Allegation | കാസര്‍കോട്ട് ഓടോറിക്ഷ ഡ്രൈവറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി; വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തതിന്റെ മനോവിഷമത്തിലായിരുന്നുവെന്ന് കുടുംബം; പ്രതിഷേധവുമായി ഓടോറിക്ഷ ഡ്രൈവര്‍മാര്‍
● നഗരത്തിലെ മുഴുവന്‍ ഓടോറിക്ഷകളും ഓട്ടം നിര്‍ത്തി പണിമുടക്കി.
● ഡിവൈഎസ്പി സമരക്കാരുമായി ചര്‍ചയില്‍.
കാസര്‍കോട്: (KVARTHA) ഓടോറിക്ഷ ഡ്രൈവറെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ റോഡിലെ വാടക ക്വാര്‍ടേഴ്‌സില്‍ താമസിക്കുന്ന അബ്ദുല്‍ സത്താര്‍ (Abdul Sathar-55) ആണ് മരിച്ചത്. ഉപജീവനമാര്‍ഗമായ ഓടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തതിന്റെ മനോവിഷമത്തിലായിരുന്നുവെന്നാണ് വിവരം.
നാല് ദിവസം മുമ്പ് കാസര്‍കോട് ഗീത ജംക്ഷന്‍ റോഡില്‍ വെച്ച് അബ്ദുല്‍ സത്താര്‍ ഓടിച്ച ഓടോറിക്ഷ പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും മാര്‍ഗതടസ്സം ഉണ്ടാക്കുന്ന വിധം റോഡിന്റെ മധ്യത്തില്‍ നിര്‍ത്തിയെന്ന കുറ്റം ചുമത്തിയാണ് നോടീസ് നല്‍കി ഓടോറിക്ഷ കസ്റ്റഡിയിലെടുത്തത്. വാഹനം വിട്ടുതരണമെന്ന ആവശ്യപ്പെട്ട് പലതവണ പൊലീസ് സ്റ്റേഷനിലേക്ക് പോയെങ്കിലും പൊലീസ് ഓടോറിക്ഷ വിട്ടുകൊടുക്കാന്‍ തയ്യാറായില്ലെന്നാണ് ആക്ഷേപം.
പിന്നീട് സഹപ്രവര്‍ത്തകരായ മറ്റ് ഓടോറിക്ഷ ഡ്രൈവര്‍മാര്‍ക്കൊപ്പം കാസര്‍കോട് ഡിവൈഎസ്പി ഓഫീസില്‍ നേരിട്ട് ചെന്ന് അദ്ദേഹവുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും തിരിച്ച് പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ പല കാരണങ്ങള്‍ പറഞ്ഞ് ഓടോറിക്ഷ വിട്ടുകൊടുക്കാതെ തടഞ്ഞുവെക്കുകയായിരുന്നുവെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച വൈകീട്ടോടെ അബ്ദുല്‍ സത്താറിനെ ക്വാര്‍ടേഴ്സിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതോടെ ഡ്രൈവര്‍മാര്‍ സംഘടിക്കുകയും ഇന്‍ക്വസ്റ്റ് നടപടിക്കെത്തിയ പൊലീസിനെ തടയുകയും ചെയ്തു.
സംഭവത്തില്‍ പ്രദേശത്ത് പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഓടോറിക്ഷ ഡ്രൈവറുടെ മരണത്തെ തുടര്‍ന്ന് നഗരത്തിലെ മുഴുവന്‍ ഓടോറിക്ഷകളും ഓട്ടം നിര്‍ത്തി പണിമുടക്കിയിരിക്കുകയാണ്. പണിമുടക്കിയ ഡ്രൈവര്‍മാര്‍ കാസര്‍കോട് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ചും നടത്തി. പ്രശ്ന പരിഹാരത്തിനായി കാസര്‍കോട് ഡിവൈഎസ്പി സി കെ സുനില്‍ കുമാര്‍ സമരക്കാരുമായി ചര്‍ച നടത്തുകയാണ്.
(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
#Kasargod #autodriverdeath #policebrutality #Kerala #India #justice