Politics | മൂന്നാമൂഴത്തില്‍ എൻഡിഎ സർക്കാരിന് തിരിച്ചടികളുടെ ഘോഷയാത്ര; പിന്നിലാര്?
* ബ്രോഡ്കാസ്റ്റിംഗ് സര്‍വീസസ് റെഗുലേഷന്‍ ബില്‍, വഖഫ് നിയമ ഭേദഗതി തുടങ്ങിയവയിൽ ശക്തമായ എതിര്‍പ്പുണ്ടായി.
അർണവ് അനിത
(KVARTHA) ഒന്നില്‍ പിഴച്ചാല്‍ മൂന്നില്‍ നേട്ടമെന്നാണ് നാട്ടുനടപ്പ്. എന്നാൽ മൂന്നാമൂഴത്തില്‍ മോദി സർക്കാരിന് കാര്യങ്ങൾ അത്ര ശുഭകരമല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഒരു ദശാബ്ദം കൊണ്ട് രാജ്യത്തെ ഏറെ പിന്നോട്ട് നയിച്ച ബിജെപി സര്‍ക്കാരിന്റെ അടിവേര്, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനം ഇളക്കിയതോടെ കൂട്ടുകക്ഷികളുടെ അനുമതിയില്ലാതെ ഒന്നും ചെയ്യാനാകാത്ത അവസ്ഥയാണുള്ളതെന്നാണ് പ്രതിപക്ഷം പരിഹസിക്കുന്നത്. ഇതോടെ സംഘപരിവാര്‍ അജണ്ടകള്‍ നടപ്പാക്കാനാകാതെ പിന്തിരിയുകയാണെന്നും പറയുന്നു.
പ്രതിപക്ഷമാകട്ടെ ഒരിഞ്ചുപോലും പിന്നാക്കം പോകാതെ ശക്തമായ പ്രതിരോധവുമായി രംഗത്തുണ്ട്. അതിനേക്കാള്‍ മോദിയേയും അമിത്ഷായേയും വലയ്ക്കുന്നത് ഘടകക്ഷികളായ ടിഡിപി, ജെഡിയു സമ്മര്‍ദ്ദമാണ്. ഇതോടെ ഒരു മാസത്തിനിടെ നാല് സുപ്രധാന തീരുമാനങ്ങള്‍ ചുരുട്ടിക്കെട്ടി സര്‍ക്കാരിന് ഓടേണ്ടിവന്നു. രാഷ്ട്രീയമായി വലിയ സമ്മര്‍ദ്ദവും തിരിച്ചടിയുമാണ് ബിജെപി നേരിട്ടുകൊണ്ടിരിക്കുന്നത്. ജെഡിയു ഭരിക്കുന്ന ബിഹാറിനും ടിഡിപി സര്‍ക്കാരുള്ള ആന്ധ്രയ്ക്കും ബജറ്റില്‍ വരിക്കോരി കൊടുത്തിട്ടും കരുണയില്ലാത്ത അവസ്ഥയാണുള്ളത്.
ഈ രണ്ട് പാര്‍ട്ടികളും മുസ്ലിങ്ങളെ ആശ്രയിക്കുന്നുണ്ട്. അതുകൊണ്ട് ന്യൂനപക്ഷ അവകാശങ്ങളെ ഹനിക്കുന്ന യാതൊന്നിനും അവര്‍ കൂട്ടുനില്‍ക്കില്ല. അതായത് ജനാധിപത്യവിരുദ്ധമായ കാര്യങ്ങള്‍ ഏകപക്ഷിയമായി അടിച്ചേല്‍പ്പിക്കാനാകുന്നില്ല, ഇതാണ് ജനാധിപത്യത്തിന്റെ മനോഹാരിത എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
ആര്‍എസ്എസ് തീരുമാനത്തിന്റെ ഭാഗമായി പാര്‍ലമെന്റില്‍ അവതരിപ്പിച്ച വഖഫ് നിയമഭേദഗതി, ധ്രുവ് റാഠിയെ പോലുള്ള യുട്യൂബര്‍മാര്‍ക്ക് മൂക്ക് കയറിടാന്‍ കൊണ്ടുവന്ന ബ്രോഡ്കാസ്റ്റിംഗ് സര്‍വീസസ് റെഗുലേഷന്‍ ബില്‍, ദീര്‍ഘകാല മൂലധന നേട്ടം ആനൂകൂല്യം ഒഴിവാക്കല്‍, ഉന്നത പദവികളിലെ കരാര്‍ നിയമനം എന്നീ തീരുമാനങ്ങളില്‍ നിന്ന് ഏറെ വൈമനസ്യത്തോടെ സർക്കാരിന് പിന്തിരിയേണ്ടിവന്ന കാഴ്ചയാണ് ഇന്ദ്രപ്രസ്ഥത്തില്‍ സംഭവിച്ചത്.
കേന്ദ്രസര്‍ക്കാര്‍ ജോയിന്റ് സെക്രട്ടറി, ഡയറക്ടര്‍, അടക്കമുള്ള ഉയര്‍ന്ന തസ്തികകളിലേക്ക് കരാര്‍ നിയനം നടത്താനുള്ള പത്രപരസ്യം യുപിഎസ് സി കഴിഞ്ഞയാഴ്ച നല്‍കിയത് ഏറെ വിവാദമായിരുന്നു. സംവരണം അട്ടിമറിച്ച്, ഉന്നത പദവികളില്‍ ഉന്നത ജാതിക്കാരെ മാത്രം തിരുകി കയറ്റാനുള്ള നീക്കമാണിതെന്നും സാമൂഹ്യനീതി അട്ടിമറിക്കുകയാണ് ലക്ഷ്യമെന്നും പ്രതിപക്ഷം ആക്ഷേപിച്ചു. മാത്രമല്ല രാജ്യവ്യാപക പ്രതിഷേധത്തിന് അവര്‍ തയ്യാറെടുക്കുകയും ചെയ്തു. മോദി മന്ത്രിസഭാംഗവും എല്‍ജെപി നേതാവുമായ ചിരാഗ് പാസ്വാനും അസംതൃപ്തി അറിയിച്ചു. ഇതിനോട് ഒട്ടും യോജിക്കാനാകില്ലെന്ന കാര്യം ജെഡിയു, ടിഡിപി നേതൃത്വം വ്യക്തമാക്കി. അതോടെ കേന്ദ്രത്തിന് തീരുമാനം ഉപേക്ഷിക്കേണ്ടിവന്നു.
ഭരണഘടന അട്ടിമറിക്കാനാണ് നരേന്ദ്രമോദി മൂന്നാംമൂഴത്തില്‍ ലക്ഷ്യമിടുന്നതെന്നും അതിന്റെ ഭാഗമായാണ് 400 സീറ്റ് മുന്നോട്ട് വെച്ചതെന്നും ഇന്ത്യ സഖ്യം ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ ആരോപിച്ചിരുന്നു. രാജ്യത്തെ ഭൂരിപക്ഷം വരുന്ന പിന്നാക്ക-ദളിത്-ആദിവാസി വിഭാഗങ്ങള്‍ ഇതോടെ ബിജെപിയില്‍ നിന്ന് അകലുകയും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം അവര്‍ക്ക് നഷ്ടമാവുകയും ചെയ്തു. ഈ രാഷ്ട്രീയ തിരിച്ചടി ഭയന്ന് കൂടിയാണ് മോദി സര്‍ക്കാര്‍ കരാര്‍ നിയമനം ഉപേക്ഷിച്ചതും ഉപസംവരണം നടപ്പാക്കില്ലെന്ന് അടിവരയിട്ട് പറഞ്ഞതും.
ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ മോദിക്കും ബിജെപിക്കും വലിയ വെല്ലുവിളി ഉയര്‍ത്തിയ മറ്റൊരു കൂട്ടരാണ് സമൂഹമാധ്യമങ്ങളും ഡിജിറ്റല്‍ മീഡിയയും. ധ്രുവ് റാഠിയെ പോലുള്ള സ്വതന്ത്ര വ്‌ളോഗര്‍മാരും യുട്യൂബര്‍മാരും കേന്ദ്രസര്‍ക്കാർ കെടുകാര്യസ്ഥതയും അഴിമതിയും കാട്ടുന്നതായി തെളിവുകള്‍ സഹിതം പുറത്തുവിട്ടിരുന്നു. അതും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചു. അങ്ങനെയാണ് അധികാരത്തിലേറിയതിന് പിന്നാലെ ബ്രോഡ്കാസ്റ്റിംഗ് സര്‍വ്വീസസ് റെഗുലേഷന്‍ ബില്‍ കൊണ്ടുന്നത്. ഇതിലെ കരട് തന്നെ വിവാദമായി. എഡിറ്റേഴ്‌സ് ഗില്‍ഡും പ്രതിപക്ഷവും സമൂഹമാധ്യമങ്ങളിലെ ഇന്‍ഫ്‌ലുവന്‍സര്‍മാരും കടുത്ത എതിര്‍പ്പ് അറിയിച്ചതോടെ, കൂടുതല്‍ പരിശോധന വേണമെന്ന് പറഞ്ഞ് കേന്ദ്രം പിന്‍വാങ്ങി.
ഇതിന് പിന്നാലെ വഖഫ് നിയമ ഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. മുസ്ലിം സമുദായത്തെയും വഖഫ് ബോര്‍ഡുകള്‍ക്ക് കീഴിലുള്ള സ്വത്തുക്കളെയും ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. അപകടം മണത്ത പ്രതിപക്ഷവും മുസ്ലിം സംഘടനകളും യാതൊരു കാരണവശാലും ഇത് അനുവദിക്കില്ലെന്നും ജനാധിപത്യവിരുദ്ധമാണെന്നും വ്യക്തമാക്കി. മോദിയുടെ കസേര താങ്ങിനിര്‍ത്തുന്ന ടിഡിപിയും ജെഡിയുവും കര്‍ശന നിലപാട് സ്വീകരിച്ചു. അതോടെ പാര്‍ലമെന്റിന്റെ സംയുക്തസമിതിക്ക് (ജെപിസി) ബില്‍ വിട്ട് കേന്ദ്രം പ്രതിഷേധം തണുപ്പിച്ചു. കഴിഞ്ഞ പത്ത് കൊല്ലമായി കാണാത്ത കാര്യങ്ങളാണ് പാര്‍ലമെന്റില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഏകപക്ഷീയമായ തീരുമാനങ്ങള്‍ ബിജെപിക്ക് എടുക്കാനാകുന്നെങ്കിലും നടപ്പാക്കാനാകാതെ നട്ടംതിരിയുകയാണ്.
ദീര്‍ഘകാല നേട്ടമായ മൂലധന നിക്ഷേപങ്ങള്‍ വില്‍ക്കുമ്പോഴുള്ള ആനുകൂല്യം കേന്ദ്രബജറ്റില്‍ ഒഴിവാക്കിയിരുന്നു. മധ്യവര്‍ഗം ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് നടത്തിയത്. അതോടെ സര്‍ക്കാര്‍ ധനബില്ലില്‍ ഭേദഗതി കൊണ്ടുവന്നു. ദീര്‍ഘകാല മൂലധന നേട്ടത്തിനുള്ള നികുതി വര്‍ദ്ധിപ്പിച്ചതാണ് ബിജെപിക്കാരെ പോലും ചൊടിപ്പിച്ചത്. അതോടെ മോഡി പിന്‍വാങ്ങി. അങ്ങനെ തിരിച്ചടികളുടെ ഘോഷയാത്രയുമായാണ് മൂന്നാം മോദി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.