Obituary | സിപിഎം പാറപ്രം ലോക്കല്‍ സെക്രട്ടറി വി പ്രസാദന്‍ മാസ്റ്റര്‍ നിര്യാതനായി


● 2022-ല്‍ ഗവണ്‍മെന്റ് ഗേള്‍സ് എല്‍.പി. സ്‌കൂളിലെ പ്രധാനാദ്ധ്യാപകനായി വിരമിച്ചു.
● തലശേരിയിലെ സമ്മേളനങ്ങളിലും കലോത്സവങ്ങളിലും സംഘാടകനായിരുന്നു.
● പരേതനായ കേളോത്ത് വാസു - വാഴവളപ്പി നാരായണി ദമ്പതികളുടെ മകനാണ്.
● സംസ്‌കാരം വൈകുന്നേരം ആറു മണിക്ക് പന്തക്കപ്പാറ പ്രശാന്തിയില്‍ നടക്കും.
തലശേരി: (KVARTHA) സിപിഎം പാറപ്രം ലോക്കല്‍ സെക്രട്ടറി പിണറായി വെസ്റ്റിലെ പ്രസാദം വീട്ടില്‍ വി പ്രസാദന്‍ മാസ്റ്റര്‍ (58) നിര്യാതനായി. മുണ്ടലൂര്‍ എല്‍ പി സ്‌കൂളില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം തലശേരി ഗവണ്‍മെന്റ് ഗേള്‍സ് എല്‍.പി. സ്‌കൂള്‍, ബ്രണ്ണന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലായി 36 വര്‍ഷം സേവനമനുഷ്ഠിച്ചു. 2022-ല്‍ ഗവണ്‍മെന്റ് ഗേള്‍സ് എല്‍.പി. സ്‌കൂളിലെ പ്രധാനാദ്ധ്യാപകനായി വിരമിച്ചു.
ഔദ്യോഗിക കാലയളവില്‍ കെ.എസ്.ടി.എ. കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം, എഫ്.എസ്.ടി.ഇ.ഒ. ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. തലശേരി ബ്രണ്ണന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദീര്‍ഘകാലം അദ്ധ്യാപകനായിരിക്കെ സ്‌കൂളിന്റെ അക്കാദമിക രംഗത്തെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചു. തലശേരിയില്‍ നടന്ന വിവിധ സമ്മേളനങ്ങളിലും കലോത്സവങ്ങളിലും പ്രധാന സംഘാടകനായിരുന്നു.
ബാലസംഘം അവിഭക്ത പിണറായി വില്ലേജ് സെക്രട്ടറി, ഡി.വൈ.എഫ്.ഐ. വില്ലേജ് ഭാരവാഹി, തലശേരി പബ്ലിക് സര്‍വന്റ്‌സ് ബാങ്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചു. നിലവില്‍ ഐ.ആര്‍.പി.സി. പിണറായി സോണല്‍ കമ്മിറ്റിയംഗവും പിണറായി വെസ്റ്റ് സി. മാധവന്‍ സ്മാരക വായനശാല കമ്മിറ്റിയംഗവുമായിരുന്നു.
പരേതനായ കേളോത്ത് വാസു - വാഴവളപ്പി നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷൈമ (അധ്യാപിക, കീഴല്ലൂര്‍ യു.പി. സ്‌കൂള്‍). മക്കള്‍: അക്ഷര (ബി.എഡ്. വിദ്യാര്‍ത്ഥിനി, പെരിങ്ങത്തൂര്‍), ആര്‍ഷ (ബിരുദ വിദ്യാര്‍ത്ഥിനി, കോളേജ് ഓഫ് കൊമേഴ്‌സ്, കണ്ണൂര്‍). സഹോദരങ്ങള്‍: വി. പ്രമോദന്‍, അഡ്വ. വി. പ്രദീപന്‍ (സി.പി.ഐ.എം. പാറപ്രം ലോക്കല്‍ കമ്മിറ്റിയംഗം), വി. പ്രകാശന്‍, വി. പ്രീത (അദ്ധ്യാപിക, പിണറായി വെസ്റ്റ് ബേസിക് യു.പി. സ്‌കൂള്‍). സംസ്‌കാരം വൈകുന്നേരം ആറു മണിക്ക് പന്തക്കപ്പാറ പ്രശാന്തിയില്‍ നടക്കും.
#CPM, #Kerala, #Teacher, #Obituary, #Leader, #SocialActivist, #Kannur