Obituary | സൗദി അറേബ്യയിൽ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി മരിച്ചു
● കണ്ണൂർ സ്വദേശിയായ ജനാർധനൻ സൗദിയിൽ അന്തരിച്ചു.
● 33 വർഷമായി സൗദിയിൽ താമസിച്ചിരുന്നു.
● കേളി കലാസാംസ്കാരിക വേദിയുടെ അംഗമായിരുന്നു.
റിയാദ്: (KVARTHA) അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു. കണ്ണൂർ കണ്ണാടിപ്പറമ്പ് സ്വദേശിയും കേളി കലാസാംസ്കാരിക വേദിയുടെ അൽഖർജ് ഏരിയ ഹോത്ത യൂണിറ്റ് നിർവാഹക സമിതി അംഗവുമായ ജനാർധനൻ (57) ആണ് മരിച്ചത്. 33 വർഷമായി ഹോത്ത ബാനി തമീമിൽ മിനിലോറി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ജനാർധനൻ.
അഞ്ചുമാസം മുൻപ് അസുഖത്തെ തുടർന്ന് അൽ ഖർജ് കിങ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് റിയാദിലെ കിങ് സൗദ് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റി. ഏറെ നാൾ അബോധാവസ്ഥയിലും പിന്നീട് കോമാ സ്റ്റേജിലുമായിരുന്നു. കിങ് സൗദ് മെഡിക്കൽ സിറ്റിയിലെ രണ്ടു മാസത്തെ ചികിത്സക്ക് ശേഷം അദ്ദേഹം സ്വബോധം വീണ്ടെടുത്തു. തുടർന്ന് അൽഖർജ് ആശുപത്രിയിലേക്ക് തന്നെ മാറ്റുകയായിരുന്നു.
കുടുംബത്തിന്റെ അഭ്യർഥന പ്രകാരം ജനാർധനനെ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടന്നു വരുന്നതിനിടെ, രോഗം വീണ്ടും മൂർച്ഛിച്ചു. ഇതേ തുടർന്ന് റിയാദിലെ കോൺവാൽസെന്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടു മാസം മുൻപ് ദുബൈലുള്ള സഹോദരൻ റിയാദിലെത്തി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. കേളി ജീവകാരുണ്യ വിഭാഗം ജനാർധനനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തി വരുന്നതിനിടെയാണ് മരണം സംഭവിച്ചത്.
കേളി ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു. ബുധനാഴ്ച രാത്രി റിയാദിൽ നിന്നുള്ള എയർ ഇൻഡ്യ വിമാനത്തിൽ മൃതദേഹം കോഴിക്കോട് എത്തിച്ചു. അവിടെ നിന്ന് റോഡ് മാർഗം കണ്ണൂരിലേക്ക് കൊണ്ടുപോയി. വ്യാഴാഴ്ച ഉച്ചയോടെ കണ്ണാടിപ്പറമ്പ് പുലൂപ്പി പൊതു ശ്മശാനത്തിൽ സംസ്കാരം നടന്നു. ഭാര്യ: പ്രസീത. മക്കൾ: പൂജ, അഭിഷേക്. സഹോദരങ്ങൾ: ഉഷ, രവീന്ദ്രൻ, സുജിത്, ബിജു, പരേതനായ മധുസൂദനൻ.
#KeralaExpatriate #SaudiArabia #Kannur #RIP #KeralaNews #GulfNews #Obituaries