NEET row | നീറ്റ് പരീക്ഷയിലെ ക്രമക്കേട് അന്വേഷിക്കാൻ സിബിഐ; കേസ് രജിസ്റ്റർ ചെയ്തു
ഫലപ്രഖ്യാപനം വന്നതുമുതൽ, പേപ്പർ ചോർച്ച, റാങ്കുകളുടെ എണ്ണം, ഗ്രേസ് മാർക്ക് അനുവദിക്കുന്നതിലെ അപാകതകൾ, മറ്റ് ക്രമക്കേടുകൾ എന്നിവയിൽ എൻടിഎ കടുത്ത വിമർശനത്തിന് വിധേയമായിരുന്നു
ന്യൂഡൽഹി: (KVARTHA) മെയ് അഞ്ചിന് നടന്ന മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റ് നടത്തിപ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം തുടങ്ങുന്നതിന് മുന്നോടിയായാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം സിബിഐയെ കേന്ദ്രസർക്കാർ ഏൽപിച്ചതിന് തൊട്ടുപിന്നാലെയാണ് നീക്കം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ പരാതിയിൽ അജ്ഞാതർക്കെതിരെയാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ആരോപണവിധേയമായ ക്രമക്കേടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ വിദ്യാർത്ഥി പ്രതിഷേധങ്ങൾ നടന്നതിനെ തുടർന്നാണ് സർക്കാർ നടപടിയുണ്ടായത്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ, തട്ടിപ്പ്, ആൾമാറാട്ടം എന്നിവ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞിരുന്നു. പരീക്ഷാ പ്രക്രിയയുടെ നടത്തിപ്പിലെ സുതാര്യതയ്ക്കായി സമഗ്രമായ അന്വേഷണത്തിനായാണ് വിഷയം സിബിഐയെ ഏൽപ്പിക്കാൻ തീരുമാനിച്ചത്.
മെയ് അഞ്ചിന് 4,750 കേന്ദ്രങ്ങളിലായി നടന്ന പ്രവേശന പരീക്ഷയിൽ 24 ലക്ഷത്തോളം പേർ പങ്കെടുത്തു. ജൂൺ നാലിന് ഫലപ്രഖ്യാപനം വന്നതുമുതൽ, പേപ്പർ ചോർച്ച, റാങ്കുകളുടെ എണ്ണം, ഗ്രേസ് മാർക്ക് അനുവദിക്കുന്നതിലെ അപാകതകൾ, മറ്റ് ക്രമക്കേടുകൾ എന്നിവയിൽ എൻടിഎ കടുത്ത വിമർശനത്തിന് വിധേയമായിരുന്നു. വിവാദങ്ങൾക്കിടെ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) മേധാവി സുബോധ് കുമാറിനെ കേന്ദ്രം മാറ്റിയിരുന്നു. റിട്ട. ഐഎഎസ് ഓഫിസർ പ്രദീപ് സിങ് കരോളയ്ക്കാന് പകരം ചുമതല നൽകിയിരിക്കുന്നത്.