Accident | ചൈനയില്‍ കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി 35 പേര്‍ക്ക് ദാരുണാന്ത്യം; 43 പേര്‍ക്ക് പരുക്കേറ്റു
● ഡ്രൈവര്‍ മനഃപൂര്‍വം അപകടമുണ്ടാക്കിയെന്ന് പൊലീസ്.
● 62 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
● പ്രതി കോമയില്‍ ആശുപത്രിയില്‍ ചികിത്സയില്‍.
ബെയ്ജിങ്: (KVARTHA) ചൈനയിലെ ഷുഹായ് നഗരത്തില്‍ കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ 35 പേര്‍ക്ക് ദാരുണാന്ത്യം. 43 പേര്‍ക്ക് പരുക്കേറ്റു. ഷുഹായ് സ്‌പോര്‍ട്‌സ് സെന്ററില്‍ വ്യായാമം ചെയ്യുകയായിരുന്ന ആളുകളാണ് മരിച്ചത്. ഇവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ച് കയറ്റുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
റഷ്യ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി സെര്‍ഗെയ് ഷിയോഗു ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കുന്ന എയര്‍ ഷോ നടക്കുന്ന സ്ഥലത്തിന് 40 കിലോമീറ്റര്‍ അകലെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് എയര്‍ ഷോയുമായി ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. 62 കാരനായ ഡ്രൈവറാണ് ജനങ്ങള്‍ക്കിടയിലേക്ക് എസ്യുവി ഓടിച്ചുകയറ്റിയതെന്നാണ് പുറത്തുവരുന്ന വിവരം.
വിവാഹമോചനത്തെ തുടര്‍ന്നുള്ള സ്വത്ത് വീതം വയ്ക്കലില്‍ അസംതൃപ്തനായ ഡ്രൈവര്‍ മനഃപൂര്‍വം അപകടമുണ്ടാക്കിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തിനുശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഇതിനിടെ സ്വയം മുറിവേല്‍പ്പിച്ച ഇയാള്‍ ഇപ്പോള്‍ കോമയിലാണെന്ന് പൊലീസ് അറിയിച്ചു.
#China #carcrash #accident #tragedy #Shuhai #airshow #Russia