Aroma Mani | ചലച്ചിത്ര നിര്‍മാതാവും സംവിധായകനുമായ അരോമ മണി അന്തരിച്ചു
തിരുവനന്തപുരം: (KVARTHA) ചലച്ചിത്ര നിര്‍മാതാവും സംവിധായകനുമായ (Film Director and Producer) അരോമ മണി (എം മണി-65) അന്തരിച്ചു. കുന്നുകുഴിയിലെ (Kunnukuzhy) വസതിയിലായിരുന്നു അന്ത്യം. അരോമ മൂവീസ് (Aroma Movies), സുനിത പ്രൊഡക്ഷന്‍സ് (Sunitha Productions) തുടങ്ങിയ ബാനറുകളില്‍ 62 സിനിമകള്‍ നിര്‍മിച്ചു.
അരോമ മണിയുടെ ആദ്യനിര്‍മാണ സംരംഭം 1977ല്‍ പുറത്തിറങ്ങിയ മധു നായകനായ 'ധീരസമീരെ യമുനാതീരെ' ആയിരുന്നു. അദ്ദേഹം നിര്‍മിച്ച 'തിങ്കളാഴ്ച നല്ല ദിവസം', 'ദൂരെ ദൂരെ ഒരു കൂടു കൂട്ടാം' തുടങ്ങിയ ചിത്രങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
ഇരുപതാം നൂറ്റാണ്ട്, ഒരു സിബിഐ ഡയറിക്കുറിപ്പ്, ഓഗസ്റ്റ് 1, ജാഗ്രത, കോട്ടയം കുഞ്ഞച്ചന്‍, ധ്രുവം, കമ്മിഷണര്‍, ബാലേട്ടന്‍ തുടങ്ങി മലയാളി തിയേറ്ററുകളില്‍ ആഘോഷിച്ച ജനപ്രിയ ചിത്രങ്ങളില്‍ പലതും എം മണി നിര്‍മിച്ചവയായിരുന്നു. സ്വന്തം കഥയ്ക്ക് ജഗതി എന്‍ കെ ആചാരി എഴുതിയ തിരക്കഥയില്‍ ഒരുക്കിയ ആ ദിവസം (1982) എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്കും എം മണി കടന്നുവന്നു. കുയിലിനെ തേടി, എങ്ങനെ നീ മറക്കും, മുത്തോട് മുത്ത്, എന്റെ കളിത്തോഴന്‍, ആനയ്‌ക്കൊരുമ്മ തുടങ്ങിയ ചിത്രങ്ങളൊക്കെ സംവിധായകന്‍ എന്ന നിലയിലുള്ള ഫിലിമോഗ്രഫിയില്‍ ഉണ്ട്.