Mystery | നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തു; പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി


● പുറകിലുള്ള ഭിത്തി കോണ്‍ക്രീറ്റില്‍ തീര്‍ത്തതാണ്.
● വലിയ രീതിയില്‍ ജീര്‍ണിച്ച നിലയിലല്ല മൃതദേഹം.
● വായില്‍ ഭസ്മവും നെഞ്ചുവരെ പൂജാദ്രവ്യങ്ങള്‍ നിറച്ചിട്ടുമുണ്ട്.
തിരുവനന്തപുരം: (KVARTHA) നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ മൃതദേഹം കല്ലറ പൊളിച്ച് പുറത്തെടുത്തു. വലിയ രീതിയില്‍ ജീര്‍ണിച്ച നിലയിലല്ല മൃതദേഹം. കല്ലറയില്‍ പീഠത്തില്‍ ഇരിക്കുന്ന രീതിയില്‍ വായ തുറന്ന നിലയിലാണ്. വായില്‍ ഭസ്മവും മൃതദേഹത്തിന്റെ നെഞ്ചുവരെ പൂജാദ്രവ്യങ്ങള്‍ നിറച്ചിട്ടുമുണ്ട്. പുറകിലുള്ള ഭിത്തി കോണ്‍ക്രീറ്റില്‍ തീര്‍ത്തതാണ്.
ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കിയശേഷം മൃതദേഹം ശാസ്ത്രീയ പരിശോധനയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ. മൃതദേഹം അഴുകിയ നിലയിലാണെങ്കില്‍ പോസ്റ്റുമോര്‍ട്ടം സ്ഥലത്ത് വെച്ച് തന്നെ നടത്താമെന്നായിരുന്നു നേരത്തെയുണ്ടായ തീരുമാനം. അതിനാല്‍ ഫോറന്‍സിക് സര്‍ജന്‍ അടക്കം സംഘവും സ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ അഴുകിയിട്ടില്ലാത്തതിനാല്‍ ഫോറന്‍സിക് സംഘം മടങ്ങി.
രണ്ടു ദിവസം മുമ്പ് കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കല്ലറ പൊളിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍മാറുകയായിരുന്നു. കല്ലറ പൊളിക്കുന്നതില്‍ കുടുംബം പ്രതിഷേധിച്ചതോടെ ഗോപന്‍ സ്വാമിയുടെ മരണസര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് കുടുംബത്തോട് ഹൈക്കോടതി ചോദിച്ചിരുന്നു. സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കാമെന്നും അന്വേഷണത്തിനായി കല്ലറ തുറക്കാന്‍ പൊലീസിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഗോപന്‍ സ്വാമിയെ കാണാനില്ലെന്ന കേസില്‍ അന്വേഷണം നടത്തുന്ന പൊലീസിന് കല്ലറ തുറന്ന് പരിശോധിക്കുന്നതില്‍ തടസമില്ലെന്നായിരുന്നു കോടതി നിരീക്ഷണം. തുടര്‍ന്നാണ് പൊലീസ് അന്വേഷണവുമായി മുന്നോട്ട് പോവാന്‍ തീരുമാനിച്ചത്. സമാധി പൊളിക്കാന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കിയതോടെ കനത്ത പൊലീസ് സുരക്ഷടെയാണ് കല്ലറ പൊളിച്ചത്. ആളുകള്‍ക്ക് പ്രദേശത്തേക്ക് പ്രവേശനം നിരോധിച്ചിരുന്നു.
ഗോപന്‍ സ്വാമി മരണപ്പെട്ടുവെന്ന് തെളിയിക്കുന്ന എന്തെങ്കിലും രേഖയുണ്ടോ എന്ന ചോദ്യത്തിന് ഫോട്ടോ, വീഡിയോ ഒന്നുമില്ലെന്നും സമാധിക്ക് സമീപം സ്‌കാനര്‍ വെച്ച് മനുഷ്യശരീരസാന്നിധ്യം കണ്ടെത്തിക്കൂടേയെന്നായിരുന്നു മകന്‍ സദാനന്ദന്‍ ചോദിച്ചിരുന്നത്. അതേസമയം, വിവാദങ്ങള്‍ക്കിടയിലും കഴിഞ്ഞ രാത്രിയും കല്ലറയ്ക്ക് സമീപം മകന്‍ രാജസേനന്‍ പൂജ നടത്തിയിരുന്നു.
#GopanSwami #samadhi #exhumation #mystery #Kerala #crime