NCT | കെ-പോപ്പ് ഗായകൻ ടേയിൽ എൻസിടിയിൽ നിന്ന് പുറത്ത്; ഹേച്ചൻ ഇൻസ്റ്റഗ്രാമിൽ നിന്ന് അൺഫോളോ ചെയ്തു


ടേയിൽ പൊലീസ് അന്വേഷണത്തിൽ പൂർണമായും സഹകരിക്കുന്നു.
സിയോൾ: (KVARTHA) കെ-പോപ്പ് ഗ്രൂപ്പായ എൻസിടി (NCT) യിൽ നിന്ന് ഗായകൻ ടേയിൽ പുറത്തായി. പ്രമുഖ ദക്ഷിണ കൊറിയൻ ബാൻഡാണിത്. ലൈംഗിക അതിക്രമ ആരോപണം ഉയർന്നതിന് പിന്നാലെയാണ് നടപടി. ടേയിലിന്റെ ഏജൻസിയായ എസ് എം എന്റർടൈൻമെന്റ് വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബുധനാഴ്ച വൈകുന്നേരം പുറത്തിറക്കിയ പ്രസ്താവനയിൽ, ടേയിൽ ഇനി എൻസിടിയുടെ ഭാഗമായിരിക്കില്ലെന്ന് ഏജൻസി അറിയിച്ചു. ലൈംഗിക അതിക്രമ ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ അദ്ദേഹം സഹകരിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
'ടേയിലിനെതിരെ ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട് ക്രിമിനൽ കേസിൽ പ്രതിചേർത്തിയിട്ടുണ്ടെന്ന് ഞങ്ങൾ അടുത്തിടെയാണ് അറിഞ്ഞത്. സംഭവത്തിന്റെ ഗൗരവം മനസിലാക്കി ടേയിലിന് ഇനി ടീമിനൊപ്പം (NCT) പ്രവർത്തനം തുടരാൻ കഴിയില്ലെന്നും ഞങ്ങൾ മനസ്സിലാക്കി. ടേയിലുമായി ചർച്ച നടത്തിയതിന് ശേഷം, അദ്ദേഹം ഗ്രൂപ്പിൽ നിന്ന് പുറത്തുപോകാൻ തീരുമാനിച്ചു', എസ് എം എന്റർടൈൻമെന്റ് അറിയിച്ചു.
ടേയിലിന് വേണ്ടിയും ഏജൻസി ഖേദം പ്രകടിപ്പിച്ചു. 'ടേയിൽ ഇപ്പോൾ പോലീസ് അന്വേഷണത്തിൽ പൂർണമായും സഹകരിക്കുന്നു. അന്വേഷണം പുരോഗമിക്കുന്നതനുസരിച്ച് ഞങ്ങൾ കൂടുതൽ പ്രസ്താവനകൾ നൽകും. ഞങ്ങളുടെ കലാകാരൻ മൂലമുണ്ടായ ആശങ്കയ്ക്കും വിഷമത്തിനും ഞങ്ങൾ ഖേദം പ്രകടിപ്പിക്കുന്നു', പ്രസ്താവനയിൽ പറയുന്നു.
അതേസമയം, മധുരമായ ശബ്ദവും ആകർഷകമായ ഡാൻസും കൊണ്ട് ആരാധകരെ വളരെ പെട്ടെന്ന് കീഴടക്കിയ ടേയിൽ പുറത്തുപോകുന്നതിൽ പോപ്പ് ഗ്രൂപ്പിന്റെ ആരാധകർ ഞെട്ടലിലാണ്. ടേയിലിന്റെ സഹപ്രവർത്തകനായ ഹേച്ചൻ ഇൻസ്റ്റാഗ്രാമിൽ അദ്ദേഹത്തെ അൺഫോളോ ചെയ്തു. മറ്റ് അംഗങ്ങളും സോഷ്യൽ മീഡിയയിൽ ടേയിലിനെ അൺഫോളോ ചെയ്‌തതായും റിപ്പോർട്ടുണ്ട്. അതേസമയം, ഈ സംഭവവികാസങ്ങളിൽ ടേയിൽ ഇതുവരെ പ്രസ്താവനയോ പ്രതികരണമോ പുറപ്പെടുവിച്ചിട്ടില്ല.