Tragedy | പശ്ചിമ ബംഗാളില്‍ കല്‍ക്കരി ഖനിയില്‍ സ്‌ഫോടനം; തൊഴിലാളികളടക്കം 7 പേര്‍ക്ക് ദാരുണാന്ത്യം; 7 പേര്‍ക്ക് പരിക്കേറ്റു
● മൃതദേഹങ്ങള്‍ ചിന്നിച്ചിതറി.
● വാഹനകള്‍ക്കും കേടുപാടുകളുണ്ടായി.
● പ്രതിഷേധവുമായി കുടുംബാംഗങ്ങളും പ്രദേശവാസികളും.
കൊല്‍ക്കത്ത: (KVARTHA) പശ്ചിമബംഗാളില്‍ കല്‍ക്കരി ഖനിയിലുണ്ടായ (Coal Mine) സ്‌ഫോടനത്തില്‍ ഖനി തൊഴിലാളികളടക്കം ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച ഉച്ചയ്ക്കാണ് ബിർഭും ജില്ലയിലെ ഖൈറസോളിൽ (Khayrasole) ലോക്പൂര്‍ മേഖലയില്‍ അപകടമുണ്ടായത്. ഏഴ് പേര്‍ക്ക് പരിക്കേറ്റു.
സ്ഫോടനത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ കൂടുതല്‍ ഖനിത്തൊഴിലാളികള്‍ ഖനിക്കുള്ളില്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുണ്ടെന്ന് സംശയിക്കുന്നതായും തിരച്ചില്‍ നടക്കുകയാണെന്നും പ്രാദേശിക ഭരണകൂടം അറിയിച്ചു.
സ്ഫോടനത്തില്‍ മരിച്ചവരില്‍ ചിലരുടെ മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. വാഹനകള്‍ക്കും കേടുപാടുകളുണ്ടായി. പരിക്കേറ്റവരെ ചികിത്സയ്ക്കായി പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ലഭ്യമായ ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച്, പരിക്കേറ്റ ഖനി തൊഴിലാളികളില്‍ പലരുടെയും അവസ്ഥ വളരെ ഗുരുതരമാണ്.
കല്‍ക്കരി ഖനനത്തിനിടെയാണ് ഗംഗാറാംചാക് മൈനിംഗ് പ്രൈവറ്റ് ലിമിറ്റഡെന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഖനിയില്‍ അപകടമുണ്ടായത്. കല്‍ക്കരി ഖനനത്തിന് ആവശ്യമായ സ്ഫോടകവസ്തുക്കള്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാതെയാണ് സൂക്ഷിച്ചതെന്നും ഇതാണ് അപകടത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതെന്നും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്‌ഫോടനകാരണം കണ്ടെത്താന്‍ പൊലീസ് പരിശോധന തുടങ്ങി.
അതേസമയം, ഖനിത്തൊഴിലാളികളുടെ കുടുംബാംഗങ്ങളും മറ്റ് പ്രദേശവാസികളും ഖനിക്ക് സമീപമെത്തി പ്രതിഷേധം ആരംഭിച്ചതോടെ പ്രദേശമാകെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനും രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനുപകരം ഉന്നത മാനേജ്മെന്റ് സ്ഥലം വിട്ടെന്നാണ് ഇവരുടെ വാദം. കഴിഞ്ഞ വര്‍ഷവും പശ്ചിമ ബംഗാളില്‍ കല്‍ക്കരി ഖനിയില്‍ അപകടമുണ്ടായിരുന്നു.
#coalmineexplosion #WestBengal #India #accident #fatalities #injured #rescueoperations #mineworkers #safetyviolations