സൈബർ ബുള്ളിയിങ് ആരോപണം; പ്രമുഖ ഫിനാൻസ് ഇൻഫ്ലുവൻസറെ മരിച്ച നിലയിൽ കണ്ടെത്തി, ആരോപണങ്ങൾ നിഷേധിച്ച് സിഇഒ ജേസൺ സാമുവൽ
ADVERTISEMENT
● സെമുറിയ സിഇഒ ജേസൺ സാമുവലിനെതിരെയാണ് കുടുംബം പ്രധാനമായും ആരോപണം ഉന്നയിക്കുന്നത്.
● ഹാരിഷിന്റെ മുൻ അക്കൗണ്ട് പൂട്ടിച്ചതിലും സാമുവലിന്റെ പങ്കുണ്ടെന്ന് കുടുംബം പറയുന്നു.
● മരണത്തിൽ നടുക്കം രേഖപ്പെടുത്തിയ സാമുവൽ, നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് എതിർത്തതെന്നും പറഞ്ഞു.
ചെന്നൈ: (KVARTHA) ഇൻസ്റ്റഗ്രാമിലെ ഫിനാൻസ് ഇൻഫ്ലുവൻസർ വി. ഹാരിഷിനെ (27) ചെന്നൈയിലെ വസതിയിൽ അസ്വാഭാവിക സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇൻസ്റ്റഗ്രാമിൽ ഒന്നര മില്യണോളം ഫോളോവേഴ്‌സ് ഉണ്ടായിരുന്ന ഹാരിഷ് 'ഫിനാൻസ് വിത് ഹാരിഷ്' എന്ന പേരിലാണ് സമൂഹമാധ്യമങ്ങളിൽ സാമ്പത്തിക വിഷയങ്ങളെക്കുറിച്ചുള്ള വീഡിയോകൾ ചെയ്തിരുന്നത്.
സൈബർ ബുള്ളിയിങ് ആരോപണവുമായി കുടുംബം
കടുത്ത സൈബർ ബുള്ളിയിങിനെ തുടർന്നാണ് തൻ്റെ മകൻ അസ്വാഭാവിക സാഹചര്യത്തിൽ ജീവനൊടുക്കിയതെന്ന് ഹാരിഷിൻ്റെ പിതാവ് ആരോപിച്ചു. വെഞ്ച്വർ സ്റ്റുഡിയോയായ 'സെമുറിയ ഇൻക്' സി.ഇ.ഒ. ജേസൺ സാമുവൽ മകനെ വ്യക്തിപരമായി ലക്ഷ്യമിട്ട് ആക്രമിച്ചുവെന്നാണ് പിതാവിൻ്റെ പ്രധാന ആരോപണം.
ജേസൺ സാമുവലിൻ്റെ നിരന്തരമായ പരാതിയെ തുടർന്ന് ഹാരിഷിൻ്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് മെറ്റ പൂട്ടിയെന്നും, ഇതോടെ അദ്ദേഹത്തിന് പുതിയ ഹാൻഡിൽ തുടങ്ങേണ്ടി വന്നുവെന്നും കുടുംബം ആരോപിക്കുന്നു.
ആരോപണങ്ങൾ നിഷേധിച്ച് ജേസൺ സാമുവൽ
അതേസമയം, ഹാരിഷിൻ്റെ അപ്രതീക്ഷിത മരണത്തിൽ താൻ വലിയ രീതിയിൽ ഞെട്ടിപ്പോയെന്നും, വസ്തുതകൾ തിരിച്ചറിയാതെയാണ് ഹാരിഷ് ഇത്തരം വീഡിയോകൾ ചെയ്തതെന്നും എക്സ് പോസ്റ്റിലൂടെ ജേസൺ സാമുവൽ പ്രതികരിച്ചു. സെബിയുടെ രജിസ്ട്രേഡ് ഇൻവെസ്റ്റ്മെൻ്റ് അഡ്വൈസറായിരുന്നില്ല ഹാരിഷെന്നും, അടുത്തയിടെ മാത്രമാണ് ഹാരിഷിന് മ്യൂച്വൽ ഫണ്ട് അസോസിയേഷനിൽ അംഗത്വം ലഭിച്ചതെന്നും സാമുവൽ ചൂണ്ടിക്കാട്ടുന്നു. താൻ ഹാരിഷിന് നേരെ സൈബർ ആക്രമണം നടത്തിയിട്ടില്ലെന്നും ഹാരിഷിൻ്റെ യോഗ്യതയില്ലായ്മകളെ പൊതുജനങ്ങൾക്ക് മുന്നിൽ ചൂണ്ടിക്കാട്ടുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നുമാണ് സാമുവലിൻ്റെ വാദം.
'ഹാരിഷിൻ്റെ മരണത്തിൽ അങ്ങേയറ്റം നടുക്കവും ദുഃഖവും അറിയിക്കുന്നു. അദ്ദേഹത്തിന് നേരെ ഞാൻ ഒരിക്കലും സൈബർ ബുള്ളിയിങ് നടത്തിയിട്ടില്ല. ലൈസൻസും ഉപദേശം നൽകാനുള്ള അധികാരവും ഇല്ലാത്തത് ചൂണ്ടിക്കാട്ടിയിട്ടേയുള്ളൂ. ലൈസൻസുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുന്നതും സെബിയുടെ രജിസ്ട്രേഷൻ ഇല്ലാതിരിക്കെ അഡ്വൈസറാകുന്നത് തെറ്റാണെന്നുമാണ് പറഞ്ഞത്. നിയമവിരുദ്ധമായ പ്രവർത്തനങ്ങളാണ് ഞാൻ ചൂണ്ടിക്കാട്ടിയത്. കൃത്യമായ സെബി ലൈസൻസോടെ വന്ന് വീഡിയോ ചെയ്യുന്നത് തുടരണമെന്ന് ഞാൻ അദ്ദേഹത്തോട് അഭ്യർഥിച്ചതാണ്. ഇത്തരത്തിലൊക്കെ സംഭവിക്കുമെന്ന് ഒരിക്കലും കരുതിയില്ല'- എക്സ് പോസ്റ്റിൽ സാമുവൽ കുറിച്ചു. സംഭവത്തിൽ ചെന്നൈ പൊലീസ് ഇതുവരെയും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
(ശ്രദ്ധിക്കുക: സ്വയം ജീവനെടുക്കുന്നത് ഒരു പരിഹാരമല്ല. മാനസിക സമ്മർദമോ നിരാശയോ അനുഭവപ്പെടുന്നവർ സഹായം തേടണം. ദിശ ഹെൽപ്പ്‌ലൈൻ: 1056 / 0471-2552056 ടെലിമാനസ്: 14416)
പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: Finance influencer V Harish was found dead in Chennai amid cyberbullying claims.
#Kvartha #VHarish #FinanceInfluencer #CyberBullying #JasonSamuel #ChennaiNews #AmmuNews
