Crisis | ജനകീയനാണെങ്കിലും ബംഗ്ലാദേശികള്‍ യൂനുസ് സര്‍ക്കാരിനെതിരെ ജാഗ്രതയിൽ; കാരണമെന്താണ്?

 
Crissis

Photo Credit: X / Md Ifran Ali Bijoy

മുഹമ്മദ് യൂനുസിനെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ രണ്ടഭിപ്രായമുണ്ട്. അദ്ദേഹത്തെ ദേശീയ നായകന്‍ എന്നാണ് ഒരു വിഭാഗം വിശേഷിപ്പിക്കുന്നത്. ഇതിനോട് കടുത്ത വിയോജിപ്പുള്ളവര്‍ രാജ്യദ്രോഹി എന്ന് അപലപിക്കുന്നു

ആദിത്യൻ ആറന്മുള ​​​​​​​

(KVARTHA) സമാധാന നോബല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിനെ ജാഗ്രതയോടെയാണ് ബംഗ്ലാദേശിലെ പ്രതിഷേധക്കാര്‍ പോലും കാണുന്നത്. മുഹമ്മദ് യൂനസ് തികഞ്ഞ മനുഷ്യ സ്‌നേഹിയാണ്. എന്നാലും മുന്‍ നായകനും വഴിതെറ്റിയേക്കാം എന്നാണ് ഷെയ്ഖ് ഹസീനയുടെ ഭരണം തങ്ങള്‍ക്ക് നല്‍കിയ പാഠമെന്ന് ഇവരില്‍ പലരും പറയുന്നു. 'പാവപ്പെട്ടവരുടെ ബാങ്കര്‍' എന്നാണ് യൂനുസ് അറിയപ്പെടുന്നത്. നൂറുകണക്കിന് ആളുകളുടെ ജീവന്‍ അപഹരിക്കുകയും ബംഗ്ലാദേശ് ഏറ്റവും കൂടുതല്‍ കാലം ഭരിച്ച പ്രധാനമന്ത്രിയെ ജനം പുറത്താക്കിയ ശേഷം രാജ്യം വീര്‍പ്പുമുട്ടുന്ന സമയത്താണ് അദ്ദേഹം രാജ്യത്തിന്റെ തലപ്പത്തെത്തുന്നത്.   

ചൊവ്വാഴ്ച പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് 84 കാരനായ യൂനുസിനെ സര്‍ക്കാര്‍ നേതാവായി നിയമിച്ചത്. കഴിഞ്ഞ ദിവസം ബംഗ്ലാദേശ് കരസേനാ മേധാവി വഖാർ ഉസ്-സമാനുമായി നടത്തിയ ചര്‍ച്ചയില്‍ യൂനുസ് ചുമതലയേല്‍ക്കണമെന്ന തങ്ങളുടെ ആവശ്യത്തില്‍ പ്രതിഷേധക്കാര്‍ ഉറച്ച് നിന്നിരുന്നു. സൈനിക മേധാവിയെ മറികടന്ന് യൂനുസിനെ നിയമിച്ചിട്ടും, സര്‍ക്കാര്‍ എത്രത്തോളം ഫലപ്രദമാകുമെന്ന് ബംഗ്ലാദേശിലെ പ്രതിഷേധക്കാരായ വിദ്യാര്‍ത്ഥികള്‍ ആശങ്കയിലാണ്. രാജ്യത്ത് തൊഴിലില്ലായ്മ അതിരൂക്ഷമാണ്. സാമ്പത്തിക സ്ഥിതിയും അത്ര മെച്ചമല്ല. അതാണ് ഇവരെ ആകുലരാക്കുന്നത്.

'പുതിയ സര്‍ക്കാര്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്നും ജനകീയ സര്‍ക്കാരായിരിക്കുമോ എന്നും കാണാന്‍ കാത്തിരിക്കുകയാണ്,' ധാക്ക സ്വദേശിയും വിദ്യാര്‍ത്ഥി പ്രതിഷേധത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നയാളുമായ ഷഫ്കത്ത് മഹമൂദ്  പറഞ്ഞു. ക്രമസമാധാനം, വിദ്യാഭ്യാസം, സുതാര്യത, പൊതുജനക്ഷേമം, സാമ്പത്തിക തീരുമാനങ്ങള്‍ എന്നീ കാര്യങ്ങളില്‍ പുതിയ സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.  

ഈ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയാണെങ്കില്‍, ബംഗ്ലാദേശ് മുഴുവന്‍ അവരെ പിന്തുണയ്ക്കും. പുതിയ ഭരണകൂടത്തിന്റെ സ്വഭാവം എങ്ങനെയായിരിക്കും എന്ന് ഞങ്ങള്‍ ഉറ്റുനോക്കുകയാണ്. ഷെയ്ഖ് ഹസീനയുടെ രാജിയായിരുന്നു അടിയന്തര ലക്ഷ്യം. അത് നേടിയെന്നും പ്രക്ഷോഭക്കാര്‍ പറയുന്നു. ഷെയ്ഖ് ഹസീന ജനങ്ങളോട് ചെയ്ത ക്രൂരതകള്‍ക്ക് അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പുതിയ സര്‍ക്കാരിന് കഴിയുമെങ്കില്‍ അത്രയും നല്ലതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

മുഹമ്മദ് യൂനുസിനെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ രണ്ടഭിപ്രായമുണ്ട്. അദ്ദേഹത്തെ ദേശീയ നായകന്‍ എന്നാണ് ഒരു വിഭാഗം വിശേഷിപ്പിക്കുന്നത്. ഇതിനോട് കടുത്ത വിയോജിപ്പുള്ളവര്‍ രാജ്യദ്രോഹി എന്ന് അപലപിക്കുന്നു.  2006ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ ഒരു സാമൂഹിക സംരംഭകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളാണ് ജനനായകനാക്കിയത്. അഴിമതിയും നികുതി ക്രമക്കേടും അദ്ദേഹത്തിന്റെ മേല്‍  ആരോപിച്ച ഹസീന സര്‍ക്കാരുമായി യൂനുസ് നിരന്തരം കലഹിച്ചിരുന്നു.  

1940ല്‍ ചിറ്റഗോങ്ങില്‍ ജനിച്ച യൂനസ്, യുഎസിലെ വാന്‍ഡര്‍ബില്‍റ്റ് സര്‍വകലാശാലയില്‍ നിന്ന് ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പോടെ സാമ്പത്തിക ശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി. അതിന് മുമ്പ് ധാക്ക സര്‍വകലാശാല വിദ്യാര്‍ത്ഥിയായിരുന്നു. 1971ല്‍ പാക്കിസ്ഥാനെതിരായ യുദ്ധത്തില്‍ ബംഗ്ലാദേശ് വിജയിച്ചതോടെ യൂനുസ് അമേരിക്കയില്‍ നിന്ന് ചിറ്റഗോംഗ് സര്‍വകലാശാലയില്‍ പഠിപ്പിക്കാന്‍ മടങ്ങി. 1974-ലാണ് അദ്ദേഹം ശ്രദ്ധേയനായത്. ആ വര്‍ഷം, 20-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ക്ഷാമം രാജ്യത്തെ  ബാധിച്ചു, ഇത് ഏകദേശം 15 ലക്ഷം ആളുകളുടെ മരണത്തിലേക്ക് നയിച്ചു. അതോടെ അദ്ദേഹം സമൂഹത്തിലേക്ക് ഇറങ്ങി. 

ഏറ്റവും ദാരിദ്ര്യര്‍ക്ക് ചെറിയ വായ്പകള്‍ നല്‍കാന്‍ തുടങ്ങി. ഈ ശ്രമങ്ങള്‍ ഒടുവില്‍ ഗ്രാമീണ ബാങ്ക് സ്ഥാപിക്കുന്നതിലേക്ക് (1983) അദ്ദേഹത്തെ നയിച്ചു. സാമ്പത്തിക ഭദ്രതയില്ലാത്ത സംരംഭകര്‍ക്ക് ബാങ്ക് വായ്പ നല്‍കും എന്നതാണ് പ്രധാന ആകര്‍ഷണം. പദ്ധതി വിജയിച്ചതോടെ ആയിരക്കണക്കിന് ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാനായി. മറ്റ് രാജ്യങ്ങളില്‍ സമാനമായ മൈക്രോഫിനാന്‍സിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കുകയും ചെയ്‌തെന്ന് പറയുന്നു. 

ബാങ്ക് വിജയിച്ചതോടെയാണ് 2006-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം യൂനുസിന് ലഭിച്ചത്. 'ബംഗ്ലാദേശിലെ ഭയാനകമായ പട്ടിണിയുടെ പശ്ചാത്തലത്തില്‍ യൂണിവേഴ്‌സിറ്റി ക്ലാസ് മുറിയില്‍ സാമ്പത്തിക ശാസ്ത്രത്തിന്റെ ഗംഭീരമായ സിദ്ധാന്തങ്ങള്‍ പഠിപ്പിക്കാന്‍ എനിക്ക് ബുദ്ധിമുട്ടായിരുന്നു,' എന്നാണ് അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് യൂനുസ് പറഞ്ഞത്. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും മുന്നില്‍ സിദ്ധാന്തങ്ങളുടെ ശൂന്യത എനിക്ക് അനുഭവപ്പെട്ടു. ചുറ്റുമുള്ള ആളുകളെ സഹായിക്കാന്‍, അത് ഒരു മനുഷ്യനാണെങ്കില്‍ പോലും,  അടിയന്തിരമായി എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചു- എന്നും പറഞ്ഞിരുന്നു.

ആഗോള സമൂഹം ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള യൂനുസിന്റെ ശ്രമങ്ങളെ പ്രശംസിക്കുമ്പോള്‍, ഗ്രാമീണ ബാങ്ക് ഈടാക്കുന്ന ഉയര്‍ന്ന പലിശ കാരണം പാവപ്പെട്ട വായ്പക്കാര്‍ കൂടുതല്‍ ദരിദ്രരായെന്ന് നിരവധി വിമര്‍ശകര്‍ അവകാശപ്പെട്ടു. എന്നാല്‍ ആരോപണങ്ങള്‍ യൂനുസ് നിഷേധിച്ചു. യൂനുസും ഹസീനയും തമ്മിലുള്ള പ്രശ്നം 2007-ല്‍ ആണ് ആരംഭിച്ചത്. യൂനുസ് രാഷ്ട്രീയ പാര്‍ട്ടി തുടങ്ങാനുള്ള ആലോചനയിലാണെന്ന് പരസ്യമായി പറഞ്ഞത് അവരെ ചൊടിപ്പിച്ചു. രാഷ്ട്രീയത്തിലെ പുതുമുഖങ്ങള്‍ അപകടകരമാണെന്നും അവരെ സംശയത്തോടെ കാണണമെന്നും ഹസീന പ്രസ്താവിച്ചു. 2008ല്‍ സൈന്യത്തിന്റെ അധികാരം  ഹസീനയുടെ അവാമി ലീഗിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട ശേഷം, യൂനുസിനെതിരെ നിരവധി അന്വേഷണങ്ങള്‍ ആരംഭിച്ചു. 

യൂനുസിന്റെ ഗ്രാമീണ്‍ ബാങ്ക് ദരിദ്രരായ വനിതാ വായ്പക്കാരില്‍ നിന്ന് വായ്പ തിരികെ വാങ്ങാന്‍ ഉപദ്രവിച്ചതായി  ആരോപിക്കപ്പെട്ടു. ഇതെല്ലാം അദ്ദേഹം നിഷേധിച്ചു.  മൂന്ന് വര്‍ഷത്തിന് ശേഷം സര്‍ക്കാര്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ തുടങ്ങി. മാനേജിംഗ് ഡയറക്ടര്‍ ആയ യൂനുസിനെ പിരിച്ചുവിടാന്‍ ഉത്തരവിടുകയും ചെയ്തു. നിര്‍ബന്ധിത വിരമിക്കല്‍ പ്രായമായ 60 കവിഞ്ഞു എന്നതാണ് കാരണം പറഞ്ഞത്. പിന്നീട് അഴിമതി, നികുതി വെട്ടിപ്പ്, തൊഴില്‍ നിയമങ്ങളുടെ ലംഘനം വരെയുള്ള ഡസന്‍ കണക്കിന് നിയമ കേസുകളില്‍ യൂനുസ് കുടുങ്ങി. 

ഈ വര്‍ഷം ജനുവരിയില്‍ ബംഗ്ലാദേശ് കോടതി യൂനുസിനെതിരെ തൊഴില്‍ നിയമലംഘനത്തിന് കുറ്റം ചുമത്തുകയും ആറ് മാസത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഹസീനയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് വിധി പുറപ്പെടുവിച്ചതെന്ന് പറഞ്ഞ് യൂനുസും അദ്ദേഹത്തിന്റെ അനുയായികളും കോടതി ഉത്തരവിനെ തള്ളിപ്പറഞ്ഞിരുന്നു. ജൂണില്‍ അദ്ദേഹം അഴിമതി ആരോപണങ്ങളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു,  ഈ കേസില്‍ അദ്ദേഹം ജാമ്യത്തിലാണ്.

ഹസീന സര്‍ക്കാര്‍  അധികാരത്തില്‍ നിന്ന് പുറത്തായതോടെ യൂനുസിനെതിരായ നിരവധി കേസുകളില്‍ എന്ത് സംഭവിക്കും എന്നതും ജനങ്ങള്‍ ഉറ്റുനോക്കുന്നു.  53 വര്‍ഷം പഴക്കമുള്ള രാജ്യം ഏറ്റവും മോശമായ കാലത്തിലൂടെ കടന്ന് പോകുമ്പോള്‍ തൊണ്ണൂറിനടുത്ത് പ്രായമുള്ള യൂനുസാണ് നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്, അതും ആശങ്കയ്ക്ക് ഇടയാക്കുന്നു.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia