Found Dead | അതിരപ്പള്ളി റിസോര്‍ടില്‍ ജീവനൊടുക്കിയ യുവതിക്ക് നാടിന്റെ യാത്രാമൊഴി


ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
ജീവനക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
19 കാരി മൂക്കില്‍ നിന്ന് രക്തം വരുന്ന അസുഖമുള്ളതിന്റെ മനോവിഷമത്തിലായിരുന്നുവെന്ന് സുഹൃത്ത്.
അതിരപ്പിള്ളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
ആലക്കോട്: (KVARTHA) റിസോര്‍ട് ജീവനക്കാരിയായ യുവതിയുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി. അതിരപ്പിള്ളിയിലെ കണ്ണന്‍കുഴിയിലുള്ള കാസാ റിയോ റിസോര്‍ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ആലക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഉദയഗിരി സ്വദേശിനി ഐശ്വര്യയുടെ (19) മൃതദേഹം തൃശ്ശൂര്‍ ഗവ.മെഡികല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ടം നടത്തിയതിനുശേഷം സ്വദേശത്തേക്ക് എത്തിച്ചു. തുടര്‍ന്ന് രാവിലെ ഒന്‍പത് മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
ഐശ്വര്യയുടെ മരണവാര്‍ത്തയറിഞ്ഞ് ബന്ധുക്കള്‍ ശനിയാഴ്ച (22.06.2024) രാത്രി തന്നെ അതിരപ്പിള്ളിയിലേക്ക് പോയിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 1.30 നും രാത്രി 7.30 നും ഇടയിലുള്ള സമയത്താണ് താമസിക്കുന്ന മുറിയിലെ ഹുകില്‍ ബെഡ്ഷീറ്റ് ഉപയോഗിച്ച് ഐശ്വര്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ റിസോര്‍ട് ജീവനക്കാര്‍ കെട്ടറുത്ത് ചാലക്കുടിയിലെ ഗവ.താലൂക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
കഴിഞ്ഞ ജൂണ്‍-19-നാണ് ഐശ്വര്യ ഇവിടെ ജോലിക്ക് ചേര്‍ന്നത്. മൂക്കില്‍ നിന്ന് രക്തം വരുന്ന അസുഖമുള്ള ഐശ്വര്യ അതിന്റെ മനോവിഷമം കാരണം ജീവനൊടുക്കിയതാണെന്ന് കാസര്‍കോട്ടെ മുന്നാട് ബേഡകം പഞ്ചായത് സ്വദേശിനിയും കൂട്ടുകാരിയുമായ കീര്‍ത്തി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അതിരപ്പിള്ളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഐശ്വര്യക്ക് രണ്ട് സഹോദരങ്ങളാണുള്ളത്. യുവതിയുടെ അപ്രതീക്ഷിത വിയോഗം നാടിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)