Accident | വടകരയില്‍ യുവതി ട്രെയിന്‍ തട്ടി മരിച്ചു; പിന്നാലെ മകളാണെന്ന് തെറ്റിദ്ധരിച്ച് സ്ഥലത്തെത്തിയ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു


● വടകര പുതുപ്പണം പാലോളിപ്പാലത്താണ് അപകടം.
● സമീപവാസിയായ വിരമിച്ച അധ്യാപകനാണ് 73 കാരന്‍.
● വീട്ടമ്മ അപകടത്തില്‍പെട്ടത് കുടുംബശ്രീ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ.
വടകര: (KVARTHA) വീട്ടമ്മ ട്രെയിന്‍ തട്ടി മരിച്ചതിന് പിന്നാലെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സമീപവാസിയായ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. പാലോളിപ്പാലം ആക്കൂന്റവിട ഷര്‍മിള (Sharmila-48) ആണ് ട്രെയിന്‍ തട്ടി മരിച്ചത്. ഈ വിവരമറിഞ്ഞ് എത്തിയ വിരമിച്ച അധ്യാപകനായ കറുകയില്‍ കുറ്റിയില്‍ രാജനും (Rajan-73) പിന്നാലെ മരിച്ചു.

ബുധനാഴ്ച വൈകിട്ട് ഏഴുമണിയോടെ വടകര പുതുപ്പണം പാലോളിപ്പാലത്താണ് ദാരുണ അപകടം നടന്നത്. അപകടത്തില്‍പ്പെട്ടത് ഷര്‍മിള എന്ന യുവതിയാണെന്ന് കേട്ടപ്പോള്‍ മകളാണോയെന്നറിയാനാണ് രാജന്‍ സംഭവ സ്ഥലത്തെത്തിയത്. തുടര്‍ന്ന് രാജന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
രാജന്റെ മകളുടെ പേരും മരിച്ചവരുടെയും പേരുകള്‍ തമ്മില്‍ സാമ്യം ഉണ്ടായതാണ് തെറ്റിദ്ധാരണക്ക് കാരണമായത്. രാജന്റെ ഒരു മകളുടെ പേര് ഷര്‍മ്യ എന്നാണ്. ജയയാണ് രാജന്റെ ഭാര്യ. മക്കള്‍: ഷര്‍മ്യ, റിഞ്ചു.
കുടുംബശ്രീ യോഗത്തിന് ശേഷം വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഷര്‍മിളയെ ട്രെയിന്‍ തട്ടിയത്. സംഭവം ലോക്കോ പൈലറ്റ് കണ്ടതോടെ മേലധികാരികളെ വിവരം അറിയിക്കുകയായിരുന്നു. ലോക്കോ പൈലറ്റ് അറിയിച്ചതനുസരിച്ച് വടകര പൊലീസ് സ്റ്റേഷനില്‍ നിന്ന് പൊലീസും ആര്‍പിഎഫും സ്ഥലത്തെത്തി പ്രദേശവാസികളുടെ സഹായത്തോടെ പരിശോധന നടത്തിയശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ഈ വിവരമറിഞ്ഞാണ് രാജന്‍ സ്ഥലത്തെത്തിയത്. അംഗജനാണ് ഷര്‍മിളയുടെ ഭര്‍ത്താവ്. മക്കള്‍: കാവ്യ, കൃഷ്ണ.
#Vadakara #trainaccident #death #tragedy #Kerala #shock