Obituary | നാട് മറക്കില്ല നാട്യങ്ങളില്ലാത്ത നേതാവിനെ: കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിന്നും കെപി വിട പറയുമ്പോള്‍
● കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തക സമിതിയിലെ അംഗമായിരുന്നു
● കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക്
● പാര്‍ട്ടിയിലെ ഗ്രൂപ്പുപോരുകള്‍ക്കിടെയില്‍ ഉള്‍പ്പെട്ടു പോവുകയും ചെയ്തു
/ഭാമ നാവത്ത്
കണ്ണൂര്‍: (KVARTHA) നാട്യങ്ങളില്ലാതെ രാഷ്ട്രീയത്തില്‍ നിലനില്‍ക്കുകയും നിശബ്ദമായി പ്രവര്‍ത്തിക്കുകയും ചെയ്ത കോണ്‍ഗ്രസ് നേതാക്കളിലൊരാളായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച കെ.പി കുഞ്ഞിക്കണ്ണന്‍ (KP Kunhikannan). ആദര്‍ശനിഷ്ഠയാണ് അദ്ദേഹമണിഞ്ഞ ഖദറിന് കൂടുതല്‍ശോഭ പരത്തിയത്. രാഷ്ട്രീയ കയറ്റിറക്കങ്ങള്‍ ഏറെ കണ്ടതാണ് കെ.പി യുടെ രാഷ്ട്രീയ ജീവിതം. പാര്‍ട്ടിയിലെ ഗ്രുപ്പുപോരുകള്‍ക്കിടെയില്‍ അറിഞ്ഞും അറിയാതെയും ഉള്‍പ്പെട്ടു പോവുകയും ചെയ്തു അദ്ദേഹം.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടെയില്‍ സ്വീകാര്യതയും അംഗീകാരവുമുള്ള നേതാവായിരുന്നു അദ്ദേഹം. താഴെത്തട്ടിലുള്ള പ്രവര്‍ത്തകരെപ്പോലും പേരെടുത്തു വിളിക്കാനും കാര്യങ്ങള്‍ പറയാനുമുള്ള അടുപ്പം അദ്ദേഹം പുലര്‍ത്തി. കെ. എസ്. യു പ്രവര്‍ത്തകര്‍ മുതല്‍ കോണ്‍ഗ്രസിന്റെ വിവിധ പോഷക സംഘടനാ ഭാരവാഹികള്‍ കെ.പി യുടെ കരുതലും പരിഗണനയും അനുഭവിച്ചവരാണ്.
ഇന്നത്തെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണു ഗോപാല്‍ ഉള്‍പ്പെടെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നും വിദ്യാര്‍ത്ഥി പ്രവര്‍ത്തകരെ യൂത്ത് കോണ്‍ഗ്രസിലേക്കും പാര്‍ട്ടിയിലേക്കും ഉയര്‍ത്തി കൊണ്ടുവന്നത് കെ.പിയുടെ ദീര്‍ഘവീക്ഷണമാണ്. ഈക്കാര്യത്തില്‍ അദ്ദേഹം തന്റെ ആരാധ്യപുരുഷനായ ലീഡര്‍ കെ. കരുണാകരനെ തന്നെയാണ് മാതൃകയാക്കിയത്. നേതൃഗുണമുള്ളവരെ കണ്ടെത്തി പാര്‍ട്ടിയിലേക്ക് കൊണ്ടുവന്ന് വളര്‍ത്തിയെടുക്കുകയെന്നതായിരുന്നു ലീഡറുടെ ശൈലി. പാര്‍ട്ടി അടിത്തട്ടില്‍ ശക്തിപ്പെടാന്‍ ഇതു ഏറെ സഹായിച്ചു.
സമരമുഖത്തെ ഉജ്വല പോരാളി കൂടിയായിരുന്നു കെ.പി കുഞ്ഞിക്കണ്ണന്‍
1970 കളുടെ തുടക്കത്തില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ്സ് സമരങ്ങളുടെ സംഘാടകരിലൊരാളായിരുന്നു അദ്ദേഹം. പയ്യന്നൂരിലും കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും നടന്ന ഒട്ടേറെ സമരങ്ങള്‍ക്ക് കെ.പി നേതൃത്വം നല്‍കി. ഇത്തരം സമരങ്ങളില്‍ ആകര്‍ഷകമായി വിഷയങ്ങള്‍ തന്റെ പ്രസംഗങ്ങളിലൂടെ അവതരിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. അത്തരത്തില്‍ ഒരു സമരമായിരുന്നു പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറില്‍ സ്ഥിതി ചെയ്തിരുന്ന സിന്‍ഡിക്കേറ്റ് ബാങ്ക് കവാടത്തില്‍യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരം. സമരത്തിന്റെ മുന്‍പന്തിയില്‍ മറ്റു നേതാക്കളുമുണ്ടായിരുന്നു.
'ചന്ദ്രനിലേക്കൊരു റോഡുണ്ടാക്കാന്‍, ലണ്ടനിലേക്കൊരു പാലം കെട്ടാന്‍, അല്ലായല്ലാ ഈ സമരം, തൊഴിലില്ലായ്മക്കറുതി വരുത്താനാണീഈ സമരം' എന്നായിരുന്നു അന്ന് സമരത്തില്‍ ഉയര്‍ന്ന് മുദ്രാവാക്യം. ഇത്തരം സമരങ്ങളിലൂടെ പയ്യന്നൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിന് കരുത്തും ഊര്‍ജവുമൊക്കെ കൈവന്നി രുന്ന കാലവുമായിരുന്നു അത്.
യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണവാഹനങ്ങളില്‍ കവല പ്രസംഗത്തിനുള്ള പ്രസംഗകരില്‍ കെ.പി.കുഞ്ഞിക്കണ്ണനുമുണ്ടാകുമായിരുന്നു. ആശയവ്യക്തതയോടെയുള്ള കെ.പിയുടെ പ്രസംഗം ബഹുജനങ്ങളെ ആകര്‍ഷിച്ചിരുന്നു. പയ്യന്നൂരിലെ രാഷ്ട്രീയക്കളരിയില്‍ പയറ്റിത്തെളിഞ്ഞത് കൊണ്ടുതന്നെ നിയമസഭയ്ക്കകത്ത് ശ്രദ്ധേയ സാന്നിധ്യമായിരുന്നു കെ.പി.യുടേത്. കേള്‍ക്കാന്‍ ഇമ്പമുള്ളതായിരുന്നു നിയമസഭാ പ്രസംഗങ്ങള്‍. വിഷയാവതരണം വ്യക്തതയോടെ സാധ്യമായിരുന്ന സാമാജികരില്‍ കെ.പി.കുഞ്ഞിക്കണ്ണന്‍ മുന്‍ നിരയിലാണ്.
തിരുവനന്തപുരത്ത് ഉദുമഎം.എല്‍.എയായി പ്രശോഭിച്ചു കൊണ്ടിരിക്കുന്ന കാലത്താണ് അദ്ദേഹം കാസര്‍കോട് ഡി.സി.സി അധ്യക്ഷനായെത്തുന്നത്. പാര്‍ലമെന്ററി പാര്‍ട്ടി പ്രവര്‍ത്തനത്തെക്കാള്‍ കെ.പി പാര്‍ട്ടി പ്രവര്‍ത്തനത്തെയാണ് പ്രധാനമായി പരിഗണിച്ചിരുന്നത്. പാര്‍ട്ടിയുണ്ടെങ്കില്‍ മാത്രമേ അധികാരമുണ്ടാകുവെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ലീഡര്‍ കെ. കരുണാകരനാണ് കെ.പിയെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കൊണ്ടുവരുന്നത്.
കെ.പി.കുഞ്ഞിക്കണ്ണനെന്ന ആധാരമെഴുത്തുകാരനെ കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് ലീഡര്‍ കെ.കരുണാകരന്റെ ഇടപെടലുകളായിരുന്നു. 1969 കാലഘട്ടത്തിലായിരുന്നു കെ.പി യുടെ കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശം. ഈ സമയത്താണ് കോണ്‍ഗ്രസ്സ് തീപ്പൊരിയായിരുന്ന കെ.പി.നൂറുദ്ദീനെ കുറ്റൂരിലെഒരു കൊലപാതക കേസില്‍ രാഷ്ട്രീയ എതിരാളികള്‍ കുടുക്കിയത്. കേസില്‍ പ്രതിയായതോടെ കെ.പി.നൂറുദ്ദീന്‍ ഒളിവിലായി. അന്ന് കെ.കരുണാകരന്‍ പ്രതിപക്ഷ നേതാവായിരുന്നു. ഒളിവില്‍ കഴിയുന്ന നൂറുദ്ദീനെ കാണാന്‍ ഒരു അംബാസിഡര്‍ കാറില്‍ പ്രതിപക്ഷ നേതാവായിരുന്ന കെ.കരുണാകരന്‍ കുറ്റൂരിലേക്ക് വരുന്ന വഴിയിലാണ് ശുഭ്രവസ്ത്രധാരിയായ ഒരു ചെറുപ്പക്കാരന്‍ റോഡരികിലൂടെ ചേര്‍ന്ന് നടക്കുന്നത് കണ്ടത്. അത് കെ.പിയായിരുന്നു. കെ.കരുണാകരന്‍ അവിടെ കാര്‍ നിര്‍ത്തുകയും വിവരങ്ങള്‍ ആരാഞ്ഞ് കെ.പിയെ കാറില്‍ കയറ്റി യാത്ര തുടര്‍ന്നു. പിന്നീട് നുറുദ്ദീനെ ഒളി സങ്കേതത്തില്‍ കണ്ട് തിരിച്ചു പോകവെ കെ.പിയെ കയറ്റിയ സ്ഥലത്ത് തന്നെ ഇറക്കി, നിങ്ങള്‍ ഉടന്‍ കണ്ണൂരിലെത്തി എന്‍. രാമകൃഷ്ണനെ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് കണ്ണൂരിലെത്തി എന്‍.രാമകൃഷ്ണനെ കണ്ടതിന് ശേഷമാണ് കെ.പി.യുടെ രാഷ്ട്രീയ പ്രവേശനത്തിന് തുടക്കമായത്.
ലീഡറുമായി ഏറെ അടുപ്പവും ബന്ധവും മറ്റാരേക്കാളും കെ-പിക്കുണ്ടായിരുന്നു. ലീഡര്‍ വിടവാങ്ങിയപ്പോള്‍ കെ.പി.നടത്തിയ അനുസ്മരണ പ്രസംഗം ഏറെ വൈകാരികമായിരുന്നു. കെ കരുണാകരന്‍ അനുസ്മരണ സമിതി ചെയര്‍മാനായിരുന്നു കെ.പി. ലീഡറുമായും ആ കുടുംബവുമായും വല്ലാത്തൊരാത്മബന്ധം കെ.പി.ക്കുണ്ടായിരുന്നു.
കെ. കരുണാകരന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം കോണ്‍ഗ്രസ്സ് വിട്ട് ഡി.ഐ.സി രൂപീകരിച്ചപ്പോള്‍ അതിന്റെ പ്രധാന നേതാവായി നിന്നതും കെ .പി തന്നെയായിരുന്നു. എന്നാല്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ ലീഡര്‍ കോണ്‍ഗ്രസ്സിലേക്ക് തന്നെ തിരിച്ചു വന്നപ്പോള്‍ കെ.പിയും മാതൃസംഘടനയില്‍ തിരിച്ചെത്തി. ദേശീയ സ്വാതന്ത്ര്യ സമരഭൂമിയാണ് പയ്യന്നൂര്‍. മഹാത്മ ഗാന്ധിയുള്‍പ്പെടെയുള്ള ദേശീയ നേതാക്കളുടെ കാല്‍പ്പാടുകള്‍ വീണപുണ്യമായ മണ്ണ്. രാഷ്ട്രീയ എതിരാളികളുടെ വെല്ലുവിളികള്‍ അതിജീവിച്ചാണ് കെ.പി രാഷ്ട്രീയ ജീവിതം മുന്‍പോട്ടു കൊണ്ടുപോയത്. പ്രതിസന്ധികളെ നേരിടാനുള്ള ആത്മധൈര്യമുള്ള നേതാവായിരുന്നു അദ്ദേഹം. വാഹനാപകടത്തിലൂടെ കെ.പിയെ മരണം കവര്‍ന്നത് അപരിഹാര്യമായ നഷ്ടമാണ് പാര്‍ട്ടിക്കും ജനങ്ങള്‍ക്കുമുണ്ടായത്.
#KPKunhikannan #Congress #KeralaPolitics #Obituary #RIP #IndianPolitics #Kannur