൗനത്തിന്‍റെ വാൽമീകത്തിലിരുന്ന് മനുഷ്യന്‍റെ ആത്മസംഘര്‍ഷങ്ങളുടെ അടരുകള്‍ തേടിയ കഥാകാരന്‍. വിഷാദങ്ങളെ കടഞ്ഞെടുത്ത് പ്രകാശപൂര്‍ണമായൊരു എഴുത്തുകൊണ്ട് മലയാള സാഹിത്യമുറ്റത്ത് പണിതീര്‍ത്തത് ഒരു നാലുകെട്ട്. പുരാണങ്ങളെ പുനരാഖ്യാനം ചെയ്ത് ഇതിഹാസമായി മാറിയ ആ എഴുത്തുകാരന് കാലം എംടിയെന്ന് ചുരുക്കപ്പേരിട്ടു. 

തലമുറകളെ നനച്ച എഴുത്തിന്‍റെ ആത്മാവ് നിളയായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യപകുതി മുതല്‍ ഇരുളകറ്റി വീണ എല്ലാ സാമൂഹ്യവിപ്ലവങ്ങളുടെയും വിത്ത് ആ എഴുത്തില്‍ കാണാം. അതിന് ആധാരമായത് കൂടല്ലൂര്‍ എന്നൊരു ഉള്‍ഗ്രാമത്തിന്‍റെ ശ്വാസനിസ്വാസങ്ങളും കുമരനെല്ലൂരിലെ സാഹിത്യ സൗഹൃദ സംഘങ്ങളും. പരിചിതമായ ജീവിതപരിസരങ്ങളില്‍ നിന്ന് കാലാതിവര്‍ത്തിയായ കഥകള്‍ പിറവികൊണ്ടത് സ്കൂള്‍ കാലഘട്ടം മുതലാണ്. ബിരുദം നേടുമ്പോള്‍ രക്തം പുരണ്ട മണ്‍തരികളെന്ന കഥാസമാഹാരം എംടിയുടെ പേരിലുണ്ടായിരുന്നു. 

കാലത്തിലെ സേതുവും അസുരവിത്തിലെ ഗോവിന്ദന്‍കുട്ടിയും, രണ്ടാമൂഴത്തിലെ ഭീമനും മുന്നില്‍ മലയാള വായനാലോകം പിന്നെയും അലിഞ്ഞു. കാത്തിരിപ്പിന്‍റെ കഥ പറഞ്ഞ മഞ്ഞും, എഴുത്തിലും കടല്‍കടന്നുപോയ ഷെര്‍ലക്കുമെല്ലാം എംടിയുടെ കീര്‍ത്തിമുദ്രാകളാണിപ്പോഴും. മാടത്ത് തെക്കേപ്പാട് തറവാട് ഒരര്‍ത്ഥത്തില്‍ വായനക്കാരന്‍റേത് കൂടിയാണ്. കൂട്ടക്കടവ് അങ്ങാടിയും മലമല്‍ക്കാവ് ക്ഷേത്രക്കുളത്തില്‍ വിരിയുന്ന നീലത്താമരയും താന്നിക്കുന്നും കണ്ണാന്തളിപ്പൂക്കളും ഗദ്യസാഹിത്യത്തെ ജനപ്രിയമാക്കിയ വലിയ വിപ്ലവത്തിന്‍റെ മുദ്രാവാക്യങ്ങളാണ്. 

എംടിയുടെ സാഹിത്യ സംഭാവനകളോട് മത്സരിച്ചത് അദ്ദേഹത്തിന്റെ തന്നെ ചലച്ചിത്ര നിർമ്മിതികൾ ആയിരുന്നു. 1973ല്‍ ആദ്യമായി സംവിധാനം ചെയ്ത 'നിർമാല്യം' എന്ന സിനിമയ്ക്ക് രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കം. 'മുറപ്പെണ്ണാ'യിരുന്നു ആദ്യത്തെ തിരക്കഥ. ഒരു വടക്കൻ വീരഗാഥ, വൈശാലി, സദയം, പരിണയം ഓളവും തീരവും, ഓപ്പോൾ, ആരൂഡം, വളർത്തു മൃഗങ്ങൾ, പെരുന്തച്ചൻ, സുകൃതം, തുടങ്ങി കാലാതിവർത്തിയായ ഒട്ടനേകം ചലച്ചിത്രങ്ങള്‍.  

1995ൽ ജ്ഞാനപീഠം. 2005ൽ പത്മഭൂഷൻ.എഴുത്തച്ഛൻ പുരസ്കാരം, ജെസി ഡാനിയൽ പുരസ്കാരം, പ്രഥമ കേരള ജ്യോതി പുരസ്കാരം. എം ടി ആദരിക്കപ്പെടാത്ത ഇടങ്ങളില്ല. കഥകൾ, നോവലുകൾ, ചലച്ചിത്രങ്ങൾ... അക്ഷരം പതിഞ്ഞ ഇടങ്ങളിലെല്ലാം ഇരിപ്പിടം ഉറപ്പിച്ച മഹാപ്രതിഭ. എംടി ഓര്‍മയാകുമ്പോൾ.അദ്ദേഹം ജന്മം നൽകിയ അക്ഷരങ്ങളുടെ ആൾരൂപങ്ങൾക്ക് മരണമില്ലാതായി മാറിയിരിക്കുകയാണ്.

വൈക്കം മുഹമ്മദ് ബഷീറിനെപ്പോലെ മനുഷ്യരുടെ  വിശപ്പിനെ കുറിച്ചെഴുതിയ എഴുത്തുകാരനായിരുന്നു എം ടിയും. ലോക സാഹിത്യത്തിലെ മഹാൻമാരായ എഴുത്തുകാരും ആധുനികത കൊണ്ടുവന്ന റിയലിസത്തിൽ വിശപ്പ് തന്നെയാണ് പ്രമേയമാക്കിയത്. ന്യൂട്ടി ഹാംസൻ്റെ വിശപ്പെന്ന നോവൽ വിശപ്പിനെ മനുഷ്യൻ നേരിടുന്ന പ്രത്യയശാസ്ത്രമായി അവതരിപ്പിക്കുകയായിരുന്നു. എന്നാൽ അതിനപ്പുറത്തെക്ക് വിശപ്പ് എന്ന കേവല പദത്തെ മനസിൻ്റെയും - കാമ - കാമനകളുടെയും അധികാരത്തിൻ്റെയും വിശപ്പാക്കി വ്യാഖ്യാനിക്കുകയായിരുന്നു എം.ടി. സർഗാത്മകതയുടെ സ്വന്തം വഴി വെട്ടു തുറന്ന എം.ടി മലയാളികൾക്ക് ഒന്നേയുള്ളു. ആ ഒരേയൊരു എംടിയിൽ നിന്നും ഊർജം നേടിയവരാണ് പിൽക്കാല എഴുത്തുകാർ.

#MTVasudevanNair #MalayalamLiterature #MalayalamCinema #IndianWriter #RIP #Malayalam #KeralaLiterature

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia