Discovery | ദിനോസറുകളെ നശിപ്പിച്ചത് ആ ഒരു ഛിന്നഗ്രഹം മാത്രമല്ല! ശാസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തൽ; സമുദ്രത്തിൽ ഗർത്തങ്ങൾ?
● 9 കിലോമീറ്റർ വ്യാസമുള്ള ഗർത്തം തെളിവായി ചൂണ്ടിക്കാട്ടുന്നു
● ഇത് മെക്സിക്കോയിലെ ചിക്സുലബ് ഗർത്തത്തിന് സമാന്തരമായി സംഭവിച്ചതായിരിക്കാം.
ലണ്ടൻ: (KVARTHA) ആറരക്കോടി വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ വിഹരിച്ച് നടന്ന ദിനോസറുകളുടെ അപ്രതീക്ഷിതമായ വംശനാശം ഇന്നും ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തുന്ന ഒരു സംഭവമാണ്. ഈ ഭീമൻമാരെ കൊന്നൊടുക്കിയത് എന്താണെന്ന് കണ്ടെത്താനുള്ള അന്വേഷണം ശാസ്ത്രജ്ഞരെ നൂറ്റാണ്ടുകളായി ആകർഷിച്ചുകൊണ്ടിരിക്കുന്നു.
ഇന്ന് പൊതുവെ അംഗീകരിക്കപ്പെട്ട സിദ്ധാന്തം, ഒരു ഛിന്നഗ്രഹം ഭൂമിയിൽ പതിച്ചതാണ് ഈ വൻനാശത്തിന് കാരണമെന്നാണ്. മെക്സിക്കോയിലെ യൂക്കാട്ടൻ പെനിൻസുലയിലെ ചിക്സുലബ് ഗർത്തം ഈ സംഭവത്തിന്റെ തെളിവായി കണക്കാക്കപ്പെടുന്നു. ഛിന്നഗ്രഹം പതിച്ച ശേഷം വ്യാപകതോതിൽ വാതകങ്ങളും പുകയും മറ്റുമടങ്ങിയ പൊടിപടലങ്ങളും അന്തരീക്ഷത്തിൽ ഉയർന്നെന്നും ഇതു മൂലമുണ്ടായ കാലാവസ്‌ഥാവ്യതിയാനമാകാം കനത്ത നാശത്തിന് വഴിയൊരുക്കിയതെന്നുമാണ് പ്രബല അഭിപ്രായം.
അതിശയിപ്പിക്കുന്ന പുതിയ കണ്ടെത്തൽ
എന്നാലിപ്പോൾ ലണ്ടനിലെ ശാസ്ത്രജ്ഞർ അതിശയിപ്പിക്കുന്ന ഒരു കണ്ടെത്തൽ നടത്തിയിരിക്കുകയാണ്. 66 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ദിനോസറുകളെ നശിപ്പിച്ചത് ഒരു ഛിന്നഗ്രഹം മാത്രമല്ലെന്നാണ് പുതിയ കണ്ടെത്തൽ. ആ ഛിന്നഗ്രഹത്തിനൊപ്പം മറ്റൊരു ഛിന്നഗ്രഹം കൂടി ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരത്തെ സമുദ്രത്തിൽ വീണിരുന്നുവെന്നാണ് ഗവേഷകർ പറയുന്നത്. ഈ ചെറിയ ഛിന്നഗ്രഹം വീണ് ഉണ്ടായ ഗർത്തത്തെങ്ങളെക്കുറിച്ചും ശാസ്ത്രജ്ഞർ പഠിക്കുന്നുണ്ട്.
അറ്റ്ലാന്റിക് സമുദ്രത്തിൽ ഒമ്പത് കിലോമീറ്റർ വ്യാസമുള്ള ഒരു വലിയ കുഴി കണ്ടെത്തിയിട്ടുണ്ട്. ഈ കുഴി, ഒരു വലിയ ഛിന്നഗ്രഹം സമുദ്രത്തിൽ പതിച്ചതിന്റെ ഫലമായി ഉണ്ടായതാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഈ സംഭവം മൂലം 800 മീറ്റർ ഉയരത്തിൽ സുനാമി ഉണ്ടായിരുന്നുവെന്നും അവർ പറയുന്നു. ഈ കുഴിയെക്കുറിച്ച് ആദ്യമായി കണ്ടെത്തിയത് ഹെറിയോട്ട്-വാട്ട് സർവകലാശാലയിലെ ഡോ. ഇസ്ദിയാൻ നിക്കോൾസൺ ആണ്. എന്നാൽ ഇത് എങ്ങനെ രൂപപ്പെട്ടു എന്നതിൽ ആദ്യം ചില സംശയങ്ങൾ ഉണ്ടായിരുന്നു. എന്നാൽ പുതിയ പഠനങ്ങൾ വഴി ഈ സംശയങ്ങൾ ദൂരീകരിച്ചിരിക്കുകയാണ്.
മെക്സിക്കോയിൽ ഗർത്തത്തിന് കാരണമായ ഛിന്നഗ്രഹ പതനത്തിന് മുമ്പാണോ അതോ ശേഷമാണോ ചെറിയ ഛിന്നഗ്രഹം പതിച്ചത് എന്നത് കൃത്യമായി മനസിലാക്കിയിട്ടില്ലെങ്കിലും സംഭവം നടന്നത് ദിനോസറുകളുടെ വംശനാശം ഉണ്ടായ കാലഘട്ടത്തിൽ ആണെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.
#dinosaur #asteroid #extinction #science #discovery #paleontology #geology