Fire | തണുപ്പ് അകറ്റാനായി തീ കായാനുള്ള അടുപ്പ് കത്തിച്ച് കിടന്നു; ശ്വാസം മുട്ടി ദമ്പതികള്‍ക്ക് ദാരുണാന്ത്യം


● കല്യാണത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു.
● 'കാര്‍ബണ്‍ മോണോക്‌സൈഡ് വാതകം ശ്വസിച്ചു.'
● മകന്‍ വിളിച്ചിട്ടും പ്രതികരണം ലഭിച്ചില്ല.
ഡെഹ്‌റാഡൂണ്‍: (KVARTHA) കടുത്ത തണുപ്പിനെ പ്രതിരോധിക്കാനായി തീ കായാനുള്ള അടുപ്പ് കത്തിച്ച് കിടന്നുറങ്ങിയ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മദന്‍ മോഹന്‍ സെംവാല്‍ (52), ഭാര്യ യശോദാ ദേവി (48) എന്നിവരാണ് മരിച്ചത്. ഭിലാംഗനയിലെ ദ്വാരി-തപ്ല എന്ന സ്ഥലത്ത് വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം.
അടുപ്പില്‍നിന്ന് പുക ഉയര്‍ന്ന് ശ്വാസം മുട്ടിയാണ് ദമ്പതികള്‍ മരിച്ചിട്ടുള്ളതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായാണ് ഇരുവരും ഗ്രാമത്തിലെത്തിയതെന്ന് ദ്വാരി-തപ്ല വില്ലേജ് അഡ്മിനിസ്‌ട്രേറ്റര്‍ റിങ്കി ദേവി പറഞ്ഞു.
കല്യാണ ചടങ്ങിനെത്തിയ ഇവര്‍ രാത്രി 11 മണിയോടെ തീ കായാനുള്ള അടുപ്പ് കത്തിക്കുകയും ഇത് കെടുത്താതെ ഇരുവരും മുറിക്കുള്ളില്‍ ഉറങ്ങുകയുമായിരുന്നുവെന്നാണ് വിവരം. തൊട്ടപ്പുറത്തെ മുറിയില്‍ ദമ്പതികളുടെ മകനും കിടന്നിരുന്നു. പിറ്റേന്ന് രാവിലെ മകനെത്തി മാതാപിതാക്കളെ വിളിച്ചുണര്‍ത്താന്‍ പല തവണ ശ്രമിച്ചു. ഏറെ സമയമായിട്ടും പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോള്‍ ദമ്പതികളെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
തീ കായാനായി കത്തിച്ച അടുപ്പിലെ പുകയില്‍ നിന്നുള്ള കാര്‍ബണ്‍ മോണോക്‌സൈഡ് വാതകം ശ്വസിച്ചാണ് ദമ്പതികള്‍ മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
#FireAccident, #Tragedy, #Dehradun, #India, #CarbonMonoxide, #WinterSafety