Death | വിരമിക്കാന്‍ 7 മാസം ബാക്കി; ചേതനയറ്റ ശരീരവുമായി ജന്മനാട്ടിലേക്ക് മടക്കം, എഡിഎം നവീന്‍ ബാബുവിന് കണ്ണൂരിന്റെ യാത്രാമൊഴി
● മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.
● റവന്യു വകുപ്പില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ അനുഗമിക്കും.
കണ്ണൂര്‍: (KVARTHA) ചേതനയറ്റ ശരീരവുമായി എഡിഎം കെ നവീന്‍ ബാബു (K Naveen Babu) ജന്മനാട്ടിലേക്ക് മടങ്ങി. വിരമിക്കാന്‍ ഏഴുമാസം മാത്രം ബാക്കി നില്‍ക്കവെയാണ് കണ്ണൂരില്‍ നിന്നും ഇങ്ങനെയൊരു അന്ത്യയാത്ര. കണ്ണൂരിന്റെ ഭരണനിര്‍വഹണത്ത് തലപ്പത്തുണ്ടായിരുന്ന നവീന്‍ ബാബുവിന് അന്തിമോപചാരമര്‍പിക്കാനായി സഹപ്രവര്‍ത്തകരും വിവിധ രാഷ്ട്രീയ പാര്‍ടി നേതാക്കളും പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിക്ക് മുന്‍പിലെത്തി.
നിയമനടപടികള്‍ക്കുശേഷം എഡിഎം കെ നവീന്‍ ബാബുവിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. ബുധനാഴ്ച പുലര്‍ചെ 12.40ന് പത്തനംതിട്ടയില്‍ നിന്നെത്തിയ ബന്ധുക്കളാണ് ഭൗതിക ശരീരം ഏറ്റുവാങ്ങിയത്.
കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, കാസര്‍കോട് ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍, മുന്‍ എംഎല്‍എമാരായ എം വി ജയരാജന്‍, ടി വി രാജേഷ്, സബ് കളക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി, അസിസ്റ്റന്റ് കലക്ടര്‍ ഗ്രന്ഥേ സായികൃഷ്ണ, എഡിഎം ഇന്‍ ചാര്‍ജ് ശ്രുതി കെ വി, സര്‍വീസ് സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പിച്ചു.
മൃതദേഹത്തെ കണ്ണൂര്‍ റവന്യു വകുപ്പില്‍നിന്നുള്ള ഉദ്യോഗസ്ഥ സംഘം പത്തനംതിട്ടയിലേക്ക് അനുഗമിച്ചു.