Security | റെയിൽവേയിൽ സുരക്ഷ ശക്തമാക്കാൻ പുത്തൻ സാങ്കേതിക വിദ്യയുമായി പാലക്കാട് ഡിവിഷൻ; പ്രത്യേകതകൾ അറിയാം
പാലങ്ങൾ, കുറ്റകൃത്യ സാധ്യതയുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ കാമറകൾ സ്ഥാപിക്കും
പാലക്കാട്: (KVARTHA) റെയിൽവേ ഡിവിഷനിൽ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി അത്യാധുനിക സോളാർ കാമറകൾ സ്ഥാപിക്കുന്നു. ഡിവിഷൻ മാനേജർ അരുൺ കുമാർ ചതുർവേദിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. പാലങ്ങൾ, കുറ്റകൃത്യ സാധ്യതയുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഈ കാമറകൾ സ്ഥാപിക്കും.
ഉയർന്ന നിലവാരമുള്ള വീഡിയോ, ഓഡിയോ സംവിധാനവും ഇവയിലുണ്ട്. രാത്രിയിലും വ്യക്തമായ ദൃശ്യങ്ങൾ പകർത്താൻ ലെഡ് ലൈറ്റുകളും ഘടിപ്പിച്ചിട്ടുണ്ട്. മനുഷ്യനെ തിരിച്ചറിയുന്ന സംവിധാനവും ഇതിലുണ്ട്. എസ്ഡി കാർഡ്, ക്ലൗഡ് സ്റ്റോറേജ് സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്. ശബ്ദം വ്യക്തമായി കേൾക്കാൻ എക്കോ കാൻസലേഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുണ്ട്.
350 ഡിഗ്രി തിരശ്ചീനമായും 90 ഡിഗ്രി ലംബമായും ക്യാമറ തിരിക്കാൻ സാധിക്കും. ഇത് വളരെ വിശാലമായ പ്രദേശം നിരീക്ഷിക്കാൻ സഹായിക്കും. കൂടാതെ, മൊബൈൽ ആപ്പ് വഴി ഈ കാമറകൾ ദൂരെ നിന്നും തന്നെ നിരീക്ഷിക്കാനും സാധിക്കും. ഈ പദ്ധതി വിജയകരമായാൽ കൂടുതൽ കാമറകൾ സ്ഥാപിക്കും. ഈ ആധുനിക കാമറകൾ വഴി റെയിൽവേ സ്റ്റേഷനുകളിലും പാതയോരത്തും സുരക്ഷ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.