Accident | രാജസ്ഥാനില്‍ പീരങ്കി വിന്യാസ പരിശീലനത്തിനിടെ അപകടം; ഗുരുതരമായി പരുക്കേറ്റ സൈനികന്‍ മരിച്ചു
● വാരിയെല്ലുകള്‍ക്ക് ഗുരുതര പരുക്കേറ്റിരുന്നു.
● സൈനിക ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
● 13 വര്‍ഷമായി സൈന്യത്തില്‍ സേനവമനുഷ്ഠിക്കുന്നു.
ജയ്പൂര്‍: (KVARTHA) ബിക്കാനീറിലെ മഹാജന്‍ ഫീല്‍ഡ് ഫയറിംഗ് റേഞ്ചില്‍ സൈനികാഭ്യാസത്തിനിടെയുണ്ടായ അപകടത്തില്‍ പരുക്കേറ്റ് 31 കാരനായ സൈനികന്‍ മരിച്ചു. ചികിത്സയിലായിരുന്ന ഹവില്‍ദാര്‍ ചന്ദ്ര പ്രകാശ് പട്ടേല്‍ എന്ന ജവാനാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലെ ജമുവാ ബസാര്‍ കച്ചിമയിലെ നാരായണ്‍പൂരാണ് സൈനികന്റെ സ്വദേശം.
മൂന്ന് ദിവസം മുമ്പ് ഡിസംബര്‍ 15 നാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഫയറിങ് റേഞ്ചിലെ ഈസ്റ്റ് ഫീല്‍ഡില്‍ പീരങ്കി കൊണ്ട് വെടിവെയ്ക്കുന്നതിനിടെയാണ് സംഭവം. വെടിവെച്ചയുടന്‍ പീരങ്കി പിന്നിലേക്ക് തെറിക്കുകയും ഇതിന്റെ ആഘാതത്തില്‍ ചന്ദ്ര പ്രകാശ് പട്ടേല്‍ അദ്ദേഹത്തിന് പിന്നിലുണ്ടായിരുന്ന ഒരു വാഹനത്തിലേക്ക് തെറിച്ച് വീഴുകയുമായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, അപകടസമയത്ത് പീരങ്കി തെന്നി മറിയുകയും ചന്ദ്രപ്രകാശ് പീരങ്കിയ്ക്കും ടോവിംഗ് വാഹനത്തിനും ഇടയില്‍ കുടുങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്.
വാഹനത്തിന്റെ ബോഡിയില്‍ ഇടിച്ചുള്ള വീഴ്ചയുടെ ആഘാതത്തില്‍ വാരിയെല്ലുകള്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഉടനെ തന്നെ സൂറത്ത്ഗഡ് ആര്‍മി ആശുപത്രിയില്‍ എത്തിച്ചു. അവിടെ ചികിത്സയില്‍ കഴിയുന്നതിനിടെ ചൊവ്വാഴ്ച വൈകി മരണപ്പെടുകയായിരുന്നു. 199 മീഡിയം ആര്‍ട്ടിലറി റെജിമെന്റ് അംഗമായ ചന്ദ്ര പ്രകാശ് പട്ടേല്‍ 13 വര്‍ഷമായി സൈന്യത്തില്‍ സേനവമനുഷ്ഠിക്കുകയാണ്.
#India #military #accident #artillery #soldier #RIP #Bikaner #Rajasthan