Tragedy | തമിഴ്‌നാട്ടില്‍ മലയാളിയടക്കം 2 പേര്‍ ആനയുടെ ആക്രമണത്തില്‍ മരിച്ചു; സംഭവം ക്ഷേത്രത്തിലെ അന്നദാനത്തിനിടെ


● ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
● തിരുച്ചെന്തൂര്‍ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലായിരുന്നു സംഭവം.
● ക്ഷേത്രത്തിലെ ആനക്ക് ഭക്ഷണം നല്‍കുന്നതിനിടെ ആക്രമണം.
● തിരുച്ചെന്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ചെന്നൈ: (KVARTHA) തിരുച്ചെന്തൂരില്‍ ക്ഷേത്രത്തിലെ അന്നദാനത്തിനിടെ ആനയുടെ ആക്രമണത്തില്‍ മലയാളിയടക്കം രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. ആനയുടെ പാപ്പാനായ മാവുത്ത് ഉദയകുമാറും (Udayakumar-45) ഇയാളുടെ ബന്ധുവായ പാറശാല സ്വദേശി ശിശുപാലനുമാണ് (Shishupalan-55) മരിച്ചത്. ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെയും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
തിങ്കളാഴ്ച വൈകിട്ടാണ് ദാരുണസംഭവം നടന്നത്. തമിഴ്നാട്ടിലെ തിരുച്ചെന്തൂര്‍ ജില്ലയിലെ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലായിരുന്നു സംഭവം. ക്ഷേത്രത്തിലെ ആനയായ ദേവനൈയ്ക്ക് ഭക്ഷണം നല്‍കുന്നതിനിടെ പെട്ടെന്ന് പ്രകോപിതനാകുകയും പാപ്പാനെയും ബന്ധുവിനെയും ആക്രമിക്കുകയുമായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് ശിശുപാലന്‍ തിരുച്ചെന്തൂരില്‍ എത്തിയത്.
തിരുച്ചെന്തൂര്‍ ക്ഷേത്രത്തിലെ ചടങ്ങുകളിലെ അവിഭാജ്യ ഘടകമായ ദൈവനൈയെ, വര്‍ഷങ്ങളായി ക്ഷേത്രത്തിലാണ് വളര്‍ത്തുന്നത്. ഉത്സവ സമയങ്ങളില്‍ ആനയെ എഴുന്നള്ളിക്കുന്ന ചടങ്ങും സംഘടിപ്പിക്കാറുണ്ട്. ആനയ്ക്ക് മദപ്പാടുള്ള സമയമല്ലെന്നാണ് ക്ഷേത്ര ഭാരവാഹികള്‍ പറയുന്നത്. ആന പെട്ടെന്ന് പ്രകോപിതനാകാനുള്ള കാരണം വ്യക്തമല്ലെന്നും അധികൃതര്‍ അറിയിച്ചു.
ശിശുപാലന്‍ ആനയുടെ സമീപത്ത് നില്‍ക്കുന്നതിനിടെയായിരുന്നു ആക്രമണം. ആന ശിശുപാലനെ ചവിട്ടി വീഴ്ത്തി. ശിശുപാലനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പാപ്പാനായ ഉദയകുമാറിനെയും ആന ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ തിരുച്ചെന്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
#elephantattack #temple #India #tragedy #animalattack