Tragedy | 'അപകടമുണ്ടായപ്പോള്‍ കുഴിയിലേക്ക് ചാടിയതിനാലാണ് താന്‍ രക്ഷപ്പെട്ടത്'; കൂട്ടുകാരികള്‍ മരിച്ചതിന്റെ ഞെട്ടല്‍ മാറാതെ അജ്‌ന ഷെറിന്‍
● പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിദ്യാര്‍ഥിനികള്‍.
● അഞ്ചുപേരും ഒരുമിച്ചാണ് സ്‌കൂളില്‍ പോയിരുന്നത്.
● മരിച്ച ഇര്‍ഫാനയുടെ ഉമ്മയുടെ മുമ്പില്‍ വച്ചായിരുന്നു അപകടം.
പാലക്കാട്: (KVARTHA) കല്ലടിക്കോട് പനയമ്പാട് സിമന്റ് ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ കൂട്ടുകാരികള്‍ മരിച്ചതിന്റെ ഞെട്ടല്‍ മാറാതെ അപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട അജ്‌ന ഷെറിന്‍. അപകടമുണ്ടായപ്പോള്‍ കുഴിയിലേക്ക് ചാടിയതിനാലാണ് താന്‍ രക്ഷപ്പെട്ടതെന്ന് അജ്‌ന ഷെറിന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അപകടത്തില്‍ മരിച്ച നാലു കുട്ടികളും രക്ഷപ്പെട്ട അജ്‌ന ഷെറിനും കരിമ്പ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. മരിച്ച ആയിഷ സ്‌കൂളിലെ എട്ടാം ക്ലാസ് ഇ ഡിവിഷനിലും ഇര്‍ഫാന ഷെറിന്‍, റിദ ഫാത്തിമ, നിദ ഫാത്തിമ എന്നിവരും അജ്‌ന ഷെറിനും ഡി ഡിവിഷനിലുമാണ് പഠിച്ചിരുന്നത്.
പരീക്ഷക്ക് ശേഷം കടയില്‍ നിന്ന് ഐസും സിപ് അപ്പും വാങ്ങിയ ശേഷം വീട്ടിലേക്ക് പോവുകയായിരുന്നു. ഇതിനിടെയായിരുന്നു അപകടം. മരിച്ച ഇര്‍ഫാനയുടെ ഉമ്മയുടെ മുമ്പില്‍ വച്ചായിരുന്നു ദാരുണ സംഭവം. ഇര്‍ഫാനയുടെ മാതാവ് മുന്‍പില്‍ നടക്കുകയായിരുന്നു. ഉമ്മ ഓടി വന്നപ്പോഴേക്കും അവര്‍ ലോറിയുടെ അടിയിലായിരുന്നുവെന്ന് അജ്ന പറയുന്നു.
അഞ്ചുപേരും ഒരുമിച്ചാണ് സ്‌കൂളില്‍ പോയിരുന്നത്. ഇര്‍ഫാനയെ ഡെന്റല്‍ ഡോക്ടറെ കാണിക്കാന്‍ ഉമ്മ ഫാരിസ പനയമ്പാടത്ത് കാത്തുനില്‍ക്കുമെന്ന് പറഞ്ഞിരുന്നു. ഇര്‍ഫാന ഉമ്മയെ കണ്ട നിമിഷത്തിലാണ് ലോറി വന്നിടിച്ചതെന്ന് അജ്‌ന ഷെറിന്‍ പറഞ്ഞു. പല്ല് വേദനയെതുടര്‍ന്ന് കുട്ടിയെ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വന്നതായിരുന്നു മാതാവ്.
പാലക്കാട് നിന്നും മണ്ണാറക്കാട് ഭാഗത്തുനിന്നും ലോറികള്‍ വരുന്നുണ്ടായിരുന്നു. ഈ രണ്ട് ലോറികളും ഇടിച്ചു. ഇതോടെ മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നുള്ള ലോറി ഇവരുടെ മുകളിലേക്ക് മറിഞ്ഞു. നാലു പേര്‍ കുറച്ച് മുന്നിലാണ് നടന്നിരുന്നത്. ഇവര്‍ മറിഞ്ഞ ലോറിയുടെ അടിയില്‍ കുടുങ്ങി. താന്‍ സമീപത്തെ കുഴിയില്‍ വീഴുകയും ചെയ്തു. കുഴിയില്‍ നിന്ന് പിന്നീട് വളരെ ബുദ്ധിമുട്ടി കയറി സമീപത്തുള്ള വീട്ടില്‍ എത്തുകയായിരുന്നുവെന്ന് പൊണ്‍കുട്ടി പറഞ്ഞു. മണ്ണാര്‍ക്കാട്ട് നിന്ന് ലോറി അമിതവേഗതയിലായിരുന്നുവെന്നും ഇടിച്ച ലോറി വേഗതയിലായിരുന്നില്ലെന്നും അജ്‌ന പറഞ്ഞു. റിദയുടെ എക്സാം ബോര്‍ഡും നിദയുടെ കുടയും തന്റെ പക്കലുണ്ടെന്ന് അജ്ന വേദനയോടെ പറയുന്നു.
പാലക്കാട് -കോഴിക്കോട് ദേശീയപാതയില്‍ കരിമ്പക്കടുത്ത് പനയമ്പാടത്ത് വ്യാഴാഴ്ച വൈകീട്ട് 3.45 ഓടെയായിരുന്നു ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി നാല് വിദ്യാര്‍ഥിനികളുടെ ജീവനെടുത്ത അപകടം സഭവിച്ചത്. അത്തിക്കല്‍ വീട്ടില്‍ ഷറഫുദ്ദീന്‍ - സജ്ന ദമ്പതികളുടെ മകള്‍ ആയിശ (13), പിലാതൊടി വീട്ടില്‍ അബ്ദുള്‍ റഫീക്ക് - സജീന ദമ്പതികളുടെ മകള്‍ റിദ ഫാത്തിമ (13), അബ്ദുള്‍ സലീം - നബീസ ദമ്പതികളുടെ മകള്‍ നിദ ഫാത്തിമ (13), അബ്ദുള്‍ സലാം - ഫരിസ ദമ്പതികളുടെ മകള്‍ ഇര്‍ഫാന ഷെറില്‍ (13) എന്നിവരാണ് മരിച്ചത്.
മരിച്ച ഇര്‍ഫാന ഷെറിന്‍ അബ്ദുല്‍ സലാമിന്റെ മൂന്നു മക്കളില്‍ മൂത്തയാളാണ്. സ്വന്തമായി പൊടിമില്ല് നടത്തിയായിരുന്നു ഉപജീവനം. ഓട്ടോ ഡ്രൈവറായ റഫീഖിന്റെ മൂത്ത മകളാണ് മരിച്ച റിദ ഫാത്തിമ. ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഉള്‍പ്പെടെ മൂന്നുപേരായിരുന്നു മക്കള്‍. മരിച്ച നിദ ഫാത്തിമയുടെ പിതാവ് പ്രവാസിയായ അബ്ദുല്‍ സലീം അടുത്തിടെയാണ് നാട്ടിലെത്തിയത്. രണ്ട് മക്കളില്‍ ഏകമകളെയാണ് ഇവര്‍ക്ക് നഷ്ടമായത്. പലചരക്ക് കട നടത്തുന്ന ഷറഫുദ്ധീന്റെ രണ്ടാമത്തെ മകളാണ് മരിച്ച ആയിഷ. ഒരു സഹോദരിയും ഒരു സഹോദരനമുണ്ട്. സബ്ജില്ല സ്‌കൂള്‍ കലോത്സവത്തില്‍ ഒപ്പന മത്സരത്തില്‍ സ്‌കൂള്‍ ടീമിന്റെ മണവാട്ടിയായിരുന്നു.
#KeralaAccident #Palakkad #RoadSafety #Tragedy #RIP #SchoolStudents #KeralaNews