മദപ്പാടിലായ ആനയുടെ കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം; ഒരാളുടെ നില ഗുരുതരം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● തെങ്ങമം സ്വദേശി മുരളീധരൻ നായർ ആണ് മരിച്ചത്.
● ഹരിപ്പാട് സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ ആനയാണ് ആക്രമിച്ചത്.
● രണ്ടാം പാപ്പാന് ഗുരുതരമായി പരിക്കേറ്റു.
● ആനയെ മയക്കുവെടിവെച്ച് തളച്ചു.
ആലപ്പുഴ: (KVARTHA) മദപ്പാടിലായ ആനയുടെ കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം. ഹരിപ്പാട് സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ ആനയായ 'സ്കന്ദൻ' ആണ് പാപ്പാൻമാരെ ആക്രമിച്ചത്. തെങ്ങമം സ്വദേശി മുരളീധരൻ നായർ (53) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടാം പാപ്പാനായ സുനിൽകുമാർ (മണികണ്ഠൻ -40) തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച (31.08.2025) രാത്രി 11.30 ഓടെയായിരുന്നു മുരളീധരൻ നായരുടെ മരണം.
മദപ്പാടിലായിരുന്ന സ്കന്ദനെ ഞായറാഴ്ചയാണ് ഒന്നാം പാപ്പാൻ പ്രദീപ്, രണ്ടാം പാപ്പാൻ സുനിൽകുമാർ എന്നിവർ ചേർന്ന് അഴിച്ചുവിട്ടത്. രാവിലെ സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെത്തിച്ച ശേഷം സമീപത്തുള്ള ഇല്ലത്തേക്ക് തീറ്റ എടുക്കാൻ കൊണ്ടുപോയി. അവിടെ പുരയിടത്തിൽ വെച്ച് ആനപ്പുറത്തിരുന്ന രണ്ടാം പാപ്പാൻ സുനിൽകുമാറിനെ ആന കുലുക്കി താഴെയിട്ട് വയറുഭാഗത്ത് കുത്തുകയായിരുന്നു.
വയറിന് കുത്തേറ്റ സുനിൽകുമാറിനെ, ആനയെ പിന്തിരിപ്പിച്ചതിന് ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. തുടർന്ന് ഇല്ലത്തിലെ പുരയിടത്തിൽ ശാന്തനായി നിന്ന ആനയെ വിവിധ ക്ഷേത്രങ്ങളിൽനിന്നുള്ള പാപ്പാൻമാരുടെ സംഘവും എലിഫന്റ് സ്ക്വാഡും ചേർന്ന് തളച്ചു.
പരിശോധനയിൽ ആന ശാന്തനാണെന്നും അനുസരണ കാണിക്കുന്നുണ്ടെന്നും മനസ്സിലായതോടെ ക്ഷേത്രത്തിന് കിഴക്കുഭാഗത്തെ പുരയിടത്തിലെ ആനത്തറിയിലേക്ക് മാറ്റി. കാലുകൾ ചങ്ങലയും വടവും കൊണ്ട് ബന്ധിച്ചശേഷമാണ് ആനയെ മാറ്റിയത്.
പാപ്പാൻമാർ പറയുന്നത് അനുസരിച്ച് മുന്നോട്ട് നടന്ന ആന, ആനത്തറിക്കു സമീപത്തെ റോഡിലെത്തിയപ്പോൾ പ്രകോപിതനായി പിന്നോട്ട് തിരിയുകയും ആനപ്പുറത്തിരുന്ന ഒന്നാം പാപ്പാൻ മുരളീധരൻ നായരെ കുലുക്കി താഴെയിട്ട് കുത്തുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന പാപ്പാൻമാർ ആനയെ പിന്തിരിപ്പിച്ച് മുരളീധരൻ നായരെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് എലിഫന്റ് സ്ക്വാഡ് ആനയെ മയക്കുവെടിവെച്ചു. റോഡിൽ നിലയുറപ്പിച്ച ആനയെ പിന്നീട് പിന്നിലേക്ക് നടത്തി മണിക്കൂറുകളെടുത്താണ് ആനത്തറിക്കു സമീപം എത്തിച്ച് മരത്തിൽ തളച്ചത്. അഞ്ച് വർഷം മുൻപ് ജയമോൻ എന്ന രണ്ടാം പാപ്പാൻ സ്കന്ദന്റെ കുത്തേറ്റു മരിച്ചിരുന്നു.
ആനകളുടെ സുരക്ഷയും പാപ്പാൻമാരുടെ ജീവൻ്റെ സുരക്ഷയും ഉറപ്പാക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കണം? നിങ്ങളുടെ അഭിപ്രായം പങ്കുവയ്ക്കുക.
Article Summary: Mahout killed by elephant; another seriously injured in Alappuzha.
#Kerala #ElephantAttack #Alappuzha #Mahout #Tragedy #AnimalRights
